അതുല്യനേട്ടം; ഒന്നാം റാങ്കോടെ ഷഹീന് ഐ.എസ്.ആര്.ഒയിലേക്ക്
എം.ടെക് ബിരുദധാരികളിൽ നിന്ന് ഉന്നത മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ഐ.എസ്.ആർ.ഒ ഈ ജോലിക്ക് അപേക്ഷ ക്ഷണിക്കുന്നത്.
ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആര്.ഒയുടെ സയന്റിസ്റ്റ്-എന്‍ജിനീയര്‍ പരീക്ഷയില്‍ മലയാളിക്ക് അതുല്യനേട്ടം. മോങ്ങം സ്വദേശിയായ ഷഹീൻ ഒന്നാം റാങ്കോടെ ഐ.എസ്.ആര്.ഒയില്‍ ജോലിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നത്. എം.ടെക് ബിരുദധാരികളിൽ നിന്ന് ഉന്നത മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ഐ.എസ്.ആർ.ഒ ഈ ജോലിക്ക് അപേക്ഷ ക്ഷണിക്കുന്നത്. ഇവരിൽ നിന്ന് ചുരുക്കപട്ടികയിൽ ഇടം പിടിച്ച 35 പേരാണ് അഭിമുഖത്തിന് യോഗ്യത നേടിയിരുന്നത്. അഭിമുഖത്തിൽ പങ്കെടുത്തവരിൽ ഒന്നാമനായാണ് മോങ്ങത്ത് ജനിച്ച് സാധാരണ സ്കൂളിൽ പഠിച്ച ഷഹീൻ നേട്ടം കൈവരിച്ചത്.
ഡൽഹി ഐ.ഐ.ടിയിൽ നിന്നാണ് മെക്കാനിക്കൽ ഡിസൈനിങിൽ എം.ടെക് നേടിയത്. കൊട്ടൂക്കര പി.പി.എം ഹയർ സെക്കൻഡറി സ്കൂളിലെ പഠനശേഷം കോഴിക്കോട് എൻ.ഐ.ടിയിൽ നിന്ന് ബി.ടെക് ബിരുദം നേടി. പഠനവുമായി ബന്ധപ്പെട്ട പ്രോജക്റ്റുകൾ ചെയ്തത് ജർമനിയിലെ ടെക്നിക്കൽ യൂനിവേഴ്സിറ്റി ഓഫ് ഡ്രസ്റ്റനിലാണ്. ആന്ധ്രയിലെ ഗ്വാളിയോർ റയോൺസിൽ മെക്കാനിക്കൽ എൻജിനിയറായിരുന്ന അബൂബക്കറിന്റെയും മോങ്ങം എ.എം യു.പി സ്കൂൾ അധ്യാപികയായിരുന്ന ഹഫ്സത്തിന്റെയും മകനാണ്.
പഠിക്കുന്ന കാലത്തെ സ്വപ്നത്തിന് പിറകെ യാത്ര തിരിച്ചുവെങ്കിലും ഐ.എസ്.ആർ.ഒയിൽ ജോലി ചെയ്യാൻ അവസരം ലഭിച്ചത് വലിയ ഭാഗ്യമായി കരുതുന്നതായി ഷഹീൻ പറഞ്ഞു. ഭാര്യ ശബീബ ചെന്നൈയിൽ ഡാറ്റ അനലിസ്റ്റാണ്. സഹോദരൻ ഷംസുദ്ദീൻ ഹൈദരാബാദ് നിസാം ഇൻസ്റ്റിറ്റ്യൂട്ടിൽ വൃക്കരോഗ വിദഗ്ധനാണ്. സഹോദരി ഹസ്ന ബീഗം കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ശ്വാസകോശരോഗ വിദഗ്ധയാണ്.
Adjust Story Font
16