സിദ്ധാർഥന്റെ മരണം: ഡീനിനെ സസ്‌പെൻഡ് ചെയ്യാൻ നിർദേശം നൽകിയെന്ന് മന്ത്രി ചിഞ്ചുറാണി
ഡീനിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായും മന്ത്രി
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജിലെ ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകിയതായി മന്ത്രി ജെ ചിഞ്ചു റാണി. ഡീനിന്റെ ഭാഗത്തു വീഴ്ച സംഭവിച്ചു. വാർഡൻ എന്ന നിലയിൽ ഡീനായ എം.കെ. നാരായണൻ ഹോസ്റ്റലിൽ ഉണ്ടാകണം. ഡീൻ ഉത്തരവാദിത്തം നിർവഹിച്ചില്ല. ഹോസ്റ്റലിൽ സിസിടിവി ക്യാമറ നിരീക്ഷണം ഏർപ്പെടുത്തുമെന്നും ചിഞ്ചുറാണി പറഞ്ഞു.
എന്നാല്‍ സിദ്ധാർഥന്റെ മരണത്തിൽ നടപടിക്രമങ്ങളെല്ലാം പാലിച്ചിരുന്നുവെന്നും വീഴ്ചയുണ്ടായിട്ടില്ലെന്നുമായിരുന്നു കോളജ് ഡീൻ എം.കെ. നാരായണൻ മാധ്യമങ്ങളോട് പറഞ്ഞത്. ഡീനിന്റെ പണി സെക്യൂരിറ്റി സർവീസ് അല്ല, കുടുംബത്തെ വിവരമറിയിക്കാൻ വൈകിയിട്ടില്ലെന്നും ഡീൻ പറഞ്ഞു.
സിദ്ധാർഥന്റെ മരണത്തിനു ശേഷം ആദ്യമായി മാധ്യമങ്ങളെ കണ്ട ഡീൻ, തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെല്ലാം നിഷേധിക്കുകയായിരുന്നു. വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അത് സർവകലാശാലക്കാണ്. വിസിയും രജിസ്ട്രാറും കഴിഞ്ഞ ശേഷം മാത്രമെ തനിക്ക് ഉത്തരവാദിത്തമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഹോസ്റ്റലിന്റെ സുരക്ഷാ ചുമതല ഡീനിനും വാർഡൻമാർക്കുമാണ് എന്നും സുരക്ഷാ ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ട് ഡീൻ കത്ത് നൽകിയിട്ടില്ല എന്നുമായിരുന്നു പുറത്താക്കപ്പെട്ട വി.സിയുടെ പ്രതികരണം. ഡീൻ പറയുന്നത് കള്ളമാണെന്നായിരുന്നു മരിച്ച സിദ്ധാർഥന്റെ അച്ഛന്റെ പ്രതികരണം.
Adjust Story Font
16