പാർട്ടി വിട്ടുവെന്ന് പറഞ്ഞത് വൈകാരിക പ്രകടനമെന്ന് ഷുക്കൂർ, അനുനയിപ്പിച്ച് സിപിഎം
പാർട്ടിക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും നേതാക്കൾ ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് പറഞ്ഞതായും ഷുക്കൂർ
പാലക്കാട്: പാർട്ടി വിട്ട പാലക്കാട്ടെ ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂറിനെ അനുനയിപ്പിച്ച് സിപിഎം. പാർട്ടി വിട്ടു എന്ന് പറഞ്ഞത് വൈകാരിക പ്രകടനമെന്നാണ് പിന്നാലെ അബ്ദുൽ ഷുക്കൂർ മീഡിയവണിനോട് പ്രതികരിച്ചത്. ജില്ലാ സെക്രട്ടറിയുടെ വിമർശനം വേദനിപ്പിച്ചുവെന്നും അതേസമയം പാർട്ടിക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും നേതാക്കൾ ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് പറഞ്ഞതായും ഷുക്കൂർ വ്യക്തമാക്കി.
പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന വൈകാരിക പ്രകടനമായിപ്പോയി അത്. തന്റെ വിഷമങ്ങളെ പരിഹരിക്കാൻ നേതാക്കൾ തയ്യാറായിട്ടുണ്ട്. പ്രശ്‌നങ്ങൾ പൂർണമായും പരിഹരിക്കപ്പെടും. പാർട്ടിയിൽ നിന്നും മാറി നിൽക്കുന്നുവെന്നാണ് താൻ പറഞ്ഞത്. അല്ലാതെ വേറൊരു പാർട്ടിയിലേക്ക് പോകുമെന്നോ വേറൊരു മേഖല തേടുമെന്നോ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎം ജില്ലാ നേതൃത്വം അപമാനിക്കുകയും അവഗണിക്കുകയും ചെയ്തെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസമാണ് ഷുക്കൂർ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പാലക്കാട് സിപിഎം പ്രതിസന്ധിയിലാകുന്ന നീക്കമായിരുന്നു ജനകീയനായ ഷുക്കൂറിന്റെ പിൻവാങ്ങൽ. പിന്നാലെ നേതാക്കൾ അനുനയിപ്പിച്ചതിനെ തുടർന്ന് വൈകുന്നേരത്തോടെ ഷുക്കൂർ പാർട്ടിയിൽ തിരിച്ചെത്തുകയായിരുന്നു. പാലക്കാട്ട് നടന്ന പാർട്ടി പരിപാടിയിലും അദ്ദേഹം പങ്കെടുത്തിരുന്നു.മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും പാലക്കാട് നഗരസഭാ കൗൺസിലറും പാലക്കാട് ഓട്ടോ ടാക്സി യൂണിയൻ ജില്ലാ ട്രഷററുമാണ് ഷുക്കൂർ.
Adjust Story Font
16