ഷൊർണൂർ - കോഴിക്കോട് പാസഞ്ചറിന്റെ സമയം മാറ്റി, ട്രെയിൻ നിർത്തി; പാലക്കാട്ടെ യാത്രക്കാരെ ദുരിതത്തിലാക്കി റെയില്‍വെ
സ്ലീപ്പർ കോച്ചുകൾ കുറയുന്നതും യാത്രക്കാരുടെ കടുത്ത പ്രതിഷേധത്തിന് വഴിയൊരുക്കുന്നുണ്ട്
പാലക്കാട്: റെയിൽവേ ഡിവിഷനായ പാലക്കാടും ട്രെയിൻ യാത്രക്കാർക്ക് നിരവധി അസൗകര്യങ്ങൾ ചൂണ്ടികാട്ടാനുണ്ട്. ഷൊർണൂർ - കോഴിക്കോട് പാസഞ്ചറിന്റെ സമയം മാറ്റിയതും തൃശൂർ - മംഗലാപുരം ട്രെയിൻ നിർത്തലാക്കിയതും വലിയ അതൃപ്തിയാണ് സൃഷ്ടിച്ചത് . സ്ലീപ്പർ കോച്ചുകൾ കുറയുന്നതും യാത്രക്കാരുടെ കടുത്ത പ്രതിഷേധത്തിന് വഴിയൊരുക്കുന്നുണ്ട്. നിരവധി യാത്രക്കാരുടെ ആശ്രയമായിരുന്നു 5:45 ന് പുറപ്പെട്ടിരുന്ന ഷൊർണൂർ - കാലിക്കറ്റ് പാസഞ്ചർ ഇപ്പോൾ 8:45 ലേക്ക് മാറ്റി, ഒപ്പം തൃശൂർ - മംഗലാപുരം ട്രെയിൻ നിർത്തലാക്കിയത് സാധാരണക്കാരുടെ ബുദ്ധിമുട്ട് ഇരട്ടിയാക്കി.
അടുത്ത ജില്ലകളിൽ നിന്നും ദിവസവും ജോലിക്ക് പോയി വരുന്ന സാധാരണക്കാരുടെ വലിയ ആശ്രയമായിരുന്നു വൈകീട്ട് 5:45 ന് പുറപ്പെട്ടിരുന്ന ഷൊർണൂർ - കോഴിക്കോട് പാസഞ്ചർ. ഓഫീസ് ജോലികൾ മുതൽ സ്വന്തം കച്ചവടം വരെ കഴിഞ്ഞെത്തുന്നവർക്ക് തികച്ചും സൗകര്യപ്രദമായിരുന്ന സമയമായിരുന്നു ഇത്. എന്നാൽ യാത്രക്കാർക്ക് തിരിച്ചടി നൽകിയാണ് പാസഞ്ചറിന്റെ സമയം രാത്രി 8:45 ലേക്ക് മാറ്റിയത്. വൈകുന്നേരങ്ങളിൽ ബദൽ ട്രെയിനുകളും ഇല്ലാത്ത അവസ്ഥയിൽ ചിലവ് കുറഞ്ഞ യാത്രക്ക് ഇനി എന്തെന്ന ചോദ്യ ചിഹ്നമാണ് സാധാരണക്കാർക്ക് മുന്നിൽ . പാസഞ്ചർ രാത്രിയിലേക്ക് മാറ്റിയതോടെ ട്രെയിനിലെ യാത്രക്കാരും കുറഞ്ഞു. ആളില്ലാത്ത കമ്പാർട്ട്‌മെന്റുകളിൽ സ്ത്രീകൾ ഭയത്തോടെയാണ് യാത്ര ചെയ്യുന്നതെന്നും പറയുന്നു.
തൃശൂർ മംഗലാപുരം ട്രെയിൻ പൂർണ്ണമായും ഒഴിവാക്കിയതും കാര്യമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സാധാരണക്കാരുടെ ആവശ്യങ്ങൾ റെയിൽവേ മുഖവിലക്ക് എടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. പാലക്കാട് - കണ്ണൂർ റൂട്ടിൽ മെമു സർവീസുകൾ ആരംഭിക്കണമെന്നും അല്ലെങ്കിൽ കൂടുതൽ പാസഞ്ചറുകൾ അനുവദിക്കണമെന്നുമാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.
Adjust Story Font
16