ടി. ശിവദാസമേനോന്റെ മൃതദേഹം സംസ്‌കരിച്ചു; അന്തിമോപചാരം അർപിച്ച് മുഖ്യമന്ത്രി
കൊച്ചുമകൾ നീത ശ്രീധരൻ ചിതക്ക് തീ കൊളുത്തി
മലപ്പുറം: അന്തരിച്ച മുതിർന്ന സി.പി.എം നേതാവും മുൻ ധനമന്ത്രിയുമായിരുന്ന ടി. ശിവദാസമേനോന്റെ മൃതദേഹം സംസ്‌കരിച്ചു. മഞ്ചേരിയിലെ മകളുടെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. കൊച്ചുമകൾ നീത ശ്രീധരൻ ചിതക്ക് തീ കൊളുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ മഞ്ചേരിയിലെ വീട്ടിലെത്തിയിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറും ശിവദാസമേനോന് അന്തിമോപചാരം അർപ്പിച്ചു.
ചൊവ്വാഴ്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു. മലമ്പുഴ മണ്ഡലത്തിൽനിന്ന് മൂന്ന് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മൂന്നാം ഇ.കെ. നായനാർ മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്നു. രണ്ടാം നായനാർ മന്ത്രിസഭയിൽ വൈദ്യുതി, ഗ്രാമവികസന വകുപ്പുകളും കൈകാര്യം ചെയ്തു.
ജന്മനാടായ മണ്ണാർക്കാട് കെ.ടി.എം ഹൈസ്‌കൂൾ അധ്യാപകനായും പിന്നീട് പ്രധാനാധ്യാപകനായും ഔദ്യോഗിക ജീവിതം തുടങ്ങിയ ശിവദാസ മേനോൻ അധ്യാപക സംഘടനാ പ്രവർത്തനത്തിലൂടെയാണ് സി.പി.എം രാഷ്ട്രീയത്തിലെത്തിയത്. 1987ൽ മലമ്പുഴ മണ്ഡലത്തിൽ നിന്നും ആദ്യമായി നിയമസഭയിലെത്തി.
1991ലും 1996ലും അതേ മണ്ഡലത്തിൽ നിന്നു തന്നെ നിയമസഭയിലെത്തി. 1987 മുതൽ 1991വരെയാണ് നായനാർ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായ്. 1996 -2001 കാലഘട്ടത്തിൽ സംസ്ഥാന ധനമന്ത്രിയായി അഞ്ച് തവണ തുടർച്ചയായി ബജറ്റ് അവതരിപ്പിക്കുകയും ചെയ്തു. അതേ കാലയളവിൽ എക്സൈസ് വകുപ്പും അദ്ദേഹം കൈകാര്യം ചെയ്തു.എക്സൈസ് മന്ത്രിയായിരിക്കെ കേരളത്തിലെ കള്ളുഷാപ്പുകൾ സഹകരണ സംഘങ്ങൾക്ക് ഏൽപ്പിച്ചു കൊടുത്ത തീരുമാനം ശ്രദ്ധ നേടിയിരുന്നു.
വി.എസ്.കെ പണിക്കരുടെ മകനായി 1932 ജൂൺ 14ന് പാലക്കാട് ജില്ലയിലെ മണ്ണാർക്കാടായിരുന്നു മേനോൻ ജനിച്ചത്. പരേതയായ ടി.കെ ഭവാനിയാണ് ഭാര്യ. മക്കൾ: ടി.കെ. ലക്ഷ്മീദേവി, കല്ല്യാണിക്കുട്ടി. മരുമക്കൾ: കരുണാകര മേനോൻ (എറണാകുളം), സി. ശ്രീധരൻനായർ (മഞ്ചേരി).
Adjust Story Font
16