'ശിവശങ്കറിന്റെ അറസ്റ്റ് ഭയപ്പെടുത്തുന്നു, മുഖ്യമന്ത്രിയെ അടക്കം രക്ഷപെടുത്താനുള്ള ശ്രമമെന്ന് സംശയം': അനിൽ അക്കര
സംസ്ഥാന സർക്കാറിനെ ബ്ലാക്ക് മെയിൽ ചെയ്യാനുള്ള കേന്ദ്രനീക്കമെന്നും ആശങ്ക
കൊച്ചി: ശിവശങ്കറിന്റെ അറസ്റ്റ് ഭയപ്പെടുത്തുന്നുവെന്ന് ലൈഫ് മിഷൻ കോഴക്കേസിലെ പരാതിക്കാരനും മുൻ എംഎൽഎയുമായ അനിൽ അക്കര. സംസ്ഥാന സർക്കാരിനെ ബ്ലാക്ക് മെയിൽ ചെയ്യാനുള്ള നീക്കമാണോ അന്വേഷണ ഏജൻസികൾ വഴി കേന്ദ്രം നടത്തുന്നതെന്ന് സംശയിക്കുന്നതായും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.
"കേസ് ഇഡി അന്വേഷിക്കുമ്പോഴാണ് കരമന അക്‌സസ് ബാങ്കിൽ നിന്ന് മാറിയ നോട്ടുകൾ അവരുടെ ലോക്കറിൽ നിന്ന് കണ്ടെത്തുന്നത്. അന്ന് തന്നെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യേണ്ടതായിരുന്നു. പക്ഷേ, ഇഡി അന്ന് ഒരു തിടുക്കവും കാട്ടിയില്ല. പിന്നീട് സിബിഐക്ക് പെറ്റിഷൻ കൊടുത്തതിന് ശേഷമാണ് നടപടിയുണ്ടായത്.
കേസുമായി ബന്ധപ്പെട്ട് വലിയൊരു ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ശക്തമായ സംശയമുണ്ട്. സംസ്ഥാന ഗവർൺമെന്റ്, വിജിലൻസ് അടക്കം നിലവിൽ മൂന്ന് കേസാണുള്ളത്. കേസ് അട്ടിമറിക്കാനുണ്ടാക്കിയ സമാന്തരമായ അന്വേഷണ സംഘമാണിത്. തെളിവുകൾ എങ്ങനെയൊക്കെ നശിപ്പിക്കാമെന്നതിനെ കുറിച്ചാണ് അന്വേഷണം നടന്നത്.
സിബിഐയുടെ മുന്നിലുള്ള കേസ് എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് അന്വേഷിക്കാവുന്നതാണ്. സുപ്രിംകോടതി പോലും സിബിഐക്ക് തടസം നിൽക്കുന്നില്ല. എങ്കിലും, എന്തുകൊണ്ട് സിബിഐ ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നില്ല? കേസ് വളച്ചൊടിക്കുന്ന രീതിയിലേക്ക് കേന്ദ്രസർക്കാറും അന്വേഷണസംഘവും കൊണ്ടുപോകുന്നുവെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. ഒരു ബ്ലാക്ക് മെയിലിലേക്ക് സംസ്ഥാന ഗവൺമെന്റിനെ കൊണ്ടുവരാൻ ശ്രമിക്കുകയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
കേസ് ഇപ്പോൾ സുപ്രിംകോടതിയിൽ എത്തിനിൽക്കുകയാണ്. ഐപിസി, ഫോറിൻ റെഗുലേഷൻ ആക്‌ട് എന്നിവ അനുസരിച്ചും അഴിമതി നിരോധന നിയമം അനുസരിച്ചും അന്വേഷിക്കാൻ കഴിയുന്ന കേസാണിത്. മാത്രമല്ല, കേസിന്റെ അതിർത്തി രാജ്യത്തിന് പുറത്താണ്. യുഎഇ, ഈജിപ്‌ത് അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്‌ത് കൊണ്ടുവരേണ്ടതുണ്ട്. ഇതിനെല്ലാം സംവിധാനമുള്ള സിബിഐ ഇഡിയെ വെച്ച് ശിവശങ്കറിനെ അറസ്റ്റ് ചെയ്യിച്ചു എന്നത് സന്തോഷമുള്ള കാര്യമാണെങ്കിലും ഈ അറസ്റ്റിനെ ഭയപ്പെടുകയും ചെയ്യുന്നു.
