Quantcast

'ജയ് ശ്രീറാം എന്നു പറഞ്ഞിട്ടില്ല; രാമനെ ബി.ജെ.പിക്കു വിട്ടുകൊടുക്കില്ല'-വിശദീകരണവുമായി ശശി തരൂർ

'രാമൻ ജനിച്ച സ്ഥലത്ത് ഒരു ക്ഷേത്രമുണ്ടാകുന്നത് പല ഹിന്ദുക്കളുടെയും ആഗ്രഹമാണെന്നു മുൻപും പറഞ്ഞിരുന്നു.'

MediaOne Logo

Web Desk

  • Updated:

    2024-01-23 10:29:59.0

Published:

23 Jan 2024 9:28 AM GMT

I did not say Jai Sree Ram; Congress will not leave Raman to BJP- Shashi Tharoor explains in Ram Mandir consecration post controversy, Shashi Tharoor in Ram Mandir post controversy
X

തിരുവനന്തപുരം: രാമക്ഷേത്ര വിഗ്രഹ പ്രതിഷ്ഠയെ പിന്തുണച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. താൻ ജയ് ശ്രീറാം എന്നു വിളിച്ചിട്ടില്ലെന്നും വ്യക്തിപരമായ ഭക്തിയുടെ കാര്യം മാത്രമായിരുന്നുവെന്നും തരൂർ പറഞ്ഞു. കോൺഗ്രസുകാർ രാമനെ ബി.ജെ.പിക്കു വിട്ടുകൊടുക്കണമെന്നു പറഞ്ഞാൽ ഒരിക്കലും തയാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

''ഹിന്ദിയിൽ ഒരു വാചകം മാത്രമാണ് എഴുതിയത്. സിയാവർ രാംചന്ദ്ര കീ ജയ് എന്നായിരുന്നു. ജയ് ശ്രീറാം എന്നു പറഞ്ഞില്ല. ജയ് ശ്രീറാമിനെ ഒരു രാഷ്ട്രീയ മുദ്രാവാക്യമാക്കി ചിലർ മാറ്റിയിട്ടുണ്ട്. അല്ലെങ്കിൽ അതായിരുന്നു പറയാൻ എളുപ്പം. വ്യക്തിപരമായ ഭക്തിയുടെ കാര്യമാണ്. അതേക്കുറിച്ച് ഒരു വരി എഴുതി. അതു വിവാദമാക്കാനൊന്നുമില്ല.''-തരൂർ മാധ്യമങ്ങളോട് പറഞ്ഞു.

''കോൺഗ്രസുകാർ രാമനെ ബി.ജെ.പിക്കു വിട്ടുകൊടുക്കണോ? അതാണോ നിങ്ങളുടെ ആഗ്രഹം. അതിനു ഞാൻ ഒരിക്കലും തയാറല്ല. പാർട്ടിയിലെ ഭൂരിപക്ഷം പേരും അതു വിട്ടുകൊടുക്കില്ല. പാർട്ടിയിലെ ഹിന്ദു ഭക്തന്മാർ നാളെയോ മറ്റന്നാളോ അയോധ്യയിൽ പോയാൽ അത് ആർക്കും മുറിവുണ്ടാക്കാനല്ല. അതു അവരുടെ ഭക്തി മാത്രമാണ്.''

1992ലേ ബാബരി ധ്വംസനത്തെ അപലപിച്ച് പ്രഭാഷണം നടത്തുകയും എഴുതുകയും ചെയ്തയാളാണു താനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അക്കാര്യത്തിൽ ഒന്നും ഒളിക്കാനില്ല. ചെയ്തതു തെറ്റാണെന്നു സ്പഷ്ടമായി പറഞ്ഞു. രാമൻ ജനിച്ച സ്ഥലത്ത് ഒരു ക്ഷേത്രമുണ്ടാകുന്നത് പല ഹിന്ദുക്കളുടെയും ആഗ്രഹമാണെന്നു രണ്ടു വർഷം മുൻപും ഞാൻ പറഞ്ഞിരുന്നു. എന്നാൽ, അതിന് ഒരു പള്ളി പൊളിക്കുന്നത് നല്ല കാര്യമല്ലെന്ന് എപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും തരൂർ പറഞ്ഞു.

''ഇതിന്റെ പ്രാധാന്യം മനസിലാക്കി അഥവാ മുസ്‌ലിം സമുദായം തന്നെ മസ്ജിദിനെ മറ്റൊരു സ്ഥലത്തേക്ക് ആക്കിയാൽ എല്ലാവർക്കും സന്തോഷമാകുമായിരുന്നു. സുപ്രിംകോടതി വിധി വരെ രാമക്ഷേത്ര വിവാദത്തിൽ ഞങ്ങൾക്ക് ഒരു നിലപാടുണ്ടായിരുന്നു. എന്നാൽ, വിധിക്കുശേഷം അതേക്കുറിച്ചു പറയാനുള്ള അവകാശം നഷ്ടമായി.

ക്ഷേത്രത്തിനെ ഒരു രാഷ്ട്രീയ ചടങ്ങും സെലിബ്രിറ്റി പരിപാടിയും ആക്കിയതിൽ ഞങ്ങൾക്ക് എതിർപ്പുണ്ട്. അതാണു ചടങ്ങിൽനിന്നു മാറിനിന്നത്.''

മൂന്നു തവണ ബി.ജെ.പിയെ എതിർത്തുനിന്ന കേരളത്തിലെ ഏക സ്ഥാനാർത്ഥി ഞാനാണ്. ഞാൻ ആരോടും മപ്പുപറയേണ്ട ആവശ്യമില്ല. ഞാൻ മതേതരത്വത്തിന്റെ ശബ്ദമാണ്. ലേഖനങ്ങൾ എഴുതുകയും പ്രഭാഷണം നടത്തുകയും പാർലമെന്റിൽ പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് എഴുത്തും പ്രഭാഷണവും ഇക്കാര്യത്തിലുണ്ട്. ഈ വിവാദങ്ങളെ കാര്യമായി എടുക്കുന്നില്ല. എന്നാൽ, രാമനെ ബി.ജെ.പിക്കു വിട്ടുകൊടുക്കില്ല. 1980ൽ ജനിച്ച പാർട്ടിക്ക് എന്തിനാണ് അയോധ്യയെ വിട്ടുകൊടുക്കുന്നതെന്നും ശശി തരൂർ ചോദിച്ചു.

Summary: 'I did not say Jai Sree Ram; Congress will not leave Raman to BJP'- Shashi Tharoor explains in Ram Mandir consecration post controversy

TAGS :

Next Story