Quantcast

സാങ്കേതിക സർവകലാശാലയിൽ അസാധാരണ നടപടി; വിസിയ്ക്ക് ചുമതല ഏറ്റെടുക്കാൻ ജോയിനിംഗ് രജിസ്റ്റർ നൽകിയില്ല

വെള്ള പേപ്പറിൽ അപേക്ഷ എഴുതിയാണ് ഡോ.സിസാ തോമസ് ചുമതല ഏറ്റത്

MediaOne Logo

Web Desk

  • Updated:

    2022-11-04 05:09:08.0

Published:

4 Nov 2022 5:08 AM GMT

സാങ്കേതിക സർവകലാശാലയിൽ അസാധാരണ നടപടി; വിസിയ്ക്ക് ചുമതല ഏറ്റെടുക്കാൻ ജോയിനിംഗ് രജിസ്റ്റർ നൽകിയില്ല
X

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ അസാധാരണ നടപടി.താൽക്കാലിക വിസിയായി ചുമതല ഏറ്റെടുക്കാൻ ഡോ.സിസാ തോമസിന് ജോയിനിംഗ് രജിസ്റ്റർ നൽകിയില്ല. ചാൻസലറുടെ ഉത്തരവ് അനുസരിച്ച് ചുമതല ഏറ്റെടുത്തു. ജോയിനിംഗ് രജിസ്റ്റർ ലഭിക്കാതിരുന്നതോടെ വെള്ള പേപ്പറിൽ അപേക്ഷ എഴുതിയാണ് ചുമതല ഏറ്റെടുത്തത്. രജിസ്ട്രാര്‍ സ്ഥലത്ത് ഇല്ലാത്തതിനാലാണ് ഇങ്ങനെയൊരു നടപടിയെന്നാണ് പറയുന്നത്.

എന്നാല്‍ വി.സി ചുമതലയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ വലിയ പ്രതിഷേധമാണ് സര്‍വകലാശാലയില്‍ നടക്കുന്നത്. സർവകലാശാലയ്ക്ക് മുന്നിൽ എസ്എഫ്‌ഐ പ്രതിഷേധവും ഉപരോധവും നടത്തി. ഈ പ്രതിഷേധത്തെ തുടര്‍ന്ന് രജിസ്ട്രാര്‍ മാറി നില്‍ക്കുന്നതെന്നും വിവരമുണ്ട്. പ്രതിഷേധത്തിനെത്തിയ എസ്.എഫ്.ഐ പ്രവർത്തകരും പൊലീസും തമ്മലിൽ വാക്കേറ്റവുമുണ്ടായിരുന്നു.

അതേസമയം, വിസിക്കെതിരെ പ്രതിഷേധവുമായി എസ്എഫ്ഐക്ക് ഒപ്പം കെജിഒഎയും എത്തിയിരുന്നു. പ്രതിഷേധം പ്രതീക്ഷിച്ചതെന്ന് സിസ തോമസ് പറഞ്ഞു. ജീവനക്കാരുടെ പിന്തുണയുണ്ടെങ്കിലെ സുഗമമായി മുന്നോട്ട് പോകാനാവൂ. സർവകലാശാലയുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ഇതൊക്കെ പരിഹരിക്കേണ്ടതുണ്ട്. തനിക്ക് അധിക ചുമതല മാത്രമാണുള്ളത്. സ്ഥിരം വിസി വരുന്നത് വരെയുള്ള ചുമതല നിർവഹിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അവര്‍‌ മാധ്യമങ്ങളോട് പറഞ്ഞു.

സാങ്കേതിക വിദ്യാഭ്യാസ ജോയിൻറ് ഡയറക്ടാറാണ് സിസ. സർക്കാർ ശിപാർശ തള്ളിയാണ് രാജ്ഭവൻ സിസാ തോമസിനെ താൽക്കാലിക വിസിയായി നിയമിച്ചത്. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ചുമതല നൽകാനായിരുന്നു സർക്കാർ ശിപാർശ.


TAGS :

Next Story