കുറവൻകോണത്തെ പ്രതിക്ക് തന്നെ ആക്രമിച്ച ആളുമായി സാമ്യം; മ്യൂസിയം കേസിലെ പരാതിക്കാരി
തിരിച്ചറിയൽ പരേഡിനായി പരാതിക്കാരിയെ പേരൂർക്കട പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരം: കുറവൻകോണത്ത് വീടാക്രമിച്ച കേസിലെ പ്രതിക്ക് മ്യൂസിയം വളപ്പിൽ തന്നെ ആക്രമിച്ച ആളുമായി സാമ്യമുണ്ടെന്ന് പരാതിക്കാരി. രണ്ടു പേരും തമ്മിൽ രൂപസാദൃശ്യം തോന്നുന്നുണ്ട്. തനിക്ക് യാതൊരു ആശയക്കുഴപ്പവും ഇല്ല. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പരാതിക്കാരി മീഡിയവണിനോട് പറഞ്ഞു.
അതേസമയം, കുറവൻകോണത്ത് വീട് കയറി ആക്രമിച്ച പ്രതി സന്തോഷിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ രാത്രിയാണ് സന്തോഷിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ തന്നെയാണ് മ്യൂസിയം പരിസരത്ത് വച്ച് വനിതാ ഡോക്ടറെയും ആക്രമിച്ചതെന്ന സംശയം അന്വേഷണ സംഘത്തിനുണ്ട്.
ഈ സാഹചര്യത്തിൽ തിരിച്ചറിയൽ പരേഡിനായി പരാതിക്കാരിയെ പേരൂർക്കട പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. രാവിലെ 10ന് പേരൂർക്കട പൊലീസ് സ്റ്റേഷൻ എത്താനാണ് നിർദേശം.
ജലസേചന വകുപ്പ് മന്ത്രിയും കോൺഗ്രസ് നേതാവുമായ റോഷി അഗസ്റ്റിന്റെ പേഴ്‌സണൽ സ്റ്റാഫിന്റെ ഡ്രൈവറാണ് അറസ്റ്റിലായ സന്തോഷ്. കുറവൻകോണത്ത് അതിക്രമം നടന്ന വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് സന്തോഷിനെ പോലീസ് പിടികൂടിയത്. വീട് ആക്രമിച്ചത് താനാണെന്ന് സന്തോഷ് കുറ്റം സമ്മതിച്ചെങ്കിലും മ്യൂസിയം കേസുമായി ഇയാൾക്ക് ബന്ധമുണ്ടോ എന്നതിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഏറെ നേരം ചോദ്യം ചെയ്തിട്ടും മ്യൂസിയത്തിൽ യുവതിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമ കേസിൽ പ്രതി കുറ്റം സമ്മതിച്ചിട്ടില്ല. ഇന്ന് ചോദ്യം ചെയ്യുകയും തിരിച്ചറിയൽ പരേഡ് നടക്കുകയും ചെയ്ത ശേഷം ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാവും. ചൊവ്വാഴ്ച രാത്രിയായിരുന്നു കുറവൻകോണത്ത് അശ്വതിയുടെ വീടിന് നേരെ ആക്രമണം ഉണ്ടായത്. സി.സി.ടി.വി ദൃശ്യങ്ങളിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ചൊവ്വാഴ്‌ച 9.45ഓടെ വീട്ടിൽ കയറിപ്പറ്റിയ അക്രമി ടെറസിൽ കുറച്ചുനേരം കറങ്ങിനടന്ന ശേഷം മതിലുചാടി പുറത്തേക്ക് പോയി. അൽപനേരം കഴിഞ്ഞ് കൈയിൽ ചുറ്റികയുമായി വീണ്ടും മതിലുചാടി എത്തിയ ശേഷം ജനൽചില്ലുകൾ തകർക്കുകയായിരുന്നു.
ഇതിനിടെ പോലീസ് പുറത്തുവിട്ട മ്യൂസിയം അതിക്രമ കേസിലെ പ്രതിയുടെ രേഖാചിത്രം കണ്ട വീട്ടുകാർക്ക് രണ്ടും ഒരാൾ തന്നെയാണോ എന്ന സംശയം ബലപ്പെട്ടു. വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ കുറ്റം സമ്മതിച്ച പ്രതി എന്തിനാണ് വീട് ആക്രമിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. ബുധനാഴ്ച പുലർച്ചെ 4.40ഓടെയാണ് മ്യൂസിയം വളപ്പിൽ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്.
Adjust Story Font
16