'വിരുന്നുകാരായെത്തിയവർ ചതിച്ചു'; വ്യാജ ലഹരിക്കേസിൽ ഷീലാ സണ്ണി
മരുമകളും അനുജത്തിയുമാണു ചതിച്ചതെന്ന് ബ്യൂട്ടി പാർലർ ഉടമയുമായ ഷീലാ സണ്ണി
തൃശൂർ: ചാലക്കുടി വ്യാജ ലഹരിക്കേസിൽ തന്നെ ചതിച്ചത് മരുമകളും അനുജത്തിയുമാണെന്ന് കേസിലെ ഇരയും ബ്യൂട്ടി പാർലർ ഉടമയുമായ ഷീലാ സണ്ണി. അറസ്റ്റിലാകുന്നതിന്റെ തലേ ദിവസം ഇവർ വീട്ടിലെത്തിയിരുന്നുവെന്ന് ഷീല പറഞ്ഞു. കേസിലെ പ്രതി നാരായണദാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
വിരുന്നുകാരയെത്തിയവർ തന്നെ ചതിക്കുകയായിരുന്നുവെന്ന് ഷീല സണ്ണി പറഞ്ഞു. എന്റെ കൈകൊണ്ടു വച്ചുണ്ടാക്കിയ ഭക്ഷണം കഴിച്ചശേഷം എന്നെത്തന്നെ ചതിക്കുകയായിരുന്നു. മരുമകളും അനിയത്തിയും തലേദിവസം വീടിനു പിറകിൽ ഏറെനേരം സംസാരിച്ചിരുന്നു. ഇതു ഗൂഢാലോചനയായിരുന്നുവെന്നു മനസ്സിലായത് ഇപ്പോഴാണെന്നും ഷീലാ സണ്ണി പറഞ്ഞു.
തന്റെ മുറിയിലാണ് മരുമകളും അനിയത്തിയും കിടന്നിരുന്നതെന്നും അവർ വെളിപ്പെടുത്തി. ഞാൻ അറസ്റ്റിലാകുന്നതിന്റെ തലേദിവസം ഇരുവരും എന്റെ സ്‌കൂട്ടർ ഉപയോഗിച്ചിരുന്നു. യഥാർത്ഥ പ്രതിയെ കണ്ടെത്തിയ എക്‌സൈസ് നടപടിയെ സ്വാഗതം ചെയ്ത അവർ എന്തിനുവേണ്ടിയാണ് തന്നെ വ്യാജ കേസിൽ കുടുക്കിയതെന്നുകൂടി അറിയേണ്ടതുണ്ടെന്നും ആവശ്യപ്പെട്ടു.
ഷീലാ സണ്ണിയുടെ മരുമകളുടെ അനുജത്തി ലിവിയയുടെ സുഹൃത്തായ നാരായണദാസാണ് വ്യാജ ലഹരിക്കേസിലെ പ്രതി. ഇയാളെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ ടി.എം മജു കേസിൽ നാരായണദാസിനെ പ്രതിചേർത്ത് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. എന്നാൽ, തന്നെ എക്‌സൈസ് വ്യാജമായി പ്രതിചേർത്തിരിക്കുകയാണെന്നും കുറ്റകൃത്യത്തിൽ തനിക്കു പങ്കില്ലെന്നും വാദിച്ച് ഇയാൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
Summary: Sheela Sunny said that it was her daughter-in-law and younger sister who cheated her in the Chalakudy fake drug case
Adjust Story Font
16