Quantcast

ഈ പോരാട്ടത്തില്‍ ഞാന്‍ അധഃസ്ഥിതനായി കാണപ്പെടുന്നതില്‍ അഭിമാനമേയുള്ളൂ: ശശി തരൂര്‍

'ചില ഘട്ടങ്ങളില്‍ നമ്മുടെ ബോധ്യങ്ങള്‍ക്കനുസരിച്ച് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള ധൈര്യം നമുക്കുണ്ടാവണം. പ്രത്യാഘാതങ്ങള്‍ എന്ത് തന്നെയായാലും'

MediaOne Logo

Web Desk

  • Updated:

    2022-09-30 07:28:44.0

Published:

30 Sep 2022 6:33 AM GMT

ഈ പോരാട്ടത്തില്‍ ഞാന്‍ അധഃസ്ഥിതനായി കാണപ്പെടുന്നതില്‍ അഭിമാനമേയുള്ളൂ: ശശി തരൂര്‍
X

പാര്‍ട്ടി പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരം കോണ്‍ഗ്രസിന്‍റെ ആഭ്യന്തര വിഷയമാണെങ്കിലും ഇതൊരു വലിയ അവസരമായാണ് താന്‍ കാണുന്നതെന്ന് ശശി തരൂര്‍ എംപി. കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ താത്പര്യം ഉടലെടുക്കുന്നതിനും പാര്‍ട്ടി പ്രവര്‍ത്തകരെ ഉത്തേജിപ്പിക്കുന്നതിനുമുള്ള അവസരം. തെരഞ്ഞെടുക്കപ്പെടുന്ന ഒരു നേതാവിന് കുറെക്കൂടി ഫലപ്രദമായി സംഘടനപരമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനാവും. കാര്യങ്ങള്‍ അതിന്റെ വഴിക്ക് നടക്കുമെന്ന ചിന്താഗതി നമ്മളെ ഒരിടത്തുമെത്തിക്കില്ലെന്നും ശശി തരൂര്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മത്സരിക്കാനുള്ള തീരുമാനം കോണ്‍ഗ്രസില്‍ താങ്കളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്ന പേടിയുണ്ടോ എന്ന ചോദ്യത്തിന് തരൂരിന്‍റെ മറുപടി ഇങ്ങനെയായിരുന്നു- "എന്‍റെ ബോധ്യങ്ങളുടെ പുറത്താണ് ഞാന്‍ മത്സരിക്കുന്നത്. ഈ തെരഞ്ഞെടുപ്പ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയും ഉത്തേജിപ്പിക്കുകയും ചെയ്യുമെന്ന ബോധ്യം. ചില കോണുകളില്‍ നിന്ന് പ്രതികൂലവും വിപരീതവുമായ പ്രതികരണങ്ങള്‍ക്ക് ഇത് വഴിയൊരുക്കുകയാണെങ്കില്‍ അങ്ങനെയാവട്ടെ! ഈ പോരാട്ടത്തില്‍ ഒരു അധഃസ്ഥിതനായാണ് ഞാന്‍ കാണപ്പെടുന്നതെന്നതില്‍ എനിക്ക് അഭിമാനമേയുള്ളൂ. നിലവിലുള്ള അവസ്ഥ നിലനിര്‍ത്താനും നിക്ഷിപ്ത താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും വ്യവസ്ഥിതി ഒന്നിച്ചു നില്‍ക്കുമെന്ന് ചിലര്‍ വിശ്വസിക്കുന്നതും എന്നെ അലട്ടുന്നില്ല. ചില ഘട്ടങ്ങളില്‍ നമ്മുടെ ബോധ്യങ്ങള്‍ക്കനുസരിച്ച് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള ധൈര്യം നമുക്കുണ്ടാവണം. പ്രത്യാഘാതങ്ങള്‍ എന്ത് തന്നെയായാലും!"

മൂന്ന് മുഖ്യ കാരണങ്ങള്‍ കൊണ്ടാണ് താന്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് ശശി തരൂര്‍ പറഞ്ഞു- "1. ജനാധിപത്യപരമായ മത്സരം പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന കോണ്‍ഗ്രസ് അധ്യക്ഷയുടെയും രാഹുല്‍ ഗാന്ധിയുടെയും കാഴ്ചപ്പാടിനോട് ഞാന്‍ യോജിക്കുന്നു. 2. അധികാരം കൂടുതല്‍ വികേന്ദ്രീകൃതമാക്കുക, ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കുക, എല്ലാ തലങ്ങളിലും നേതൃത്വവുമായി കൂടുല്‍ സംവദിക്കുന്നതിനും അടുക്കുന്നതിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അവസരമുണ്ടാക്കുക എന്നിങ്ങനെ പാര്‍ട്ടിക്കൊരു പുതുജീവന്‍ പകരുന്നതിന് എനിക്ക് എന്‍റേതായ നിരവധി ആശയങ്ങളുണ്ട്. 3. എന്തിലെങ്കിലും നമ്മള്‍ ശക്തമായി വിശ്വസിക്കുന്നുണ്ടെങ്കില്‍ അതിനായി എന്ത് പ്രത്യാഘാതം നേരിടുന്നതിനും നമ്മള്‍ തയ്യാറാവണം. വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും എന്നെ നയിക്കുന്ന വിശ്വാസ പ്രമാണമാണിത്".

