Quantcast

"അറിവില്ലായ്മ തെറ്റല്ല, എന്നാൽ അറിഞ്ഞുകൊണ്ട് അറിവില്ലായ്മ നടിക്കുന്നത് അപരാധമാണ്"; ഗണേഷ് കുമാറിന് മറുപടിയുമായി ഷമ്മി തിലകന്‍

അഡ്വ.ബോറിസ് പോളിന്‍റെ പോസ്റ്റ് പങ്കുവച്ചാണ് ഷമ്മി ഗണേഷ് കുമാറിന് മറുപടി നല്‍കിയത്

MediaOne Logo

Web Desk

  • Updated:

    2022-06-29 06:52:15.0

Published:

29 Jun 2022 6:51 AM GMT

അറിവില്ലായ്മ തെറ്റല്ല, എന്നാൽ അറിഞ്ഞുകൊണ്ട് അറിവില്ലായ്മ നടിക്കുന്നത് അപരാധമാണ്; ഗണേഷ് കുമാറിന് മറുപടിയുമായി ഷമ്മി തിലകന്‍
X

താന്‍ നാട്ടുകാര്‍ക്ക് ശല്യമാണെന്ന ഗണേഷ് കുമാര്‍ എം.എല്‍.എ യുടെ ആരോപണത്തിന് മറുപടിയുമായി ഷമ്മി തിലകന്‍. അറിവില്ലായ്മ ഒരു തെറ്റല്ല എന്നും എന്നാൽ അറിഞ്ഞുകൊണ്ട് അറിവില്ലായ്മ നടിക്കുന്നത് അപരാധമാണെന്നും ഷമ്മി ഫേസ്ബുക്കില്‍ കുറിച്ചു. അഡ്വ.ബോറിസ് പോളിന്‍റെ പോസ്റ്റ് പങ്കുവച്ചാണ് ഷമ്മി ഗണേഷ് കുമാറിന് മറുപടി നല്‍കിയത്.

ഗണേഷ് കുമാർ തനിക്കെതിരെ നടത്തിയ പ്രസ്താവന അസംബന്ധമാണെന്ന് ഷമ്മി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഗണേഷ് കുമാറിന്‍റെ ബന്ധുവായ ഡി.വൈ.എസ്.പി യാണ് തനിക്കെതിരെ കേസുകൾ ഉണ്ടാക്കിയത്. 'അമ്മ' മാഫിയാ സംഘമാണെന്ന് ഗണേഷ് കുമാർ തന്നെ പറഞ്ഞതാണ്. അപ്പപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവരാണ് അമ്മ സംഘടനയിൽ ഉള്ളവരെന്ന് പറഞ്ഞത് ഗണേഷ് കുമാറാണെന്നും ഷമ്മി തിലകൻ ആരോപിച്ചു.

അഡ്വ.ബോറിസ് പോളിന്‍റെ കുറിപ്പ്

ഗണേഷിൻ്റേത് പച്ചക്കള്ളം! സത്യം ഷമ്മിക്കൊപ്പം! ഷമ്മി തിലകൻ നാട്ടുകാർക്ക് ശല്യമെന്ന ഗണേഷ്കുമാറിൻ്റെ വാക്കുകൾ പച്ചക്കള്ളം! ശരിയാണ്..... ഷമ്മി തിലകൻ ശല്യമായിരുന്നു. നാട്ടുകാർക്കല്ല! പിന്നെ ആർക്കാണ് ശല്യം? നാട്ടുകാരുടെ സ്വൈര്യജീവിതം തടസ്സപ്പെടുത്തിയ സമീപത്തെ ഷോപ്പിംഗ് മാളുകാരന്. മാളുകാരനെതിരെ നടപടിക്ക് മടിച്ച കൊല്ലം കോർപ്പറേഷന്. മാളുകാരനെതിരെ നടപടിയെടുക്കാത്ത മലിനീകരണ നിയന്ത്രണ ബോർഡിന്. മാളുകാരനെതിരെ കേസെടുക്കാതിരുന്ന പോലീസിന്. മാളുകാരന് വേണ്ടി ഷമ്മിക്കും മൈനറായിരുന്ന മകനുമെതിരെ കള്ളക്കേസ് എടുത്ത പോലീസിന്. അങ്ങനെ നിയമലംഘനം നടത്തിയവർക്കെല്ലാം ഷമ്മി ശല്യം തന്നെയായിരുന്നു.

പിന്നെ നാട്ടുകാർ.... ആ പ്രദേശത്ത് ആകെ ഒൻപത് കുടുംബങ്ങൾ. അവരും ഷമ്മിയും ഒന്നിച്ച് നിന്നാണ് മാളുകാരനെതിരെ കേസുകൾ നടത്തി വിജയിച്ചത്. അതുകൊണ്ട് ഞാൻ ഉറപ്പിച്ച് പറയുന്നു. ഗണേശൻ പറഞ്ഞത് പച്ചക്കള്ളം! സത്യം ഷമ്മിക്കൊപ്പം. ഇതൊക്കെ തനിക്കെങ്ങനെയറിയാം എന്ന് എന്നോട് ചോദിച്ച് സമയം കളയണ്ട. ആ കേസുകളിൽ ഷമ്മി തിലകൻ്റെയും മലയാളത്തിൻ്റെ മഹാനടനായ സുരേന്ദ്രനാഥ തിലകൻ്റേയും വക്കാലത്ത് എനിക്കായിരുന്നു.


TAGS :

Next Story