Quantcast

പ്ലസ് വണ്‍ സീറ്റുകളിലെ കുറവ്; വിദ്യാഭ്യാസമന്ത്രിയുടെ മറുപടി വസ്തുതാവിരുദ്ധം

കഴിഞ്ഞ വര്‍ഷം പ്ലസ് വണ്‍ പ്രവേശനം ലഭിക്കാതെ ഓപണ്‍ സ്‌കൂളില്‍ ചേര്‍ന്നവരുടെയും അപേക്ഷിച്ചിട്ടും പരിഗണിക്കപ്പെടാതെ പോയവരുടെയും വിവരങ്ങള്‍ മറച്ചുവെച്ചായിരുന്നു മന്ത്രിയുടെ മറുപടി.

MediaOne Logo

Web Desk

  • Updated:

    2021-08-04 02:53:06.0

Published:

4 Aug 2021 2:46 AM GMT

പ്ലസ് വണ്‍ സീറ്റുകളിലെ കുറവ്; വിദ്യാഭ്യാസമന്ത്രിയുടെ മറുപടി വസ്തുതാവിരുദ്ധം
X

പ്ലസ് വണ്‍ സീറ്റുകളുടെ കുറവ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് വിദ്യാഭ്യാസമന്ത്രി നിയമസഭയില്‍ നല്‍കിയത് വസ്തുതാവിരുദ്ധമായ മറുപടി. കഴിഞ്ഞ അഞ്ചു വര്‍ഷം പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം കണക്കാക്കിയാണ് ആവശ്യത്തിലേറെ സീറ്റ് സംസ്ഥാനത്തുണ്ടെന്ന് മന്ത്രി അവകാശപ്പെട്ടത്. കഴിഞ്ഞ വര്‍ഷം പ്ലസ് വണ്‍ പ്രവേശനം ലഭിക്കാതെ ഓപണ്‍ സ്‌കൂളില്‍ ചേര്‍ന്നവരുടെയും അപേക്ഷിച്ചിട്ടും പരിഗണിക്കപ്പെടാതെ പോയവരുടെയും വിവരങ്ങള്‍ മറച്ചുവെച്ചായിരുന്നു മന്ത്രിയുടെ മറുപടി.

'സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ പ്രവേശനം സാധ്യമാകുന്നതിനായി 2015 മുതല്‍ 2020 വരെയുളള ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ പ്രവേശനം നേടിയവരുടെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തി വിശകലനം ചെയ്യുകയുണ്ടായി. സര്‍ക്കാര്‍ എയിഡഡ് മേഖലയില്‍ ബാച്ച് ഒന്നിന് 50 സീറ്റ് എന്ന ക്രമത്തില്‍ ആകെ 3,06,150 സീറ്റുകളാണ് നിലവില്‍ ഉള്ളത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കനുസരിച്ച് ഹയര്‍ സെക്കണ്ടറി പ്രവേശനം നേടുന്നവര്‍ 3,32,631 ആണ്. കുറവുള്ള സീറ്റുകള്‍ 26,481 ആണ്,' എന്നായിരുന്നു മന്ത്രി സഭയില്‍ പറഞ്ഞത്.

കഴിഞ്ഞ അ‌ഞ്ചു വര്‍ഷവും 3.32 ലക്ഷം കുട്ടികളേ പ്ലസ് വണ്‍ പ്രവേശനം നേടിയിട്ടുള്ളൂ. അതിനാല്‍ ഇത്തവണയും അത്രയും സീറ്റ് തന്നെ മതിയെന്നാണ് മന്ത്രിയുടെ വാദം. എന്നാല്‍ കഴിഞ്ഞവര്‍ഷം പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചത് 4,76,393 വിദ്യാര്‍ഥികളാണ്. 2020 ആഗസ്റ്റ് 25ന് വൈകുന്നേരം അഞ്ചുവരെയുള്ള അപേക്ഷകരുടെ എണ്ണമാണിത്. ലഭ്യമായ സീറ്റിനേക്കാള്‍ 1,70,243 കൂടുതലാണ് അപേക്ഷകര്‍. അപേക്ഷിച്ചിട്ടും സീറ്റ് കിട്ടാത്ത ഈ കുട്ടികളെക്കുറിച്ച് പഠിക്കാന്‍ താത്പര്യമില്ലാത്തവരെന്ന മട്ടിലാണ് വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം.

സംസ്ഥാന സര്‍ക്കാറിന്‍റെ തന്നെ കീഴിലുള്ള സമാന്തര പ്ലസ് വണ്‍ പഠന സംവിധാനമായ സ്‌കോള്‍ കേരളയില്‍ അരലക്ഷത്തോളം പേരാണ് ഇപ്പോള്‍ പ്ലസ് വണിന് രജിസ്റ്റര്‍ചെയ്ത് പഠിച്ചുകൊണ്ടിരിക്കുന്നത്. ഇവരുടെ കണക്കും വിദ്യാഭ്യാസ മന്ത്രി മറച്ചുവക്കുകയാണ്. മന്ത്രി അവകാശപ്പെടുംപോലെ 13 ജില്ലകളിലും അധിക സീറ്റ് ഉണ്ടെങ്കില്‍ ഇത്രയും കുട്ടികള്‍ ഓപണ്‍ സ്‌കൂളിലെത്തിയത് എങ്ങനെയെന്ന് സര്‍ക്കാര്‍ വിശദീകരിക്കേണ്ടിവരും. കുട്ടികള്‍ സീറ്റില്ലാതെ വലയുമ്പോള്‍ കണക്കിലെ കളികളിലൂടെ പുകമറ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

പഠിക്കാന്‍ കുട്ടികളില്ലെന്ന വ്യാഖ്യാനത്തോടെ മന്ത്രി തന്നെ പുറത്തുവിട്ട കണക്കില്‍ നിന്ന് മലപ്പുറം ജില്ല മാത്രമെടുത്താല്‍ സീറ്റ് 20 ശതമാനം വര്‍ധിച്ച ശേഷവും ഉപരിപഠനത്തിന് യോഗ്യത നേടിയവരില്‍ 25214 പേര്‍ക്ക് സീറ്റ് ഇല്ലെന്ന് വ്യക്തമാവും. മലപ്പുറത്ത് ആകെ പ്ലസ് വണ്‍ സീറ്റുകള്‍ 41950 ആണ്. 75554 പേരാണ് ജില്ലയില്‍ ഉപരിപഠനത്തിന് യോഗ്യത നേടിയത്. അതായത് 33604 സീറ്റുകളുടെ കുറവാണുള്ളത്. 20 ശതമാനം സീറ്റുകള്‍ കൂട്ടുമ്പോള്‍ ആകെ 8390 സീറ്റുകളാകും. എന്നാല്‍, ഇതിന് ശേഷവും 25214 സീറ്റുകളുടെ കുറവാണ് മലപ്പുറത്തുണ്ടാവുക.

TAGS :

Next Story