സംഘടനാപരമായ പരിഷ്‌കാരങ്ങള്‍ക്കൊപ്പം ഫലപ്രദമായ നേതൃത്വവും ഉണ്ടാവുന്നതിലൂടെ മാത്രമേ കോണ്‍ഗ്രസ് ഇന്ന് നേരിടുന്ന പ്രതിസന്ധികള്‍ മറികടക്കാനാവൂ എന്ന് തരൂര്‍ പറഞ്ഞു. സംഘടനകളുടെ ഉയര്‍ന്ന തലങ്ങളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനായതിന്റെ തെളിവുകളും രേഖകളും തനിക്ക് മുന്നോട്ടുവെയ്ക്കാനാവും. ഐക്യരാഷ്ട്ര സംഘടനയിലെ പ്രവര്‍ത്തനം പരിശോധിക്കാം. അവിടെ പൊതു വിവര വകുപ്പിന്റെ ചുമതലയുള്ള അണ്ടര്‍ സെക്രട്ടറി ജനറല്‍ എന്ന നിലയില്‍ ഐക്യരാഷ്ട്ര സംഘടനയിലെ ഏറ്റവും വലിയ വകുപ്പിന്റെ ആശയ വിനിമയ സംവിധാനത്തിനാണ് നേതൃത്വം നല്‍കിയതെന്ന് തരൂര്‍ പറഞ്ഞു. അഖിലേന്ത്യ ഫ്രൊഫഷനല്‍ കോണ്‍ഗ്രസ് ചെയര്‍മാന്‍ എന്ന നിലയില്‍ ഒന്നുമില്ലായ്മയില്‍ നിന്ന് കൂട്ടായ്മ വളര്‍ത്തിക്കൊണ്ടുവന്നു. ബി.ജെ.പിയെ പോലൊരു പാര്‍ട്ടിയെ നേരിടുന്നതിനും കോണ്‍ഗ്രസിനെ സംഘടനാപരമായി ശക്തിപ്പെടുത്തുന്നതിനും തനിക്ക് മുന്‍ഗണനകളുണ്ട്. പാര്‍ട്ടിയുടെ സംഘടനാതലത്തില്‍ മുന്‍പരിചയമില്ലെന്ന് വിമര്‍ശിക്കുന്നവരുണ്ട്. പാര്‍ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ വല്ലാതെ അപലപിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇങ്ങനെയൊരു മുന്‍പരിചയം ഇല്ലാത്തതാവാം ചിലപ്പോള്‍ കൂടുതല്‍ അഭികാമ്യം. വിജയിക്കണമെന്ന വാശിയോടെയല്ലാതെ ഒരു തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ല. രണ്ട് തവണ ഇടതുപക്ഷം തുടര്‍ച്ചയായി വിജയിച്ച, ബി.ജെ.പി ഏറ്റവും ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന തിരുവനന്തപുരത്താണ് താന്‍ മൂന്നുവട്ടം വിജയിച്ചതെന്ന് തരൂര്‍ പറഞ്ഞു.

ജി 23ന്‍റെ പ്രതിനിധിയായല്ല താന്‍ മത്സരിക്കുന്നതെന്ന് തരൂര്‍ പറഞ്ഞു. അവരുടെ പിന്തുണ തേടിയിട്ടുമില്ല. ജി 23 ഒരു സംഘടനയല്ല. ആ പദം മാധ്യമ സൃഷ്ടിയാണ്. കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ഡല്‍ഹിയിലുണ്ടായിരുന്ന 23 പേര്‍ ചേര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ള ഒരു കത്തില്‍ ഒപ്പിട്ടു എന്ന സാംഗത്യമേ ജി 23നുള്ളൂ. പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് അല്ലാതെ തകര്‍ക്കുകയല്ല തന്‍റെ സ്ഥാനാര്‍ഥിത്വത്തിന്റെ ഉദ്ദേശ്യം. ജി 23 വരുന്നതിനും മുന്‍പ് 2014 മുതല്‍ മുന്നോട്ടുവെയ്ക്കുന്ന ചില പരിഷ്‌കാരങ്ങളുടെ വക്താവെന്ന നിലയിലാണ് തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. ഏതെങ്കിലും ഒരു ഗ്രൂപ്പിന്റെയല്ല, മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും പിന്തുണയാണ് ഈ പോരാട്ടത്തില്‍ താന്‍ പ്രതീക്ഷിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.

TAGS :

Next Story