Quantcast

സിദ്ധാർഥന്റെ മരണം: ചതിക്കപ്പെട്ടെന്ന് പിതാവ്; അന്വേഷണം സി.ബി.ഐയ്ക്കു കൈമാറുന്നതിൽ സർക്കാരിന് വീഴ്ച

അന്വേഷണം സി.ബി.ഐയ്ക്കു കൈമാറുമെന്ന് നേരത്തെ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ജയപ്രകാശന് ഉറപ്പുലഭിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-03-26 06:35:49.0

Published:

26 March 2024 5:34 AM GMT

Investigation into the death of Siddharthan at Pookode Veterinary University has come to a standstill: Alleges the father Jayaprakash, CBI
X

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ സിദ്ധാർഥന്റെ മരണത്തിൽ അന്വേഷണം വഴിമുട്ടിയിരിക്കുകയാണെന്ന് പിതാവ് ജയപ്രകാശ്. തിരുവനന്തപുരം കന്റോൺമെന്റ് ഹൗസിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.എഫ്.ഐ നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്നും മുഖ്യമന്ത്രിയെ ഇനി കാണാൻ ആലോചനയില്ലെന്നും ജയപ്രകാശ് പറഞ്ഞു. അതിനിടെ, സിദ്ധാർഥന്റെ മരണത്തിൽ അന്വേഷണ ശിപാർശ കൈമാറുന്നതിൽ സർക്കാരിനു വീഴ്ച സംഭവിച്ചെന്ന് റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്.

തനിക്ക് വിശ്വാസമുള്ളതുകൊണ്ടാണ് പ്രതിപക്ഷ നേതാവിനെ കണ്ടതെന്ന് ജയപ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. ഭരണകക്ഷിയുടെ അടുത്തു പോയാൽ എന്താകുമെന്ന് അറിയാമല്ലോ!? എസ്.എഫ്.ഐ നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നത്. ഇക്കാര്യത്തിൽ അന്വേഷണം വൈകുന്ന കാര്യമാണ് പ്രതിപക്ഷ നേതാവിനെ അറിയിച്ചത്. മുഖ്യമന്ത്രിയെ ഇനി കാണാൻ ആലോചനയില്ല. താൻ ചതിക്കപ്പെട്ടോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണം സി.ബി.ഐ ഇതുവരെ ഏറ്റെടുത്തിട്ടില്ല. അന്വേഷണം കൈമാറാൻ വിജ്ഞാപനം ഇറക്കിയതുകൊണ്ട് മാത്രമായില്ല. മുഖ്യമന്ത്രി പറഞ്ഞു പറ്റിച്ചെന്നല്ല. പക്ഷെ, ചതിക്കപ്പെട്ടുവെന്ന തോന്നലുണ്ട്. സംഭവത്തിൽ തന്റെയും കുടുംബത്തിന്റെയും വായ് മൂടിക്കെട്ടിയെന്നും അദ്ദേഹം ആരോപിച്ചു. കേസിൽ കൊലയാളികളെ രക്ഷിച്ചെടുക്കാൻ സർക്കാരും സി.പി.എമ്മും ശ്രമിക്കുന്നുവെന്ന് വി.ഡി സതീശൻ ആരോപിച്ചു. കേസ് അട്ടിമറിക്കാനുള്ള നീക്കം ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, സിദ്ധാർഥന്റെ മരണത്തിൽ അന്വേഷിക്കാനുള്ള ശിപാർശ സി.ബി.ഐയ്ക്കു കൈമാറുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്നു വ്യക്തമാകുകയാണ്. വിജ്ഞാപനം കൈമാറിയെങ്കിലും പെർഫോമ റിപ്പോർട്ട് കൈമാറാൻ വൈകുകയാണ്. കേസിന്റെ നാൾവഴി ഉൾപ്പെടുന്ന റിപോർട്ടാണ് പെർഫോമ. ഈ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ സി.ബി.ഐ കേസ് പരിഗണിക്കൂ. ഈ മാസം ഒൻപതിന് ഇറക്കിയ വിജ്ഞാപനം കൈമാറിയത് 16നാണ്. നടപടി വിവാദമായതോടെ റിപ്പോർട്ട് കൈമാറാൻ ശ്രമം തുടങ്ങിയിരിക്കുകയാണണു സർക്കാർ.

Summary: Investigation into the death of Siddharthan at Pookode Veterinary University has come to a standstill: Alleges the father Jayaprakash

TAGS :

Next Story