'ഷൈബിൻ അഷ്‌റഫിന്റെ വലം കയ്യായി പ്രവർത്തിച്ചത് റിട്ട. എസ്.ഐ സുന്ദരൻ'; ദുരൂഹ സാഹചര്യത്തിൽ മരിച്ച ദീപേഷിന്റെ കുടുംബം
വൈദ്യൻ കൊലക്കേസിൽ ചോദ്യംചെയ്യാൻ വിളിപ്പിച്ച സുന്ദരൻ നിലവിൽ ഒളിവിലാണ്
വൈദ്യൻ കൊലക്കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ വലം കയ്യായി പ്രവർത്തിച്ചത് റിട്ട. എസ്. ഐ സുന്ദരനാണെന്ന് ദുരൂഹ സാഹചര്യത്തിൽ മരിച്ച ദീപേഷിന്റെ കുടുംബവും സുഹൃത്തുക്കളും. ദീപേഷിനെ കെട്ടിത്തൂക്കി മർദിച്ച കേസിൽ ഷൈബിൻ അഷ്‌റഫിനും കൂട്ടാളികൾക്കുമായി ഇടപെട്ടത് എസ്. ഐ സുന്ദരനാണെന്നും കുടുംബം ആരോപിച്ചു. വൈദ്യൻ കൊലക്കേസിൽ ചോദ്യംചെയ്യാൻ വിളിപ്പിച്ച സുന്ദരൻ നിലവിൽ ഒളിവിലാണ്.
ഷൈബിൻ അഷ്റഫിനെതിരെ കൂടുതൽ ആരോപണങ്ങളുമായി ദീപേഷിന്റെ ഭാര്യ ഇന്നലെ പ്രതികരണവുമായെത്തിയിരുന്നു. ഭർത്താവിനെ ഷൈബിൻ വധിച്ചെന്ന് സംശയിക്കുന്നതായി ദീപേഷിന്റെ ഭാര്യ മീഡിയ വണ്ണിനോട് പറഞ്ഞു. ഭർത്താവിന്റെ മരണത്തിൽ സംശയം ഉണ്ടായിരുന്നെങ്കിലും കേസുമായി പോകാൻ സാധിച്ചില്ല. സുൽത്താൻ ബത്തേരി പൊലീസ് കേസെടുത്തിരുന്നെങ്കിലും പിന്നീട് ഒത്തുതീർപ്പാക്കിയെന്നും ജിസാ പി ജോസ് ആരോപിച്ചു. ഏറ്റവും നന്നായി നീന്താനറിയാവുന്ന ദീപേഷ് ഒരിക്കലും മുങ്ങി മരിക്കില്ലെന്നും ജിസ വ്യക്തമാക്കി.
ഷൈബിൻ അഷ്റഫിനെ കുറിച്ച് ദിവസവും പുറത്തുവരുന്ന ആരോപണങ്ങളിൽ ഏറ്റവും പുതിയതാണ് ദീപേഷിന്റെ ഭാര്യ പുറത്തുവിട്ടിട്ടുള്ള ആരോപണങ്ങൾ. കഴിഞ്ഞ രണ്ട് വർഷം മുൻപ് മാർച്ച് നാലിനാണ് ദീപേഷ് കർണാടകയിലെ കുട്ടയിൽ കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ഇതിന്റെ ഏതാനും വർഷങ്ങൾക്ക് മുമ്പ് ദീപേഷും ഷൈബിനും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഷൈബിൻ ദീപേഷിനെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടിൽ വച്ച് ക്രൂരമായി മർദ്ദിച്ച് അവശനാക്കി ഒഴിഞ്ഞ കാപ്പിത്തോട്ടത്തിൽ ഉപേക്ഷിച്ചിരുന്നു. സംഭവത്തിൽ ഇവർ കേസ് കൊടുത്തിരുന്നെങ്കിലും പോലും പോലീസിലുള്ള ഷൈബിന്റെ സ്വാധീനമുപയോഗിച്ച് കേസ് ഒത്തുതീർപ്പാക്കി പോവുകയാണുണ്ടായതെന്ന് ജിസാ പി ജോസ് ആരോപിച്ചു.
പിന്നീട് രണ്ട് വർഷം കഴിയുമ്പോഴാണ് ദീപേഷ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെടുന്നത്. ഒരിക്കലും കേസിനു പോകാൻ കഴിയുന്ന ധൈര്യമുണ്ടായിരുന്നില്ല. കേസ് നേരത്തെ ഒത്തുതീർപ്പാക്കാൻ അന്നത്തെ എസ് ഐ ശ്രമിച്ചെന്നും ജിസാ പി ജോസ് ആരോപിച്ചു. മുൻപ് ദീപേഷിന്റെ ടീം ഷൈബിൻ സ്പോൺസർ ചെയ്ത വടംവലി ടീമിനെ തോൽപ്പിച്ചതിന്റെ പ്രതികാരമായാണ് ദീപേഷിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് എന്നും ജിസ ആരോപിച്ചു.
Adjust Story Font
16