ഹമാസ് പോരാളികൾ ഭീകരരെന്ന് ശൈലജ ടീച്ചർ; ഇസ്രായേൽ ഭീകരതയിൽ സഹികെട്ട് നടത്തിയ ആക്രമണമെന്ന് എം.എ ബേബി
'ഗോലിയാത്തിനെതിരെ ദാവീദ് നടത്തിയ പോരാട്ടം പോലെ' എന്നാണ് ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണത്തെ എം.എ ബേബി വിശേഷിപ്പിച്ചത്.
കോഴിക്കോട്: ഹമാസ് പോരാളികളെ ഭീകരരെന്ന് വിശേഷിപ്പിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജ ടീച്ചർ. ഇസ്രായേലിന്റെ ജനവാസ മേഖലയിൽ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ മനഃസാക്ഷിയുള്ളവരെല്ലാം അപലപിക്കുമെന്ന് അവർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
1948 മുതൽ ഫലസ്തീൻ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇതേ രീതിയിലുള്ള ഭീകരതയാണെന്നും ശൈലജ ടീച്ചർ പറഞ്ഞു. അതിന് കാരണക്കാർ ഇസ്രായേലും അവരെ പിന്തുണയ്ക്കുന്ന സാമ്രാജ്യത്വ ശക്തികളുമാണെന്ന യാഥാർഥ്യം മറച്ചുവെക്കാനാവില്ല. മുതലാളിത്ത ലാഭക്കൊതിയുടെ സൃഷ്ടിയായ യുദ്ധങ്ങളിൽ പിടഞ്ഞുവീഴുന്ന മനുഷ്യരെ നോക്കി നെടുവീർപ്പിടുക മാത്രമല്ല, പ്രതിഷേധിക്കുക കൂടി ചെയ്യണമെന്നും ശൈലജ ടീച്ചർ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
അധികാരഭ്രാന്തിന്റെയും പണക്കൊതിയുടെയും അനന്തരഫലമാണ് യുദ്ധങ്ങൾ.നിഷ്കളങ്കരായ അനേകം മനുഷ്യർ ഓരോ യുദ്ധത്തിലും കുരുതി കൊടുക്കപ്പെടുന്നു.ബോംബാക്രമണത്തിൽ പൊള്ളിക്കരിഞ്ഞ കുഞ്ഞുടലുകൾ നമ്മുടെ ഉറക്കം കെടുത്തുന്നു.ഇസ്രയേലിന്റെ ജനവാസ മേഖലയിൽ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ മന:സ്സാക്ഷിയുള്ളവരെല്ലാം അപലപിക്കും. അതോടൊപ്പം 1948 മുതൽ പലസ്തീൻ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇതേ തോതിലുള്ള ഭീകരതയാണെന്നും അതിനു കാരണക്കാർ ഇസ്രയേലും അവർക്ക് പിന്തുണ നൽകുന്ന സാമ്രാജ്യത്വ ശക്തികളുമാണെന്ന യാഥാര്ഥ്യം മറച്ചുവെക്കാൻ കഴിയില്ല. മുതലാളിത്ത ലാഭക്കൊതിയുടെ സൃഷ്ടിയായ യുദ്ധങ്ങളിൽ പിടഞ്ഞുവീഴുന്ന മനുഷ്യരെ നോക്കി നെടുവീർപ്പിടുക മാത്രമല്ല പ്രതിഷേധിക്കുക കൂടി ചെയ്യുകയാണ് നമ്മുടെ ഉത്തരവാദിത്വം
സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയുടെ നിലപാടിന് വിരുദ്ധമായ നിലപാടാണ് ശൈലജ ടീച്ചർ സ്വീകരിച്ചിരിക്കുന്നത്. ഫലസ്തീൻ ജനതക്ക് നേരെ പതിറ്റാണ്ടുകളായി ഇസ്രായേൽ നടത്തിവരുന്ന ഫാഷിസ്റ്റ് ആക്രമണങ്ങളും ഫലസ്തീൻ പ്രദേശങ്ങൾ തുടർച്ചയായി കയ്യേറി സയണിസ്റ്റ് കുടിയേറ്റം ഉറപ്പിക്കുന്നതും കുറേക്കാലമായി ലോകം കണ്ടില്ലെന്ന് നടിക്കുകയായിരുന്നുവെന്നും അതിനോടുള്ള സഹികെട്ട പ്രതികരണമാണ് ഹമാസ് നടത്തിയ ആക്രമണമെന്നുമാണ് ബേബി രണ്ട് ദിവസം മുമ്പ് പറഞ്ഞിരുന്നത്.
