അമ്പലത്തിനും പള്ളിക്കും ഒറ്റ കവാടവും കാണിക്ക വഞ്ചിയും; മതസൗഹാർദത്തിന്റെ മാതൃകയായി കൊല്ലത്തെ ഇളവറാംകുഴി
നബിദിന റാലികൾ ക്ഷേത്രം ഭാരവാഹികൾ പങ്കെടുക്കുമ്പോൾ ക്ഷേത്രത്തിലെ ഉത്സവ നടത്തിപ്പിന് ജമാഅത്ത് ഭാരവാഹികളാകും മുൻ പന്തിയിലുണ്ടാകുക
കൊല്ലം: മതസൗഹാർദത്തിന്റെ ഉത്തമ മാതൃക നാടിനു പകർന്നു നൽകുകയാണ് കൊല്ലത്തെ ഒരു ഗ്രാമം. ഇവിടെ അമ്പലത്തിനും മുസ്‍ലിം പള്ളിക്കുമായുള്ളത് ഒറ്റ കവാടവും കാണിക്ക വഞ്ചിയുമാണ്. കൊല്ലത്തെ അഞ്ചൽ ഇളവറാംകുഴിയിലെ ആളുകൾ വർഷങ്ങളായി ഇങ്ങനെയാണ് ജീവിക്കുന്നത്.
തമ്മിൽ സഹകരിച്ചും അന്യോന്യം ബഹുമാനിച്ചും ജീവിക്കുന്നു. ശിവപുരം മഹാദേവ ക്ഷേത്രത്തിനും മുഹിയുദ്ധീൻ മുസ്‍ലിം ജമാഅത്ത് പള്ളിക്കുമുള്ളത് ഒറ്റ കവാടമാണ്. വിശ്വാസികളിൽ നിന്ന് കാണിക്ക സ്വീകരിക്കുന്നതിനും ഇവിടുള്ളത് ഒറ്റ അടിത്തറയിൽ നിർമ്മിച്ച വഞ്ചിയാണ്.
ഇരുകൂട്ടർക്കും കൂടി ഒരു കവാടം ഉണ്ടാകണമെന്ന് ആഗ്രഹിച്ചു. പള്ളിയുടെയും അമ്പലത്തിന്റെയും കമ്മിറ്റികൾ കൂടിയാലോചിച്ച് തീരുമാനിച്ചാണ് മതേതര കവാടം ഉണ്ടാക്കിയതെന്ന് ക്ഷേത്രം രക്ഷാധികാരി സുധാകര പണിക്കർ പറയുന്നു. പള്ളിക്ക് വഞ്ചി ഇല്ലായിരുന്നു. അതുകൊണ്ട് ക്ഷേത്രത്തിന്റെ മുന്നിലുണ്ടായിരുന്ന വഞ്ചി ഇടിച്ചുമാറ്റിയിട്ട് മതേതര വഞ്ചി ഉണ്ടാക്കുകയാണ് ചെയ്‌തെന്നും സുധാകര പണിക്കർ പറയുന്നു.
നബിദിന റാലികൾ ക്ഷേത്രം ഭാരവാഹികൾ പങ്കെടുക്കുമ്പോൾ ക്ഷേത്രത്തിലെ ഉത്സവ നടത്തിപ്പിന് ജമാഅത്ത് ഭാരവാഹികളാകും മുൻ പന്തിയിലുണ്ടാകുക. മനുഷ്യരെ സ്‌നേഹിക്കുക കരുതുക എന്ന വലിയ സന്ദേശമാണ് എല്ലാ മതങ്ങളും പകർന്നതെന്ന് ചീഫ് ഇമാം പറയുന്നു.
Adjust Story Font
16