അശാസ്ത്രീയ സമയക്രമം: ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ പിടിക്കാൻ ഓടിത്തളർന്ന് യാത്രക്കാർ
4 .20ന് ഷൊർണൂരിൽ നിന്നും കോഴിക്കോട്ടേക്ക് ട്രെയിൻ പോയാൽ പിന്നീട് മൂന്നു മണിക്കൂർ മലബാർ മേഖലയിലേക്ക് മറ്റു ട്രെയിനുകൾ ഇല്ല
പാലക്കാട് : ഷൊർണൂർ റെയിൽവേ സ്റ്റേഷനിലുംയാത്രക്കാർ നേരിടുന്നത് കടുത്ത അവഗണനയാണ്. ആളുകൾ ഏറ്റവും അധികം ആശ്രയിക്കുന്ന ട്രെയിനുകളുടെ സമയങ്ങൾ അശാസ്ത്രീയമായാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. നിലമ്പൂർ-കോഴിക്കോട് ഭാഗങ്ങളിലേക്കുള്ള യാത്രക്കാരാണ് ഇതോടെ ദിവസവും ബുദ്ധിമുട്ടിലാകുന്നത് . ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും മലബാറിലേക്കുള്ള യാത്രക്കാർക്കും പറയാൻ നിരവധി പരാതികളുണ്ട്
നിലമ്പൂരിലേക്കുള്ള അവസാന ട്രെയിൻ പിടിക്കാന്‍ എന്നും യാത്രക്കാരുടെ ഓട്ടമാണ്. ആറാമത്തെ പ്ലാറ്റ്ഫോമിൽ 8 മണിയോടെ എത്തുന്ന ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവിൽ നിന്നും ഒന്നാമത്തെ പ്ലാറ്റ്‍ഫോമിൽ നിൽക്കുന്ന ഷൊർണൂർ-നിലമ്പൂർ റോഡ് എക്സ്പ്രസിനെ ലക്ഷ്യം വെച്ചാണ് യാത്രക്കാരുടെ ഓട്ടം .
ഏഴുമണിയോടെ ഷൊർണൂർ ജംഗ്ഷനിൽ എത്തുന്ന നിലമ്പൂർ എക്സ്പ്രസ് കൃത്യം 8:10 ന് ഷൊർണൂരിൽ നിന്നും യാത്ര പുറപ്പെടും . ഇതേസമയമാണ് ആലപ്പു-കണ്ണൂർ എക്സിക്യൂട്ടീവ് സ്റ്റേഷനിൽ എത്തുന്നത് . 7 .47 ആണ് എക്സിക്യൂട്ടീവിന്റെ യഥാർഥ സമയം . എന്നാൽ വന്ദേഭാരതതിനു വേണ്ടി പിടിച്ചിടുന്നതോടെയാണ് നിലമ്പൂർ എക്സ്പ്രസ് യാത്ര തുടങ്ങുന്ന അതേസമയത്ത് ഈ എക്സിക്യൂട്ടീവ് സ്റ്റേഷനിൽ എത്തുന്നത്.
നിലമ്പൂർ ട്രെയിൻ കിട്ടിയില്ലെങ്കിൽ ഈ ഭാഗത്തേക്ക് പിന്നീട് മറ്റു ട്രെയിനുകൾ ഇല്ല . ഇത് ഒഴിവാക്കാനാണ് അപകടം നിറഞ്ഞ ഓട്ടം . തങ്ങളുടെ പ്രതിസന്ധി പരിഗണിച്ച് ഷൊർണൂർ നിലമ്പൂർ പാസഞ്ചർ യാത്ര പുറപ്പെടുന്ന സമയം അല്പം കൂടെ നീട്ടണമെന്ന് നിരവധി തവണ യാത്രക്കാർ ആവശ്യപ്പെട്ടതാണ് . എന്നാൽ ഫലമില്ല
വൈകിട്ട് 5 :45 ന് ഉണ്ടായിരുന്ന ഷൊർണൂർ - കോഴിക്കോട് പാസഞ്ചർ രാത്രി 8 :20 ലേക്ക് മാറ്റിയതാണ് മറ്റൊരു തിരിച്ചടി . 4 .20ന് ഷൊർണൂരിൽ നിന്നും കോഴിക്കോട്ടേക്ക് ട്രെയിൻ പോയാൽ പിന്നീട് മൂന്നു മണിക്കൂർ നേരം മലബാർ മേഖലയിലേക്ക് മറ്റു ട്രെയിനുകൾ ഇല്ല . എട്ടു മണിയോടെ എത്തുന്ന ആലപ്പുഴ-കണ്ണൂർ എക്സ്ക്യൂട്ടീവ് മാത്രമാണ് ആശ്രയം . അഞ്ചുമണിക്ക് ജോലി കഴിയുന്നവർ മൂന്നു മണിക്കൂർ റെയിൽവേ സ്റ്റേഷനിൽ ചിലവഴിക്കണം . പിന്നീട് തിങ്ങിനിറഞ്ഞു വരുന്ന കണ്ണൂർ എക്സിക്യൂട്ടീവിൽ യാത്ര ചെയ്യണം . പിന്നാലെ 8 : 20ന് കോഴിക്കോട് പാസഞ്ചർ യാത്ര പുറപ്പെടും . മുഴുവൻ കമ്പാർട്ട്മെന്റുകളും കാലിയായാണ് ഈ ട്രെയിനിന്റെ യാത്ര . കോഴിക്കോട് ഭാഗത്തേക്ക് ട്രെയിൻ ഇല്ലാത്ത മൂന്ന് മണിക്കൂറിനിടയിൽ എപ്പോഴെങ്കിലും ഈ ട്രെയിൻ അനുവദിച്ചു നൽകിയാൽ യാത്ര ദുരിതത്തിന് വലിയൊരു ശതമാനം പരിഹാരമാകും.
Adjust Story Font
16