Quantcast

ശിവശങ്കർ ഇടതുമുന്നണിയുടെ ഭാഗമല്ല; കേസിൽ കേന്ദ്രം രാഷ്ട്രീയം കളിക്കുന്നുവെന്നും കാനം

അന്വേഷണമൊന്നും സർക്കാരിനെ ബാധിക്കില്ല

MediaOne Logo

Web Desk

  • Updated:

    2023-02-15 07:01:57.0

Published:

15 Feb 2023 6:28 AM GMT

Kanam Rajendran_Lifemission
X

തിരുവനന്തപുരം: ശിവശങ്കറിന്റെ അറസ്റ്റിനെ സർക്കാർ പ്രതിരോധിക്കേണ്ട കാര്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേസിന് പിന്നിൽ രാഷ്ട്രീയക്കളിയുണ്ടെന്ന് സംശയിക്കുന്നതായും കാനം പറഞ്ഞു.

കേസൊരു ഏജൻസി അന്വേഷിക്കുകയാണ്. ഇതിന്റെ ഭാഗമായി പല നടപടികളും സ്വീകരിക്കും. മുഖ്യമന്ത്രിയെ ലക്ഷ്യംവെച്ചുകൊണ്ടുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് വിശ്വസിക്കുന്നില്ല. പക്ഷേ, കേന്ദ്ര സർക്കാർ ഇതുപോലെയുള്ള കേസുകൾ മുന്നിൽ നിർത്തി രാഷ്ട്രീയം കളിക്കുകയാണ്. പ്രതിപക്ഷത്തിനുള്ള മറുപടി നിയമസഭയിൽ പറഞ്ഞിട്ടുണ്ടെന്നും കാനം വ്യക്തമാക്കി.

കോഴ വാങ്ങിയെന്ന് തെളിയിക്കപ്പെടുന്നത് വരെ അതൊരു ആരോപണവുമായി തന്നെ നിലനിൽക്കും. ഈ അന്വേഷണമൊന്നും സർക്കാരിനെ ബാധിക്കില്ല. അറസ്റ്റിനെ പ്രതിരോധിക്കേണ്ട കാര്യം ഇടതുമുന്നണിക്കില്ല. ശിവശങ്കർ ഇടതുമുന്നണിയുടെ ഭാഗമല്ലെന്നും കാനം കൂട്ടിച്ചേർത്തു.

അതേസമയം, ശിവശങ്കറിന്റെ അറസ്റ്റ് മുഖ്യമന്ത്രിക്ക് നേരെയാണ് വിരൽ ചൂണ്ടുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കേന്ദ്ര ഏജൻസികൾ സത്യസന്ധമായി അന്വേഷിച്ചാൽ വസ്‌തുതകൾ പുറത്തുവരുമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ശിവശങ്കറിന്റെ അറസ്റ്റെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

കേസിൽ മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നതായി ലൈഫ് മിഷൻ കേസിലെ പരാതിക്കാരനും മുൻ എംഎൽഎയുമായ അനിൽ അക്കരയും പറഞ്ഞിരുന്നു. കേസ് മുൻനിർത്തി സംസ്ഥാന സർക്കാരിനെ ബ്ലാക്ക് മെയിൽ ചെയ്യാനുള്ള ശ്രമമാണോ നടക്കുന്നതെന്നും അനിൽ അക്കര സംശയം പ്രകടിപ്പിച്ചു.

അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കുകയാണ്. കേസുമായി ബന്ധപ്പെട്ട മറ്റുവിശദാംശങ്ങൾ ഇഡി കോടതിയിൽ അറിയിക്കും. ശിവശങ്കറിനെ കസ്റ്റഡിയിൽ വാങ്ങാനാണ് ഇഡിയുടെ നീക്കമെന്നാണ് സൂചന.

TAGS :

Next Story