വെറ്ററിനറി സർവകലാശാലാ വിദ്യാർഥിയുടെ ദുരൂഹ മരണം; സംഭവത്തിൽ പങ്കില്ലെന്ന എസ്.എഫ്.ഐ വാദം പൊളിയുന്നു
എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി എസ്. അഭിഷേക് അടക്കം ആറ് പേരെയാണ് ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്
വയനാട്: വയനാട് വെറ്ററിനറി സർവകലാശാലാ വിദ്യാർഥിയുടെ ദുരൂഹ മരണത്തിൽ എസ്.എഫ്.ഐ ഭാരവാഹികളടക്കം അറസ്റ്റിലായതോടെ സംഭവത്തിൽ പങ്കില്ലെന്ന എസ്.എഫ്.ഐ വാദം പൊളിയുന്നു. മരിച്ച സിദ്ധാർഥനെ റാഗ് ചെയ്തതിലും ക്രൂരമായി മർദിച്ചതിലും എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി എസ്. അഭിഷേക് അടക്കമുള്ളവർക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. കേസിൽ പ്രതികളായതിനെ തുടർന്ന് ഒളിവിൽ കഴിയുന്ന 12 പേരും എസ്.എഫ്.ഐ ഭാരവാഹികളോ പ്രവർത്തകരോ ആണ്.
എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി എസ്. അഭിഷേക് അടക്കം ആറ് പേരെയാണ് ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. വയനാട് സുൽത്താൻബത്തേരി സ്വദേശി ബിൽഗേറ്റ് ജോഷ്വാ, തിരുവനന്തപുരം കൊഞ്ചിറവിള സ്വദേശി എസ്ഡി ആകാശ്, തൊഴുപുഴ സ്വദേശി ഡോൺസ് ഡായി, തിരുവനന്തപുരം സ്വദേശികളായ രഹൻ ബിനോയ്, ആർ ഡി ശ്രീഹരി എന്നിവരും പാർട്ടി ബന്ധങ്ങളുള്ളവരാണ്. അന്യായമായി തടഞ്ഞുവയ്ക്കൽ ,സംഘം ചേർന്ന് മർദിക്കൽ, മാരകായുങ്ങളുപയോഗിച്ച്പരിക്കേൽപിക്കൽ എന്നീ വകുപ്പുകൾക്കൊപ്പം റാഗിങ് നിരോധന നിയമപ്രകാരവും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ബി.വി.എസ്.സി രണ്ടാംവർഷ വിദ്യാർഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാർഥനെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
മരിക്കും മുമ്പ് സിദ്ധാർഥന് ക്രൂരമർദനം നേരിടേണ്ടിവന്നുവെന്ന് തെളിയിക്കുന്നതായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൂന്നുദിവസം ഭക്ഷണംപോലും നൽകാതെ തുടർച്ചയായി മർദ്ദിച്ചെന്നും ആരോപണമുണ്ടായിരുന്നു. സംഭവത്തിൽ എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികളായ അമൽ ഇഹ്‌സാൻ, കോളജ് യൂണിയൻ പ്രസിഡന്‍റ് കെ. അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ എന്നിവരുൾപ്പെടെ ഒളിവിൽ പോയ 12 പ്രതികളെ ഇപ്പോഴും പിടി കൂടിയിട്ടില്ല. മകൻ ആത്മഹത്യ ചെയ്യില്ലെന്നും അപായപ്പെടുത്തിയതാണെന്നും സിദ്ധാര്‍ഥന്‍റെ മാതാപിതാക്കളും പറഞ്ഞു.
Adjust Story Font
16