Quantcast

റെഡ്ക്രസന്റിനെ ലൈഫ് മിഷനിലേക്ക് കൊണ്ടുവരാന്‍ സ്വപ്നക്ക് ശിവശങ്കറിന്‍റെ ഉപദേശം; വാട്സാപ്പ് ചാറ്റ് പുറത്ത്

2019 സെപ്തംബറിൽ സ്വപ്‌നയും ശിവശങ്കറും തമ്മിൽ നടത്തിയ വാട്‌സാപ്പ് ചാറ്റിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇന്നലെ ചോദ്യം ചെയ്ത സുഹൃത്തും ചാറ്റേർഡ് അക്കൗണ്ടന്റുമായ വേണുഗോപാലും ശിവശങ്കറിനെതിരെ മൊഴി നൽകിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-02-17 05:43:07.0

Published:

17 Feb 2023 5:40 AM GMT

Sivashankars advice to Swapna, bring Red Crescent to life mission, WhatsApp chat is out, breaking news malayalam
X

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിലെ കള്ളപ്പണ ഇടപാടിൽ സ്വപ്‌ന സുരേഷും എം. ശിവശങ്കറും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. യു.എ.ഇ റെഡ്ക്രസന്റിനെ എങ്ങനെ പദ്ധതിയിലേക്ക് കൊണ്ടുവരണമെന്ന് സ്വപ്നക്ക് ഉപദേശം നൽകി. സർക്കാരിന് റെഡ്ക്രസന്റ് നൽകേണ്ട കത്തിന്റെ രൂപരേഖയും ശിവശങ്കർ സ്വപ്നക്ക് നൽകി. കൂടാതെ യു.എ.ഇ കോൺസുലേറ്റിന്റെ കത്ത് കൂടി ഇതോടൊപ്പം ചേർത്ത് മുഖ്യമന്ത്രിക്ക് നൽകണമെന്ന നിർദേശവും സ്വപ്നക്ക് ശിവശങ്കർ നൽകി.

2019 സെപ്തംബറിൽ സ്വപ്‌നയും ശിവശങ്കറും തമ്മിൽ നടത്തിയ വാട്‌സാപ്പ് ചാറ്റിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇന്നലെ ചോദ്യം ചെയ്ത സുഹൃത്തും ചാറ്റേർഡ് അക്കൗണ്ടന്റുമായ വേണുഗോപാലും ശിവശങ്കറിനെതിരെ മൊഴി നൽകിയിരുന്നു. ലോക്കർ തുറന്നത് ശിവശങ്കറിന്റെ നിർദേശപ്രകാരമാണെന്ന് വേണുഗോപാൽ മൊഴി നൽകി. ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ചോദ്യം ചെയ്യലിനോട് ശിവശങ്കർ സഹകരിക്കുന്നില്ലെന്നാണ് ഇ.ഡി വൃത്തങ്ങൾ നൽകുന്ന വിവരം.


അഞ്ചു ദിവസത്തേക്കാണ് ശിവശങ്കറിനെ എറണാകുളം സി.ബി.ഐ കോടതി ഇ.ഡിയുടെ കസ്റ്റഡിയിൽ വിട്ടിരുന്നത്. ലൈഫ് മിഷൻ കരാർ യൂണിറ്റാക്ക് കമ്പനിക്ക് ലഭിക്കുന്നതിൽ മുഖ്യ ആസൂത്രകനായിരുന്നു ശിവശങ്കർ എന്നാണ് ഇ.ഡിയുടെ റിപ്പോർട്ട്. എന്നാൽ ചോദ്യംചെയ്യലിൽ ഇതുവരെയും ശിവശങ്കർ കുറ്റസമ്മതം നടത്തിയിട്ടില്ല. ശിവശങ്കറിനെതിരായ കണ്ടെത്തലുകളിൽ കൂടുതൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് ഇ.ഡി. കേസിൽ കൂടുതൽ ഉന്നതർക്ക് പങ്കുണ്ടോയെന്നും ഇ.ഡി പരിശോധിക്കുന്നുണ്ട്.

മൂന്ന് ദിവസം നീണ്ട ചോദ്യംചെയ്യലിനൊടുവിൽ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് ഇ.ഡി രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ശിവശങ്കറിനെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തിയിരുന്നു.

ശാരീരിക പ്രശ്നങ്ങളുണ്ടെന്ന് അറിയിച്ച സാഹചര്യത്തിൽ ചോദ്യംചെയ്യലിന് ചില മാനദണ്ഡങ്ങൾ കോടതി മുന്നോട്ടുവച്ചിട്ടുണ്ട്. രണ്ടു മണിക്കൂർ ചോദ്യംചെയ്യലിന് ശേഷം ഇടവേള അനുവദിക്കണം, ഇടവേളയിൽ ശാരീരിക ബുദ്ധിമുട്ട് ഉണ്ടായാൽ വൈദ്യസഹായം നൽകണം തുടങ്ങിയവയാണ് നിർദേശങ്ങൾ. അന്വേഷണത്തോട് ശിവശങ്കർ സഹകരിക്കുന്നില്ലെന്നും ഭക്ഷണം കഴിക്കാതെ പലപ്പോഴും ഉപവാസം ആണെന്നും ഇ.ഡി കോടതിയെ അറിയിച്ചു. 10 ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് നൽകിയതെങ്കിലും ഈ മാസം 20 വരെയാണ് ശിവശങ്കറിനെ കസ്റ്റഡിയിൽ വിട്ടത്.



ലോക്കറിൽ ഒരു കോടി രൂപ കണ്ടെത്തിയതിന് പിന്നാലെ സ്വപ്ന സുരേഷ് നൽകിയ മൊഴിയാണ് എം ശിവശങ്കറിന്റെ അറസ്റ്റിൽ നിർണായകമായത്. ശിവശങ്കറിനു ലഭിച്ച കോഴപ്പണമാണ് ഇതെന്നായിരുന്നു സ്വപ്നയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വിശദമായ ചോദ്യംചെയ്യൽ.

കേസിൽ 3 കോടി 38 ലക്ഷത്തിന്റെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ട് എന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. 59 ലക്ഷം രൂപയുടെ കോഴപ്പണമാണ് സന്ദീപ്, സരിത്ത് എന്നിവർക്ക് നൽകിയത്. സന്ദീപിന് പണം നൽകിയത് ബാങ്ക് അക്കൗണ്ടിലൂടെയാണെന്നും ഇതിന്റെ രേഖകളുണ്ടെന്നും ഇ.ഡി പറയുന്നു. തിരുവനന്തപുരം സ്വദേശിയായ യദുകൃഷ്ണനെയും പ്രതിചേർത്തിയിട്ടുണ്ട്. യൂണിറ്റാക്ക് കമ്പനിയെ സരിത്തുമായി പരിചയപ്പെടുത്തിയത് യദുകൃഷ്ണനാണ്. യദുകൃഷ്ണന് മൂന്ന് ലക്ഷത്തിന്റെ കോഴ ലഭിച്ചിട്ടുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ


TAGS :

Next Story