മിണ്ടാതിരിക്കാൻ ഞങ്ങൾ കിന്റർഗാർട്ടൻ കുട്ടികളാണോ? ആരോടും അമർഷമില്ല-ശശി തരൂർ
പ്രൊഫഷണൽ കോൺഗ്രസിന്റെ കോൺക്ലേവിൽ കെ.പി.സി.സി പ്രസിഡന്റ് പങ്കെടുക്കാത്തത് ആരോഗ്യപ്രശ്‌നങ്ങൾ മൂലമാണെന്നും തരൂർ പറഞ്ഞു.
കൊച്ചി: കോൺഗ്രസിൽ താൻ വിവാദങ്ങൾ ഉണ്ടാക്കിയിട്ടില്ലെന്ന് ശശി തരൂർ എം.പി. ആരോടും മിണ്ടുന്നതിന് തനിക്ക് പ്രശ്‌നമില്ല. ഏത് ജില്ലയിലും പരിപാടികൾക്ക് പോകുമ്പോൾ ഡി.സി.സി പ്രസിഡന്റുമാരെ അറിയിക്കാറുണ്ട്. പൊതുപരിപാടിയിലും കോൺഗ്രസ് പരിപാടിയിലും പങ്കെടുക്കുമ്പോൾ ഡി.സി.സി പ്രസിഡന്റുമാരെ അറിയിക്കുന്നത് കഴിഞ്ഞ 14 വർഷമായി തന്റെ രീതിയാണ്. എന്നാൽ സ്വകാര്യ പരിപാടിയിൽ പങ്കെടുക്കുമ്പോൾ ഡി.സി.സി പ്രസിഡന്റുമാരെ അറിയിക്കേണ്ടതില്ലെന്നും തരൂർ പറഞ്ഞു.
പ്രൊഫഷണൽ കോൺഗ്രസിന്റെ കോൺക്ലേവിൽ കെ.പി.സി.സി പ്രസിഡന്റ് പങ്കെടുക്കാത്തത് ആരോഗ്യപ്രശ്‌നങ്ങൾ മൂലമാണ്. ദേശീയതലത്തിൽ നയിക്കുന്നുണ്ടെങ്കിലും ഇവിടെ നടക്കുന്ന പരിപാടിയിൽ തീരുമാനങ്ങൾ സംസ്ഥാന നേതൃത്വത്തിന്റേതാണെന്നും അദ്ദേഹം പറഞ്ഞു.
വി.ഡി സതീശനുമായി സംസാരിക്കുമോ എന്ന ചോദ്യത്തിന്, സംസാരിക്കാതിരിക്കാൻ തങ്ങൾ കിന്റർഗാർട്ടനിലെ കുട്ടികളാണോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തനിക്ക് ആരോടും അമർഷമില്ല. ഇതുവരെ ആരെക്കുറിച്ചും മോശമായൊരു വാക്ക് താൻ പറഞ്ഞിട്ടില്ല. എന്തെങ്കിലും ബുദ്ധിമുട്ടോ തെറ്റിദ്ധാരണയോ ഉള്ളതായി താരിഖ് അൻവർ തന്നോട് പറഞ്ഞിട്ടില്ല. തനിക്ക് ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്നും തരൂർ പറഞ്ഞു.
Adjust Story Font
16