ഗോലിയാത്തിനെതിരെ ദാവീദ് നടത്തിയ പോരാട്ടമെന്നാണ് ബേബി ഹമാസിന്റെ ആക്രമണത്തെ വിശേഷിപ്പിച്ചത്. ഇസ്രായേൽ അതിർത്തി തകർത്ത് ഫലസ്തീൻ പോരാളികൾ ഇസ്രായേലിനുള്ളിൽ കടന്നുചെന്ന് ആക്രമണം നടത്തിയത് അവർക്കായില്ല. ഇത് ഇസ്രായേലിന്റെ മുഖത്തേറ്റ കനത്ത അടിയാണെന്നും ബേബി വിശേഷിപ്പിച്ചിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പലസ്തീൻ ജനതക്കു നേരെ പതിറ്റാണ്ടുകളായി ഇസ്രായേൽ നടത്തിവരുന്ന ഫാസിസ്റ്റ് അക്രമങ്ങളും പലസ്തീനി പ്രദേശങ്ങൾ തുടർച്ചയായി കയ്യേറുന്നതും അവിടെ ബലാൽക്കാരേണ സയണിസ്റ്റ് കുടിയേറ്റം ഉറപ്പിക്കുന്നതും കുറേക്കാലമായി ലോകം ഫലത്തിൽ അംഗീകരിക്കുന്നവിധം കണ്ടില്ലെന്നു നടിച്ചുവരികയായിരുന്നു. അതിനോടുള്ള ഒരു സഹികെട്ട പ്രതികരണമാണ് ഹമാസ് ഇസ്രയേലിനെതിരെ ഇന്നു വെളുപ്പിന് ആരംഭിച്ച യുദ്ധം. വലിയ സൈനികശക്തിയായ ഇസ്രായേൽ തന്നെ ഒരുപക്ഷേ ഈ യുദ്ധത്തിൽ അമേരിക്കൻ പിന്തുണയോടെ ജയിച്ചേക്കാം. ഗസ്സ പ്രദേശത്ത് വലിയ നാശനഷ്ടം ഉണ്ടാക്കാനും അവർക്ക് ശേഷിയുണ്ട്. പാശ്ചാത്യരാജ്യങ്ങളെല്ലാം, യുഎസ്എയും ഫ്രാൻസും ഇംഗ്ലണ്ടും ജർമനിയും ഒക്കെ പലസ്തീനികൾക്കെതിരെ ഇസ്രയേലിനൊപ്പം രംഗത്ത് വന്നിട്ടുണ്ട്. സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷമുള്ള ഏകധ്രുവലോകത്ത് ഏറെക്കുറെ പാശ്ചാത്യ ശക്തികളുടെ തന്നിഷ്ടം മാത്രമാണ് നടക്കുന്നത് എന്നതാണ് സാഹചര്യം.
എന്നാലും 2006ലെ യുദ്ധത്തിനുശേഷം പലസ്തീനികളിൽ നിന്ന് ഇസ്രയേൽ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് ഇന്ന് നടന്നത്. ഗോലിയാത്തിനെതിരെ ദാവീദ് നടത്തിയ പോരാട്ടം പോലെ. ആയിരക്കണക്കിന് റോക്കറ്റുകളാണ് ഗസ്സയിൽ നിന്ന് ഇസ്രയേലിനെതിരെ തൊടുത്തു വിട്ടത്. ഇസ്രായേൽ അതിർത്തി തകർത്ത് പാലസ്തീൻ പോരാളികൾ ഇസ്രയേലിനുള്ളിൽ കടന്നുചെന്ന് ആക്രമണം നടത്തി. ഇതിൽ നൂറു കണക്കിന് ഇസ്രായേലികൾ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ഇസ്രായേലികൾക്ക് പരിക്ക് പറ്റി. പട്ടാളക്കാർ ഉൾപ്പെടെ മുപ്പത്തഞ്ചോളം ഇസ്രായേലികളെ ഹമാസ് യുദ്ധത്തടവുകാരായി പിടിച്ചിട്ടുമുണ്ട്.
മാസങ്ങൾ എടുത്തിട്ടുണ്ടാവണം ഈ പ്രത്യാക്രമണയുദ്ധത്തിന്റെ ആസൂത്രണത്തിന്. അത് ഇസ്രായേലിന്റെ പുകഴ്ത്തപ്പെട്ട രഹസ്യാന്വേഷണ ഏജൻസി മൊസാദിനോ സുപ്രസിദ്ധമായ റോക്കറ്റ് പ്രതിരോധ സംവിധാനമായ 'അയൺ ഡോമി'നോ തടയാൻ ആയില്ല എന്നത് ഇസ്രായേലിന്റെ മുഖത്ത് ഏറ്റ കനത്ത അടിയാണ്.
മക്കയും മദീനയും കഴിഞ്ഞാൽ ഇസ്ലാമിന്റെ ഏറ്റവും പ്രധാനപ്പെട്ട വിശുദ്ധ സ്ഥലമായ കിഴക്കൻ യെരൂശലേമിലെ അൽ അക്സ പള്ളിയിൽ ജൂതതീവ്രവാദികൾ നടത്തിയ കടന്നുകയറ്റങ്ങൾ ആണ് ഇപ്പോഴത്തെ യുദ്ധത്തിന് പ്രകോപനമായത്. ഇസ്രായേൽ പലസ്തീനികൾക്ക് നേരെ നടത്തുന്ന അടിച്ചമർത്തലും അക്രമവും അവരുടെ പ്രദേശങ്ങൾ കയ്യേറി വച്ചിരിക്കുന്നതും അവസാനിപ്പിച്ച് സമാധാന ചർച്ചയിലേക്ക് വരികയാണ് വേണ്ടത്. പലസ്തീനികളുടെ ദീർഘകാല സുഹൃത്ത് ആയ ഇന്ത്യ അവിടത്തെസമാധാനത്തിനുള്ള മുൻകൈ എടുക്കുകയും വേണം.
Adjust Story Font
16