സിദ്ധാർഥന്റെ മരണം; പിതാവ് ജയപ്രകാശിന്റെ മൊഴി രേഖപ്പെടുത്താൻ സി.ബി.ഐ
കേരള സർക്കാർ കേസ് അട്ടിമറിക്കാൻ പരമാവധി ശ്രമിച്ചുവെന്നും സി.ബി.ഐ അന്വേഷണം ഏറ്റെടുത്തതിൽ ആശ്വാസമുണ്ടെന്നും ജയപ്രകാശ്.
വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ പിതാവിന്റെ മൊഴി രേഖപ്പെടുത്താൻ സി.ബി.ഐ. ചൊവ്വാഴ്ച ഹാജരാകാമെന്ന് ജയപ്രകാശ് സി.ബി.ഐയെ അറിയിച്ചു. സി.ബി.ഐ എസ്.പിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ഇന്ന് വയനാട്ടിലെത്തിയത്. വയനാട് എസ്.പിയുമായി കൂടിക്കാഴ്‌ച നടത്തിയ സംഘം കേസിന്റെ വിശദാംശങ്ങൾ ചോദിച്ചറിയുകയും ചെയ്തു.
സിദ്ധാര്‍ഥന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണത്തിന് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് അന്വേഷണ സംഘം വയനാട്ടിലെത്തിയത്. ഇന്നലെ കണ്ണൂരിലെത്തിയ സംഘം, കല്‍പ്പറ്റ ഡി.വൈ.എസ്.പി ടി.എന്‍ സജീവില്‍ നിന്ന് വിശദാംശങ്ങള്‍ ശേഖരിച്ചിരുന്നു. വയനാട് എസ്.പി അധ്യക്ഷനായ പ്രത്യേക അന്വേഷണ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥനാണ് ടി.എൻ സജീവ്. കേരള സർക്കാർ കേസ് അട്ടിമറിക്കാൻ പരമാവധി ശ്രമിച്ചുവെന്നും സി.ബി.ഐ അന്വേഷണം ഏറ്റെടുത്തതിൽ ആശ്വാസമുണ്ടെന്നും സിദ്ധാർഥന്റെ അച്ഛൻ ജയപ്രകാശ് പറഞ്ഞു.
സി.ബി.ഐ അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നെങ്കിലും രണ്ട് മാസത്തിന് ശേഷമാണ് രേഖകൾ കൈമാറിയതെന്ന് സിദ്ധാർഥന്റെ അച്ഛൻ ഇന്നലെ കോടതിയിൽ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ, കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കാതെ അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. ഇതോടെ, സി.ബി.ഐ അന്വേഷണത്തിന് ഉടൻ വിജ്ഞാപനമിറക്കറണമെന്ന് കേന്ദ്രസർക്കാറിന് ഹൈക്കോടതി നിർദേശം നൽകുകയായിരുന്നു. വിജ്ഞാപനമിറങ്ങിയതോടെ നടപടികൾ വേഗത്തിലാക്കിയ സി.ബി.ഐ സംഘം എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.
Adjust Story Font
16