Quantcast

ഷാരോൺ രാജിന്റെ കൊലപാതകം: ഗ്രീഷ്മയെ കുടുക്കിയത് മൊഴികളിലെ വൈരുദ്ധ്യവും ഫൊറൻസിക് സർജന്റെ നിഗമനവും

വിഷ പദാർഥങ്ങളൊന്നും കഴിച്ചിട്ടില്ലെന്നും ആരെയും സംശയമില്ലെന്നുമാണ് മരിക്കുന്നതിന് തൊട്ടുമുമ്പും ഷാരോൺ മൊഴി നൽകിയത്. ഈ മൊഴികളാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തെ മന്ദഗതിയിലാക്കിയത്.

MediaOne Logo

Web Desk

  • Published:

    31 Oct 2022 1:03 AM GMT

Sharon murder case accused Greeshma released from jail
X

തിരുവനന്തപുരം: ഷാരോൺ രാജ് കൊലക്കേസിൽ ഗ്രീഷ്മയെ കുടുക്കിയത് മൊഴികളിലെ വൈരുദ്ധ്യവും ഫൊറൻസിക് സർജന്റെ നിഗമനവും. ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തിൽ ഒഴിഞ്ഞു മാറിയെങ്കിലും ഒടുവിൽ കുറ്റം സമ്മതിക്കുകയായിരുന്നു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ വീഴ്ചയില്ലെന്ന പൊലീസ് നിലപാടിന് ബലം നൽകുന്നതാണ് കേസിന്റെ നാൾവഴികൾ.

വിഷ പദാർഥങ്ങളൊന്നും കഴിച്ചിട്ടില്ലെന്നും ആരെയും സംശയമില്ലെന്നുമാണ് മരിക്കുന്നതിന് തൊട്ടുമുമ്പും ഷാരോൺ മൊഴി നൽകിയത്. ഈ മൊഴികളാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തെ മന്ദഗതിയിലാക്കിയത്. എന്നാൽ പോസ്റ്റ്‌മോർട്ടം നടത്തിയ ഫൊറൻസിക് സർജന്റെ നിഗമനം കേസിൽ നിർണായകമാവുകയായിരുന്നു.

ഡോക്ടർ സംശയിച്ച തരത്തിൽ ഷാരോൺ ഛർദിച്ചെന്ന സുഹൃത്തിന്റെ മൊഴി വിരൽ ചൂണ്ടിയത് ഗ്രീഷ്മയിലേക്ക്. തുടർന്ന് ഗ്രീഷ്മയുടെ മൊഴി വീണ്ടും പരിശോധിച്ചു. കുടിക്കാൻ നൽകിയ മരുന്ന് ആദ്യം കോകിലാക്ഷ കഷായമെന്നും പിന്നീട് കദളീകൽപ രസായനമെന്നും മാറ്റി പറഞ്ഞതോടെ സംശയം ബലപ്പെട്ടു. മരുന്ന് സൂക്ഷിച്ചിരുന്ന കുപ്പി ആക്രിക്ക് വിറ്റെന്ന ആദ്യ മൊഴി മാറ്റി പറഞ്ഞതും ഗ്രീഷ്മയ്ക്ക് വിനയായി. ശനിയാഴ്ച വൈകിട്ട് എഡിജിപി എം.ആർ അജിത്ത് കുമാർ വിളിച്ച അവലോകന യോഗത്തിൽ ഒരു കാര്യം ഉറപ്പിച്ചു. ഷാരോണിന്റേത് കൊലപാതകം. ഇന്നലെ രാവിലെ എസ്.പി ഓഫീസിലേക്ക് ഗ്രീഷ്മയെയും കുടുംബത്തെയും വിളിച്ചു വരുത്തിയത് കൃത്യമായ പദ്ധതിയോടെ. ചോദ്യങ്ങൾക്കുള്ള മറുപടികളും അതിനുള്ള മറുചോദ്യങ്ങളും തയ്യാറാക്കിയിരുന്ന അന്വേഷണ സംഘത്തിന് മുമ്പിൽ ഒടുവിൽ ഗ്രീഷ്മ കുറ്റം സമ്മതിക്കുകയായിരുന്നു.

കുറ്റം സമ്മതിക്കുമ്പോഴും ഗ്രീഷ്മയുടെ മൊഴികളിൽ ചില അവ്യക്തതകളുണ്ട്. ജീവിതത്തിൽനിന്ന് ഷാരോണിനെ പൂർണമായി ഒഴിവാക്കാണമെന്ന് ഗ്രീഷ്മ തീരുമാനിക്കാൻ മറ്റെന്തെങ്കിലും കാരണമുണ്ടോ? ജാതകദോഷവുമായി ബന്ധപ്പെട്ട അന്ധവിശ്വാസം കൊലക്ക് കാരണമായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ട്.

TAGS :

Next Story