ഷാൻ വധക്കേസ്: ആലപ്പുഴയിലെ ആർ.എസ്.എസ് കാര്യാലയത്തിൽ തെളിവെടുപ്പ്
കേസിലെ പ്രതികള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കാര്‍ നേരത്തെ കണ്ടെത്തിയിരുന്നു. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് കാര്‍ കണ്ടെത്തിയിരുന്നത്.
എസ്.ഡി.പി.ഐ നേതാവ് ഷാൻ വധക്കേസിലെ പ്രതികളുമായി ആലപ്പുഴയിലെ ആര്‍.എസ്.എസ് കാര്യാലയത്തിൽ പൊലീസിന്റെ തെളിവെടുപ്പ്. ഷാൻ വധക്കേസുമായി ബന്ധപ്പെട്ട് രണ്ട് ആർ.എസ്.എസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടുപേരും ഒളിവിൽ കഴിഞ്ഞിരുന്നത് ഇവിടെയാണ്. കേസിലെ പ്രതികള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കാര്‍ നേരത്തെ കണ്ടെത്തിയിരുന്നു. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് കാര്‍ കണ്ടെത്തിയിരുന്നത്.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഏഴരയോടെ മണ്ണഞ്ചേരിയില്‍ വെച്ചാണ് എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറിയായ കെ.എസ്. ഷാനെ ആക്രമിച്ചത്. മണ്ണഞ്ചേരി പൊന്നാടുള്ള വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുമ്പോള്‍ കാറിലെത്തിയ സംഘം ഷാനെ വെട്ടി വീഴ്ത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ പ്രസാദ്, കുട്ടന്‍ എന്ന രതീഷ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി ആലപ്പുഴ എസ്.പി. ജി. ജയദേവ് അറിയിച്ചിരുന്നു.
അതേസമയം ആലപ്പുഴയിലെ ഇരട്ടകൊലപാതകങ്ങളിലെ പ്രതികൾ സംസ്ഥാനം വിട്ടെന്ന് എഡിജിപി വിജയ്‌സാക്കറെ പറഞ്ഞു. പ്രതികൾക്കുള്ള തെരച്ചിൽ സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ സ്ഥലങ്ങളിലും പരിശോധന ഊർജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രഞ്ജിത്ത് വധക്കേസിലെയും ഷാൻ വധക്കേസിലെയും പ്രതികളാണ് സംസ്ഥാനം വിട്ടത്.
Adjust Story Font
16