കെ.വി തോമസിന് എ.ഐ.സി.സിയുടെ കാരണം കാണിക്കൽ നോട്ടീസ്; മറുപടി നൽകുമെന്ന് പ്രതികരണം
താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും വിശദമായി മറുപടി നല്‍കുമെന്നും കെ.വി തോമസ് മീഡിയവണിനോട് പ്രതികരിച്ചു
ന്യൂഡൽഹി: പാർട്ടിയുടെ വിലക്ക് ലംഘിച്ച് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് നടന്ന സെമിനാറില്‍ പങ്കെടുത്തതിന് കെ.വി തോമസിനെതിരെ ഉടൻ അച്ചടക്ക നടപടിയില്ല. കാരണം കാണിക്കൽ നോട്ടീസ് നൽകാനാണ് എ.ഐ.സി.സി തീരുമാനം. രണ്ട് ആഴ്ചയ്ക്കകം വിശദീകരണം നൽകണം. അതേസമയം, താൻ കുറ്റം ചെയ്തിട്ടില്ലെന്നും നോട്ടീസിന് മറുപടി നൽകുമെന്നും കെ.വി തോമസ് മീഡിയവണിനോട് പ്രതികരിച്ചു.
ഇന്ന് ഡൽഹിയിൽ ചേർന്ന എ.ഐ.സി.സി അച്ചടക്ക സമിതി യോഗത്തിനുശേഷം താരിഖ് അൻവറാണ് തീരുമാനം പ്രഖ്യാപിച്ചത്. രണ്ടര മണിക്കൂറാണ് യോഗം നീണ്ടുനിന്നത്. എ.ഐ.സി.സി ഭരണഘടനാ പ്രകാരമാണ് നടപടിയെന്നാണ് വിശദീകരണം. ഒരാൾക്കെതിരെ കുറ്റം ചെയ്‌തെന്ന ആരോപണമുണ്ടായാലും സംസ്ഥാന നേതൃത്വത്തിന്റെ ശിപാർശാ കത്ത് ലഭിച്ചാലും സ്വാഭാവിക നീതി നിഷേധിക്കരുതെന്ന് ഭരണഘടനാ തത്വമുണ്ട്. ഇത് പരിഗണിച്ചാണ് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ തീരുമാനമായത്. മറുപടി അച്ചടക്ക സമിതി ചർച്ച ചെയ്ത് നടപടി തീരുമാനിക്കും.
കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ നൽകിയ കത്ത് അച്ചടക്ക സമിതി യോഗം വിശദമായി ചർച്ച ചെയ്തു. കെ.വി തോമസ് പാർട്ടി അച്ചടക്കം ലംഘിച്ചു. കെ.പി.സി.സി, എ.ഐ.സി.സി നിർദേശങ്ങൾ ലംഘിച്ചാണ് അദ്ദേഹം സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കടെുത്തത്. ശശി തരൂറിനോടും കെ.വി തോമസിനോടും സെമിനാറിൽ പങ്കെടുക്കരുതെന്ന് ഹൈക്കമാൻഡ് അടക്കം ചൂണ്ടിക്കാട്ടിയിരുന്നു. 15 എം.പിമാരും ഇക്കാര്യം അഭ്യർത്ഥിച്ചിരുന്നു. കോൺഗ്രസ് പ്രവർത്തകരുടെ വികാരംകൂടി കണക്കിലെടുത്താകണം അച്ചടക്ക സമിതിയുടെ തീരുമാനമെന്നും കത്തിൽ ആവശ്യപ്പെട്ടു.
താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കോൺഗ്രസുകാരനായി മുന്നോട്ടുപോകുമെന്നും കെ.വി തോമസ് മീഡിയവണിനോട് പ്രതികരിച്ചു. അച്ചടക്ക സമിതി വിഷയം ചർച്ച ചെയ്ത് തീരുമാനം വരുന്നതിനു മുൻപ് തന്നെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള അച്ചടക്കസമിതി നീതിയേ പ്രവർത്തിക്കൂവെന്ന വിശ്വാസമുണ്ട്. എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി മറുപടി നൽകും. മറുപടിക്ക് ഒരാഴ്ചയുടെ ആവശ്യമില്ലെന്നും 48 മണിക്കൂർ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് പാർട്ടിയുടെ വിലക്ക് ലംഘിച്ച് സി.പി.എം കെ.വി തോമസ് കണ്ണൂരിൽ പാർട്ടി കോൺഗ്രസിൻരെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുത്തത്. അദ്ദേഹത്തിനെതിരെ കടുത്ത നടപടി വേണമെന്ന് കെ.പി.സി.സി ആവശ്യപ്പെട്ടിരുന്നു. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കാണ് കെ.പി.സി.സി കത്ത് നൽകിയത്. കത്ത് സോണിയ അച്ചടക്ക സമിതിക്ക് കൈമാറുകയായിരുന്നു.
Summary: Show cause notice to KV Thomas by AICC for attending in the seminar in CPM party congress
Adjust Story Font
16