എസ്.ഐ.ഒയുടെ പഠനോപകരണ വിതരണം 'പുസ്തകപ്പച്ച' സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട്ട് നടന്നു
തെരഞ്ഞെടുത്ത 2000 വിദ്യാർഥികൾക്കാണ് പഠന കിറ്റുകൾ നൽകിയത്
കോഴിക്കോട്: എസ്.ഐ.ഒയും പീപ്പിൾ ഫൗണ്ടേഷനും സംയുക്തമായി നിർവഹിക്കുന്ന 'പുസ്തകപ്പച്ച' പഠനോപകരണ വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട്ട് നടന്നു. കോഴിക്കോട് പയ്യാനക്കൽ വെച്ച് നടന്ന പരിപാടിയിൽ പീപ്പിൾ ഫൗണ്ടേഷൻ സംസ്ഥാന സെക്രട്ടറി എം.അബ്ദുൽ മജീദ് ജമാഅത്തെ ഇസ്ലാമി സൗത്ത് ഏരിയ പ്രസിഡന്റ് റസാഖ് മാത്തോട്ടത്തിന് പഠനോപകരണ പദ്ധതി കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി പിന്നോക്കമാക്കപ്പെട്ട 2000 വിദ്യാർഥികൾക്കാണ് പഠന കിറ്റുകൾ നൽകിയത്. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സഈദ് ടി.കെ പരിപാടിക്ക് അധ്യക്ഷത വഹിച്ചു.
പിന്നോക്കമാക്കപ്പെടുന്ന സാമൂഹിക വ്യവസ്ഥക്കെതിരായ സമരത്തിന്റെ ഭാഗം കൂടിയായാണ് ഇത്തരം സേവന ഉദ്യമങ്ങളെ കാണേണ്ടതെന്നും അനീതിക്കും വിവേചനത്തിനുമെതിരായ സമരത്തോടൊപ്പം പിന്നോക്കമാക്കപ്പെടുന്ന വിദ്യാർഥികളെയും ജനങ്ങളെയും ചേർത്ത് പിടിച്ചാണ് നമുക്ക് മുന്നോട്ട് പോകാനുള്ളതെന്നും സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സഈദ് ടി.കെ അഭിപ്രായപ്പെട്ടു. പരിപാടിയിൽ പീപ്പിൾ ഫൗണ്ടേഷൻ കോഴിക്കോട് സിറ്റി കോഡിനേറ്റർ നിഹാസ് നടക്കാവ് സ്വാഗതവും ജി.ഐ.ഒ സംസ്ഥാന കൗൺസിൽ മെമ്പർ ആയിഷ ഗഫൂർ, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് നവാഫ് പാറക്കടവ് എന്നിവർ ആശംസയും നിർവഹിച്ചു.
Adjust Story Font
16