Quantcast

'പാലക്കാട് ഉയർത്തിപ്പിടിക്കുന്ന മതേതര രാഷ്ട്രീയത്തിനായാണ് പുതിയ ചുമതല'; വടകരയിലെ സ്ഥാനാർഥിത്വത്തിൽ ഷാഫി പറമ്പിൽ

പാർട്ടി തീരുമാനങ്ങൾക്ക് മുമ്പിൽ വ്യക്തിപരമായ താത്പര്യങ്ങൾക്ക് പ്രസക്തിയില്ലെന്നു ഷാഫി പറമ്പിൽ

MediaOne Logo

Web Desk

  • Updated:

    2024-03-08 14:49:31.0

Published:

8 March 2024 2:48 PM GMT

Shafi Parampil on Lok Sabha candidature in Vadakara
X

പാലക്കാട്: പാലക്കാട് ഉയർത്തിപ്പിടിക്കുന്ന മതേതര രാഷ്ട്രീയത്തിനായാണ് പുതിയ ചുമതലയെന്ന് വടകര ലോക്‌സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി ഷാഫി പറമ്പിൽ. പാലക്കാട്ടെ ജനങ്ങളോടുള്ള സ്‌നേഹം ഒരു കാലത്തും മറക്കാൻ കഴിയില്ലെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവർ തന്നെ ചേർത്തുനിർത്തിയതാണെന്നും മണ്ഡലത്തിൽനിന്നുള്ള എംഎൽഎ ഷാഫി പറമ്പിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മതേതര രാഷ്ട്രീയത്തിന്റെ ആവശ്യകത ഉയർത്തി പിടിക്കാനാണ് വടകരയിൽ തന്നെ സ്ഥാനാർഥിയാക്കിയതെന്നും അത് തനിക്കും പാലക്കാടിനും മനസ്സിലാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോൺഗ്രസും യുഡിഎഫും ശക്തിപ്പെടുകയെന്നാൽ ഇന്ത്യയെ ശക്തിപ്പെടുത്തലാണെന്നും ചൂണ്ടിക്കാട്ടി. ഓരോ പൊതുപ്രവർത്തകനും അതിനുള്ള ഉത്തരവാദിത്തമുണ്ടെന്നും അത് നിറവേറ്റാൻ ശ്രമിക്കുമെന്നും പറഞ്ഞു. നേതൃത്വം ഏൽപ്പിക്കുന്ന ചുമതല ഏറ്റെടുക്കുക എന്നതാണ് നിലവിലെ സാഹചര്യം ആവശ്യപ്പെടുന്നതെന്നും വടകരയിലെ ജനങ്ങൾ ഇതിനോടകം പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ഷാഫി വ്യക്തമാക്കി. എന്നാൽ പാലക്കാടുമായി ബന്ധം വിച്ഛേദിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു. പാർട്ടി തീരുമാനങ്ങൾക്ക് മുമ്പിൽ വ്യക്തിപരമായ താത്പര്യങ്ങൾക്ക് പ്രസക്തിയില്ലെന്നും ഷാഫി പറഞ്ഞു. ഇന്ത്യയിലെ ജനാധിപത്യത്തിന്റെ നിലനിൽപ്പിന് വേണ്ടി കോൺഗ്രസും യുഡിഎഫും ചുമതല ഏൽപ്പിച്ചാൽ അത് തന്റെ ജനാധിപത്യബോധമാണെന്നും വ്യക്തമാക്കി. വടകരയിൽ കെ.കെ ശൈലജ ടീച്ചറാണ് ഷാഫി പറമ്പിലിന്റെ എതിരാളി. നിലവിലെ എം.പി കെ. മുരളീധരൻ വരുന്ന തെരഞ്ഞെടുപ്പിൽ തൃശൂരിലാണ് മത്സരിക്കുന്നത്.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഇ. ശ്രീധരനുമായി കടുത്ത പോരാട്ടമാണ് ഷാഫി പറമ്പിൽ നടത്തേണ്ടി വന്നത്. 3859 വോട്ടിനായിരുന്നു ഷാഫിയുടെ വിജയം. 2016ൽ 17,483 വോട്ടിനായിരുന്നു വിജയിച്ചത്. സി.പി പ്രമോദായിരുന്നു സിപിഎം സ്ഥാനാർഥി.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 16 മണ്ഡലങ്ങളിലാണ് കേരളത്തിൽ കോൺഗ്രസ് സ്ഥാനാർഥികൾ മത്സരിക്കുന്നത്. തിരുവനന്തപുരം - ശശി തരൂർ, ആറ്റിങ്ങൽ - അടൂർ പ്രകാശ്, പത്തനംതിട്ട - ആന്റോ ആന്റണി, മാവേലിക്കര - കൊടിക്കുന്നിൽ സുരേഷ്, ആലപ്പുഴ - കെ.സി.വേണുഗോപാൽ, ഇടുക്കി - ഡീൻ കുര്യാക്കോസ്, എറണാകുളം - ഹൈബി ഈഡൻ, ചാലക്കുടി - ബെന്നി ബെഹനാൻ, തൃശൂർ - കെ. മുരളീധരൻ, ആലത്തൂർ - രമ്യ ഹരിദാസ്, പാലക്കാട് വി.കെ. ശ്രീകണ്ഠൻ, കോഴിക്കോട് - എം.കെ രാഘവൻ, വയനാട് - രാഹുൽ ഗാന്ധി, വടകര - ഷാഫി പറമ്പിൽ, കണ്ണൂർ - കെ. സുധാകരൻ, കാസർകോട് രാജ്മോഹൻ ഉണ്ണിത്താൻ എന്നിങ്ങനെയാണ് കേരളത്തിലെ സ്ഥാനാർഥികൾ.



TAGS :

Next Story