ഷാരൂഖ് സെയ്ഫിക്ക് നാളെ വീണ്ടും വൈദ്യപരിശോധന: പിന്നാലെ മജിസ്‌ട്രേറ്റിന് മുന്നിലെത്തിക്കും
നേരത്തേ നടത്തിയ വൈദ്യപരിശോധനയിൽ ഷാരൂഖിന്റേത് സാരമായ പൊള്ളലല്ലെന്ന് കണ്ടെത്തിയിരുന്നു
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ നാളെ വീണ്ടും വൈദ്യ പരിശോധനക്ക് ഹാജരാക്കും .ആരോഗ്യ നില മെച്ചപ്പെട്ടാൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് പൊലീസ് തീരുമാനം .എ.ഡി.ജി.പി എം.ആർ അജിത് കുമാർ ഫോറൻസിക് മേധാവിയുമായി മെഡിക്കൽ കോളേജിൽ എത്തി കൂടിക്കാഴ്ച്ച നടത്തി.
നാളത്തെ വൈദ്യപരിശോധനയ്ക്ക് ശേഷമേ തുടർ നടപടികൾ ഉണ്ടാകൂ എന്നാണ് വിവരം. ഇപ്പോഴുള്ള ആരോഗ്യനില മെച്ചപ്പെടുകയാണെങ്കിൽ അന്വേഷണസംഘം സെയ്ഫിക്കായി കസ്റ്റഡി അപേക്ഷ നൽകുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ ആശുപത്രിയിൽ തുടരുകയാണ്.
നേരത്തേ നടത്തിയ വൈദ്യപരിശോധനയിൽ ഷാരൂഖിന്റേത് സാരമായ പൊള്ളലല്ലെന്ന് കണ്ടെത്തിയിരുന്നു. ട്രെയിനിന് തീവെച്ചത് ഒറ്റയ്ക്കാണെന്നാണ് പ്രതി ഷാറൂഖ് സെയ്ഫിയുടെ പ്രാഥമിക മൊഴി. ആക്രമണത്തിന് ശേഷം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് മഹാരാഷ്ട്രയിലേക്ക് കടന്നതെന്നും ഷാരൂഖ് പൊലീസിന് മൊഴി നൽകി. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇയാളെ ചോദ്യം ചെയ്തു.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പ്രതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 6 മണിയോടെയാണ് എലത്തൂർ ട്രെയിൻ ആക്രമണക്കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ കോഴിക്കോട് മാലൂർ കുന്നിലെ എആർ ക്യാമ്പിലെത്തിച്ചത്.' തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ 5 മണിക്കൂർ ചോദ്യം ചെയ്യൽ. നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് പ്രതിയിൽ നിന്ന് ലഭിച്ചെന്നാണ് സൂചന.
താൻ ഒറ്റക്ക് കുബുദ്ധി കാരണം ചെയ്തതാണ് ട്രെയിൻ ആക്രമണം എന്നാണ് പ്രതി ഷാറൂഖ് സെയ്ഫി പൊലീസിന് നൽകിയ പ്രാഥമിക മൊഴി. ആക്രമണത്തിന് ശേഷം അതേ ട്രെയിനിൽ യാത്ര ചെയ്ത് കണ്ണൂരെത്തി പ്ലാറ്റ്ഫോമിൽ ഒളിച്ചിരുന്നു. തുടർന്ന് മഹാരാഷ്ട്രയിലേക്കുള്ള ട്രെയിനിൽ കയറി യെന്നും ഷാറൂഖ് പറയുന്നു.
ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ആക്രമണത്തിന്റെ ലക്ഷ്യം , പങ്കാളികളുണ്ടോ, തീവ്രബാധ ബന്ധമുണ്ടോ എന്നീ കാര്യങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ചോദ്യം ചെയ്യലിന് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തി. ഷാരൂഖിന്റെ കൈയ്യിൽ ഗുരുതരമല്ലാത്ത പൊള്ളലാണ് കണ്ടെത്തിയത്. എക്‌സ്‌റേ സ്കാൻ ഉൾപ്പെടെ വിശദമായ പരിശോധ നടത്തി. തുടർന്നാണ് ആശുപ്രതിയിൽ പ്രവേശിപ്പിക്കാൻ തീരുമാനിച്ചത്. പ്രതിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിന് ശേഷമേ വിശദമായ ചോദ്യം ചെയ്യലിലേക്കും തെളിവെടുപ്പിലേക്കും പൊലീസിന് കടക്കാനാവൂ.
Adjust Story Font
16