'ഒന്നും പറയാനില്ല, എല്ലാം പിന്നീട്'; പാർട്ടിയിൽ തിരികെയെത്തിയോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ ഷുക്കൂർ
രാവിലെ പാർട്ടി വിട്ട ഷുക്കൂർ നേതാക്കൾ അനുനയിപ്പിച്ചതിനെ തുടർന്ന് വൈകുന്നേരം തിരിച്ചെത്തിയിരുന്നു
പാലക്കാട്: പാർട്ടിയിൽ തിരികെയെത്തിയോ എന്ന ചോദ്യത്തിന് മറുപടി പറയാതെ അബ്ദുൽ ഷുക്കൂർ. എല്ലാം പിന്നീട് പറയാമെന്ന് മാത്രമായിരുന്നു പ്രതികരണം. സിപിഎം ജില്ലാ നേതൃത്വം അപമാനിക്കുകയും അവഗണിക്കുകയും ചെയ്തെന്ന് ആരോപിച്ച് ഇന്ന് രാവിലെ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ച ഷുക്കൂർ നേതാക്കൾ അനുനയിപ്പിച്ചതിനെ തുടർന്ന് വൈകുന്നേരത്തോടെ പാർട്ടിയിൽ തിരിച്ചെത്തുകയുമായിരുന്നു. പാലക്കാട്ട് നടന്ന പാർട്ടി പരിപാടിയിലും അദ്ദേഹം പങ്കെടുത്തിരുന്നു.
സിപിഎം ജില്ലാ നേതൃത്വം അപമാനിക്കുകയും അവഗണിക്കുകയും ചെയ്തെന്ന് ആരോപിച്ചായിരുന്നു അബ്ദുൽ ഷുക്കൂർ പാർട്ടി വിട്ടത്. മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും പാലക്കാട് നഗരസഭാ കൗൺസിലറും പാലക്കാട് ഓട്ടോ ടാക്സി യൂണിയൻ ജില്ലാ ട്രഷററുമാണ് ഷുക്കൂർ.
സമാന അനുഭവസ്ഥർ പാർട്ടിയിൽ വേറെയുമുണ്ടെന്ന് മാധ്യമങ്ങൾക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞാണ് ഷുക്കൂർ പറഞ്ഞത്. പാർട്ടിക്ക് വേണ്ടി ആത്മാർഥമായാണ് താൻ പ്രവർത്തിച്ചതെന്നും എന്നാൽ, പാർട്ടിക്കുള്ളിൽ ചവിട്ടി താഴ്ത്തിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജില്ല സെക്രട്ടറി ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും ജില്ല സെക്രട്ടറിയുടെ പെരുമാറ്റം സഹിക്കാവുന്നതിലും അപ്പുറമാണെന്നും ഷുക്കൂർ പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തിനിൽക്കെ പാർട്ടിയിൽ നിന്ന് നേതാക്കൾ കൊഴിഞ്ഞു പോകുന്നത് മുന്നണിക്കും ക്ഷീണമാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് ഷുക്കൂറിനെ അനുനയിപ്പിക്കാനുള്ള ശ്രമം പാർട്ടി ആരംഭിച്ചത്.
Adjust Story Font
16