അരിവാൾ രോഗികൾക്ക് ചികിത്സാ കേന്ദ്രം; സർക്കാർ വാഗ്ദാനം ലംഘിച്ചെന്നാരോപിച്ച് രോഗികൾ സമരത്തിൽ
അരിവാള്‍ രോഗികൾക്കായി കഴിഞ്ഞ സർക്കാരാണ് പ്രത്യേക പരിചരണ കേന്ദ്രമെന്ന പ്രഖ്യാപനം നടത്തിയത്
വയനാട്ടിൽ അരിവാൾ രോഗികൾക്ക് ചികിത്സാ കേന്ദ്രം ഒരുക്കാമെന്ന വാഗ്ദാനം സർക്കാർ ലംഘിച്ചെന്നാരോപിച്ച് രോഗികൾ സമരത്തിൽ. മാനന്തവാടി തലപ്പുഴയിൽ ആശുപത്രിയ്ക്കായി തറക്കല്ലിട്ടതൊഴിച്ചാൽ മറ്റ് പ്രവർത്തികളൊന്നും ഇതുവരെ മുന്നോട്ടു പോയിട്ടില്ല. ബജറ്റിൽ അരിവാൾ രോഗികൾക്കായി ധനസഹായം പ്രഖാപിച്ചത് സ്വാഗതാർഹമാണെങ്കിലും വാഗ്ദാന ലംഘനം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് രോഗികൾ.
വൈദ്യശാസ്ത്ര ലോകത്തിന് ഇനിയും കൃത്യമായ മരുന്നു കണ്ടുപിടിക്കാന്‍ കഴിയാത്ത രോഗമാണ് സിക്കിൾസെൽ അനീമിയ അഥവാ അരിവാൾ രോഗം. സ്വന്തമായി ജോലി ചെയ്യാനോ സ്വന്തം കാലിൽ നിൽക്കാനോ കഴിയാത്ത ഈ രോഗികൾക്കായി കഴിഞ്ഞ സർക്കാരാണ് പ്രത്യേക പരിചരണ കേന്ദ്രമെന്ന പ്രഖ്യാപനം നടത്തിയത്. തവിഞ്ഞാൽ പഞ്ചായത്തിലെ ബോയ്സ് ടൗണിൽ ഇതിനായി സ്ഥലം കണ്ടെത്തുകയും 2021 ഫെബ്രുവരി 14 ന് അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ ശൈലജ കേന്ദ്രത്തിന് തറക്കല്ലിടുകയും ചെയ്തു.
എന്നാൽ, തറക്കല്ലിട്ട് ഒരുവർഷം കഴിഞ്ഞിട്ടും 'കോമ്പ്രഹെൻസീവ് ഹീമോഗ്ലോബിനോപ്പതി റിസേർച്ച് സെന്റർ' എന്ന ചികിത്സാ കേന്ദ്രത്തിൻ്റെ നിർമാണ പ്രവർത്തികൾ പോലും ഇതുവരെ ആരംഭിച്ചിട്ടില്ല. വയനാടിന് പുറമെ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെയും കർണാടകയിലെ കുടക്, മൈസൂർ, നീലഗിരി ജില്ലകളിലെയും അരിവാൾ രോഗികൾക്ക് ആശ്വാസം പകരുന്നതായിരുന്നു പദ്ധതി. 23 വർഷമായി അരിവാൾ രോഗികളുടെ സംഘടന നിരന്തരം ആവശ്യപ്പെട്ടിട്ടും കഴിഞ്ഞ സർക്കാർ ഉറപ്പുനൽകിയിരുന്നിട്ടും കൂടി 'സെന്‍റർ' പ്രഖ്യാപനങ്ങളിലും തറക്കല്ലിടലിലും മാത്രം ഒതുങ്ങിയതോടെയാണ് രോഗികൾ സമരത്തിനിറങ്ങിയത്.
സമഗ്രമായ ചികിത്സാ കേന്ദ്രം യാഥാർഥ്യമാകുന്നതുവരെ രോഗികൾക്ക് വയനാട് മെഡിക്കൽ കോളജിൽ സ്പെഷ്യൽ യൂണിറ്റ് സ്ഥാപിക്കണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു
Adjust Story Font
16