Quantcast

'ഷാനിന്റെ കൊലപാതകികൾ രക്ഷപ്പെട്ടത് സേവാ ഭാരതിയുടെ ആംബുലൻസിൽ'; ആരോപണവുമായി പോപുലർ ഫ്രണ്ട്

"സംസ്ഥാനത്തെ കലാപഭൂമിയാക്കാൻ ശ്രമിക്കുന്ന കെ സുരേന്ദ്രനെയും അതിന് ചുക്കാൻ പിടിക്കുന്ന വിത്സൻ തില്ലങ്കേരിയെയും അറസ്റ്റു ചെയ്ത് ജയിലിടക്കണം"

MediaOne Logo

abs

  • Published:

    23 Dec 2021 7:07 AM GMT

ഷാനിന്റെ കൊലപാതകികൾ രക്ഷപ്പെട്ടത് സേവാ ഭാരതിയുടെ ആംബുലൻസിൽ; ആരോപണവുമായി പോപുലർ ഫ്രണ്ട്
X

കോഴിക്കോട്: ഷാൻ വധക്കേസിലെ പ്രതികൾ സേവാഭാരതിയുടെ ആംബുലൻസിലാണ് രക്ഷപ്പെട്ടതെന്ന് പോപുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ. മാസങ്ങൾ നീണ്ട ഗൂഢാലോചനയ്ക്ക് ഒടുവിലാണ് ഷാൻ കൊല്ലപ്പെട്ടത് എന്നും കോഴിക്കോട്ട് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ബിജെപി ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തുകയാണ് എന്നും സത്താർ പറഞ്ഞു.

'24 സ്ഥലങ്ങളിൽ ഭീകരപ്രവർത്തനം നടക്കുന്നു എന്നാണ് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ പേരെടുത്തു പറഞ്ഞത്. ഇവിടെയെല്ലാം മുസ്ലികള്‍ക്കെതിരെ കലാപങ്ങളുണ്ടാക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണോ ഇതെന്ന് ഞങ്ങൾ സംശയിക്കുന്നു. അതിനായി നുണ പ്രചാരണം നടത്തുകയാണ്. നിരന്തരമായി ഇത് ആവർത്തിക്കുന്നു. ആലപ്പുഴയിൽ ആംബുലൻസിൽ വന്ന് കലാപമുണ്ടാക്കി എന്ന് പറയുന്നു. ഷാന്റെ മയ്യിത്ത് കൊണ്ടു പോയ ആംബുലൻസിനെ കുറിച്ചാണ് പറയുന്നത്. എന്നാൽ ഷാന്റെ കൊലപാതകികൾ രക്ഷപ്പെട്ടത് സേവാ ഭാരതിയുടെ ആംബുലൻസിലാണ്.' - സത്താർ ആരോപിച്ചു.

'സേവാ ഭാരതിയുടെ ആംബുലൻസാണ് ആർഎസ്എസ് ഈ കലാപങ്ങൾ ഉപയോഗിക്കുന്നത്. ഇവയിൽ ആയുധം കടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പറവൂരിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലേക്ക് ആംബുലൻസിൽ ബിജെപിക്കാർ തോക്കുമായി വന്നു. ജനങ്ങൾ പിടിച്ച് പൊലീസിലേൽപ്പിക്കുകയാണ് ചെയ്തത്. കലാപമുണ്ടാക്കാൻ തങ്ങൾ എന്താണോ ചെയ്യുന്നത് അത് മറ്റുള്ളവരുടെ മേൽ ആരോപിക്കുകയാണ് ബിജെപി ചെയ്യുന്നത്. സംസ്ഥാനത്തെ കലാപഭൂമിയാക്കാൻ ശ്രമിക്കുന്ന കെ സുരേന്ദ്രനെയും അതിന് ചുക്കാൻ പിടിക്കുന്ന വിത്സൻ തില്ലങ്കേരിയെയും അറസ്റ്റു ചെയ്ത് ജയിലിടക്കണം' - അദ്ദേഹം ആവശ്യപ്പെട്ടു.

ബിജെപിയെ സഹായിക്കുന്ന സമീപനമാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും അദ്ദേഹം ആരോപിച്ചു. സുരേന്ദ്രന്റെ കൊലവിളി പ്രസംഗത്തിനെതിരെ പൊലീസ് കൃത്യമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതിനിടെ, ആലപ്പുഴയിലെ ഇരട്ടകൊലപാതങ്ങളിലെ പ്രതികൾ സംസ്ഥാനം വിട്ടെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു. പ്രതികൾക്കുള്ള തെരച്ചിൽ സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചെന്നും എഡിജിപി വെളിപ്പെടുത്തി.

രഞ്ജിത്ത് വധക്കേസിലെയും ഷാൻ വധക്കേസിലെയും പ്രതികളാണ് സംസ്ഥാനം വിട്ടത്. നിലവിൽ ഇരു കൊലപാതകങ്ങളിലും നേരിട്ട് പങ്കെടുത്ത ആരെയും പൊലീസിന് പിടികൂടാൻ സാധിച്ചിട്ടില്ല. പ്രതികൾക്ക് സഹായം നൽകിയവർ മാത്രമാണ് ഇപ്പോൾ കസ്റ്റഡിയിലുള്ളത്. സംസ്ഥാനം വിട്ടപ്രതികളുടെ പിന്നാലെ തന്നെ പൊലീസുണ്ട്. രൺജീത്ത് വധക്കേസിൽ നേരിട്ട് പങ്കെടുത്ത 12 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.ഗൂഢാലോചന സംബന്ധിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതിനെ കുറിച്ച് കൂടുതൽ ഇപ്പോൾ പുറത്തുവിടൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ കുറിച്ച് വിശദമായി അന്വേഷണം നടക്കുന്നുണ്ട്. തെളിവിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഗൂഢാലോചന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയൊള്ളൂ . എസ്.ഡി.പി.ഐ പ്രവർത്തകരുടെ വീടുകൾ പൊലീസ് ആക്രമിക്കുന്നുവെന്ന പരാതി തെറ്റാണെന്നും പ്രതികളെ പിടികൂടാനുള്ള തെരച്ചിൽ മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story