'വനിതകൾക്കും ന്യൂനപക്ഷങ്ങൾക്കും മതിയായ പരിഗണന ലഭിച്ചില്ല'; കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിനെതിരെ ഷമാ മുഹമ്മദ്
പാലക്കാട് നിന്നുള്ള എംഎൽഎയെയാണ് വടകരയിൽ സ്ഥാനാർഥിയാക്കിയതെന്നും തൊട്ടടുത്തുള്ള ന്യൂനപക്ഷക്കാരെ പരിഗണിക്കാമായിരുന്നുവെന്നും ഷമ
കണ്ണൂർ: കോൺഗ്രസ് സ്ഥാനാർഥിനിർണയത്തിൽ അതൃപ്തി തുറന്നുപറഞ്ഞ് വക്താവ് ഷമാ മുഹമ്മദ്. സ്ഥാനാർഥി നിർണയത്തിൽ വനിതകൾക്കും ന്യൂനപക്ഷങ്ങൾക്കും മതിയായ പരിഗണന ലഭിച്ചില്ലെന്ന് അവർ കുറ്റപ്പെടുത്തി. 50 ശതമാനം സ്ത്രീ പ്രാതിനിധ്യം എന്നായിരുന്നു രാഹുൽഗാന്ധിയുടെ പ്രസ്താവനയെന്നും കഴിഞ്ഞതവണ രണ്ടു വനിതകൾ മത്സര രംഗത്ത് ഉണ്ടായിരുന്നെങ്കിൽ ഇത്തവണ ഒന്നായി കുറഞ്ഞുവെന്നും അവർ ചൂണ്ടിക്കാട്ടി.
പാലക്കാട് നിന്നുള്ള എംഎൽഎയെയാണ് വടകരയിൽ സ്ഥാനാർഥിയാക്കിയതെന്നും തൊട്ടടുത്തുള്ള ന്യൂനപക്ഷക്കാരെ പരിഗണിക്കാമായിരുന്നുവെന്നും ഷമ പറഞ്ഞു. മാഹിയിലും തലശ്ശേരിയിലും തനിക്ക് ഏറെ കുടുംബ ബന്ധങ്ങളുണ്ടെന്നും അവർ ഓർമിപ്പിച്ചു. വടകരയിൽ ഷാഫി പറമ്പിലാണ് കോൺഗ്രസിനായി മത്സരിക്കുന്നത്. കെ.കെ ശൈലജ ടീച്ചറാണ് എൽഡിഎഫ് സ്ഥാനാർഥി.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 16 മണ്ഡലങ്ങളിലാണ് കേരളത്തിൽ കോൺഗ്രസ് സ്ഥാനാർഥികൾ മത്സരിക്കുന്നത്. തിരുവനന്തപുരം - ശശി തരൂർ, ആറ്റിങ്ങൽ - അടൂർ പ്രകാശ്, പത്തനംതിട്ട - ആന്റോ ആന്റണി, മാവേലിക്കര - കൊടിക്കുന്നിൽ സുരേഷ്, ആലപ്പുഴ - കെ.സി.വേണുഗോപാൽ, ഇടുക്കി - ഡീൻ കുര്യാക്കോസ്, എറണാകുളം - ഹൈബി ഈഡൻ, ചാലക്കുടി - ബെന്നി ബെഹനാൻ, തൃശൂർ - കെ. മുരളീധരൻ, ആലത്തൂർ - രമ്യ ഹരിദാസ്, പാലക്കാട് വി.കെ. ശ്രീകണ്ഠൻ, കോഴിക്കോട് - എം.കെ രാഘവൻ, വയനാട് - രാഹുൽ ഗാന്ധി, വടകര - ഷാഫി പറമ്പിൽ, കണ്ണൂർ - കെ. സുധാകരൻ, കാസർകോട് രാജ്മോഹൻ ഉണ്ണിത്താൻ എന്നിങ്ങനെയാണ് കേരളത്തിലെ സ്ഥാനാർഥികൾ.
Adjust Story Font
16