ഇ.പിയെ മൂന്ന് തവണ കണ്ടെന്ന് ആവർത്തിച്ച് ശോഭാ സുരേന്ദ്രൻ
സംഭവം നടന്നിട്ടില്ലെന്ന് നന്ദകുമാറിനെക്കൊണ്ട് പറയിപ്പിക്കുന്നത് ഇ.പി ജയരാജനാണെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു
തിരുവനന്തപുരം: എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെ മൂന്ന് തവണ കണ്ടെന്ന് ആവർത്തിച്ച് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ള സംസ്ഥാനത്തെ മാർക്സിസ്റ്റ് പാർട്ടി നേതൃത്വം ബോധപൂർവമായ കരുനീക്കം നടത്തിയെന്നും അതിൽ ഇ.പി ജയരാജൻ അസ്വസ്ഥനും ദുഃഖിതനുമായിരുന്നെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ടി.പി ചന്ദ്രശേഖരനെ പോലയുള്ള പാർട്ടി പ്രവർത്തകരെ കൊലപ്പെടുത്തിയിട്ടുള്ള ഒരു പാർട്ടിയിൽനിന്ന് ബന്ധം വിച്ഛേദിച്ച് മറ്റൊരു പാർട്ടിയിലേക്ക് മാറാൻ അദ്ദേഹം തീരുമാനമെടുത്തത് അത്രയും അസ്വസ്ഥത ഉള്ളതുകൊണ്ടാണ്. ആ തീരുമാനത്തെ വരെ മാറ്റിയെടുക്കാൻ സാധിക്കുന്ന അദൃശ്യഘടകമായി പ്രവർത്തിക്കാനുള്ള തന്റേടം മുഖ്യമന്ത്രി പിണറായി വിജയനുണ്ടെന്ന് താൻ ഇപ്പോഴും വിശ്വസിക്കുന്നു. ഇ.പിയുമായി സംസാരിച്ച വിവരം കെ സുരേന്ദ്രന് അറിയാമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ വിജയിക്കുമെന്ന സാഹചര്യം വന്നപ്പോൾ നന്ദകുമാർ എന്ന വ്യക്തി അവിടെ എത്തിയതിൽ ഇ.പിക്കും ഗോകുലം ഗോപാലനും കൃത്യമായ പങ്കുണ്ട്. ഇ.പിയുടെ ശരീര ഭാഷയിൽനിന്ന് തന്നെ കണ്ടിട്ടുണ്ടോ എന്ന് കേരളത്തിലെ പൊതുസമൂഹത്തിന് മനസിലാകും. സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററും മുഖ്യമന്ത്രി പിണറായി വിജയനും തള്ളിപ്പറഞ്ഞ നന്ദകുമാറിനെ തള്ളിപ്പറയാൻ ഇ.പി ഇതുവരെ തയ്യാറായിട്ടില്ല. രാമനിലയത്തിൽ മന്ത്രി കെ രാധാകൃഷ്ണനെയും ഞാൻ കണ്ടു. പൊലീസ് ഉദ്യോഗസ്ഥരുമായി ഇടനാഴിയിൽ സംസാരിച്ചുകൊണ്ടിരുന്ന അദ്ദേഹം എന്നെ അഭിവാദ്യം ചെയ്തു കടന്നുപോയി. അത് കഴിഞ്ഞ് കുറച്ച് സമയത്തിനുശേഷമാണ് ഇ.പി റൂമിലേക്ക് കടന്നുവരുന്നത്. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് നന്ദകുമാറിനെക്കൊണ്ട് പറയിപ്പിക്കുന്നത് ഇ.പി ജയരാജനാണെന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Adjust Story Font
16