സ്വപ്‌ന, സന്ദീപ്, സന്തോഷ് ഈപ്പൻ, ഒഫീഷ്യൽസ് ഓഫ് ലൈഫ് മിഷൻ എന്ന എഫ്‌ഐആർ നിലനിൽക്കുകയാണ്. ഈ ഒഫീഷ്യൽസിൽ മുഖ്യമന്ത്രി അടക്കമുള്ള ഉന്നതർ ഉൾപ്പെടും. സുപ്രിംകോടതിയുടെ നിരീക്ഷണത്തിൽ നിൽക്കുന്ന ഇങ്ങനെയൊരു കേസിൽ നിസാരമായ കള്ളപ്പണം വെളുപ്പിക്കൽ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്‌തത് എന്നത് ആശങ്കയാണ്.
ഏറ്റവും ശക്തമായി ഇടപെടാൻ കഴിയുന്ന സിബിഐ അനങ്ങാതെ നിൽക്കുമ്പോൾ ഇഡി അറസ്റ്റ് നടപടികളിലേക്ക് കടക്കുമ്പോൾ കേസിലെ മറ്റ് പ്രതികൾ രക്ഷപെട്ടുനിൽക്കുന്ന സാഹചര്യമാണ് നമ്മുടെ മുന്നിലുള്ളത്. അതുകൊണ്ടാണ് സംസ്ഥാന സർക്കാറിനെ ബ്ലാക്ക് മെയിൽ ചെയ്യുകയാണോ എന്ന സംശയത്തിന് പ്രസക്‌തി"; അനിൽ അക്കര പറഞ്ഞു.
ശിവശങ്കർ കേസിലെ ടൂൾ മാത്രമെന്ന് അനിൽ അക്കര അറസ്റ്റിന് പിന്നാലെ പ്രതികരിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിലും ഈ കേസ് മൂലം തനിക്ക് വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ടായെന്നും അദ്ദേഹം പറഞ്ഞു. ഈ കേസിലെ തെളിവുകൾ തന്റെ കയ്യിലും പൊലീസിന്റെ കയ്യിലുമുണ്ടെന്നും അവസാന പ്രതി ശിക്ഷപ്പെടുന്നത് വരെ പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി മുതൽ വടക്കാഞ്ചേരി നഗരസഭയിലെ ഇടപെടലുകളുടെ തെളിവുണ്ടെന്നും മുൻ എംഎൽഎ പറഞ്ഞിരുന്നു.
ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഇന്നലെ രാത്രിയാണ് അറസ്റ്റിലായത്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് ശിവശങ്കറിനെ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കോഴ ഇടപാടിൽ ശിവശങ്കറിനെതിരെ തെളിവ് ലഭിച്ചെന്നും ഇഡി അറിയിച്ചിരുന്നു. ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി ലഭിക്കാൻ 4.48 കോടി കോഴ നൽകിയെന്ന യൂണിടെക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. രണ്ട് വർഷം മുമ്പെടുത്ത ലൈഫ് മിഷൻ കേസിലെ ആദ്യ അറസ്റ്റാണ് ഇപ്പോൾ നടന്നിരിക്കുന്നത്. ശിവശങ്കർ ഇപ്പോൾ ഇ.ഡിയുടെ കൊച്ചി ഓഫീസിലാണുള്ളത്. കേന്ദ്ര എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് ഓഫീസർമാരുമായി സംസാരിച്ച ശേഷമാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിൽ സ്വപ്‌ന സുരേഷ്, സരിത്ത്, സന്തോഷ് ഈപ്പൻ എന്നിവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. സരിത്തിനെയും സ്വപ്‌നയെയും ചേർത്തിരുത്തി നടത്തിയ ചോദ്യം ചെയ്യലിൽ ശിവശങ്കർ കോഴപ്പണം സ്വീകരിച്ചതായി അവർ പറഞ്ഞിരുന്നു.
ഒരു കോടി രൂപ സ്വപ്‌നയുടെ ലോക്കറിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇത് ശിവശങ്കറിന് ലഭിച്ച കോഴപ്പണമാണെന്നാണ് സ്വപ്‌ന പറഞ്ഞിരുന്നത്. എന്നാൽ ഇക്കാര്യം ശിവശങ്കർ സമ്മതിച്ചിരുന്നില്ല. ഇപ്പോൾ കുറ്റസമ്മത മൊഴിയില്ലാതെയാണ് ഇ.ഡി ശിവശങ്കറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തനിക്ക് കേസുമായി പങ്കില്ലെന്നും മറ്റുള്ളവർ കെട്ടിച്ചമച്ചതാണെന്നുമാണ് അദ്ദേഹം പറയുന്നത്.
Adjust Story Font
16