Quantcast

ലഹരിക്കെതിരെ എസ്‌കെഎസ്എസ്എഫ് ജനകീയ പ്രചാരണത്തിന് തുടക്കം

ലഹരി വ്യാപനത്തിന്റെ കാരണങ്ങള്‍ തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്ന് എക്‌സൈസ് അസി.കമീഷണര്‍ എം. സുഗുണന്‍

MediaOne Logo

Web Desk

  • Published:

    22 March 2025 5:03 PM

ലഹരിക്കെതിരെ എസ്‌കെഎസ്എസ്എഫ് ജനകീയ പ്രചാരണത്തിന് തുടക്കം
X

കോഴിക്കോട്: ലഹരിയെ തുരത്താം ജീവിതം തിരുത്താം എന്ന പ്രമേയത്തില്‍ എസ്‌കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റി ആരംഭിക്കുന്ന ജനകീയ പ്രചാരണത്തിന് തുടക്കം. പ്രചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം താമരശ്ശേരിയില്‍ എക്‌സൈസ് അസി.കമ്മീഷണര്‍ എം. സുഗുണന്‍ നിര്‍വഹിച്ചു.

ലഹരിക്കെതിരെയുള്ള ക്യാമ്പയിനുകളുടെ ഭാഗമായി ലഹരി ഉപയോഗത്തിലേക്ക് നയിക്കുന്ന കാരണങ്ങളെ തിരിച്ചറിയുകയും പരിഹാരം കാണുകയും ചെയ്യണമെന്ന് എം. സുഗുണന്‍ പറഞ്ഞു. 'വിദ്യാലയ അന്തരീക്ഷങ്ങള്‍ കൂടുതല്‍ സമ്മര്‍ദം നിറഞ്ഞതായി മാറുകയും സൗഹൃദങ്ങള്‍ സ്ഥാപിക്കാനുള്ള അവസരം കുറയുകയും ചെയ്തത് ലഹരി പോലുള്ള പുതിയ സങ്കേതങ്ങളിലേക്ക് എത്തിച്ചേരാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുകയാണ്. സോഷ്യല്‍ മീഡിയ സ്വാധീനം വര്‍ദ്ധിച്ചതോടെ കുടുംബാന്തരീക്ഷങ്ങളില്‍ പരസ്പരം അറിയാനും വാത്സല്യം പങ്കുവെക്കാനുമുള്ള അവസരം കുറഞ്ഞതും കൂടപ്പിറപ്പുകളോട് പോലും ക്രൂരത ചെയ്യാന്‍ മടിയില്ലാതാക്കി മാറ്റുന്നു. ചെറുപ്പകാലങ്ങളില്‍ സ്രോതസ്സ് വ്യക്തമല്ലാത്ത വിധം ആവശ്യത്തിലധികം പണം ലഭ്യമാകുന്നതും ലഹരിയുടെ കടത്തുകാര്‍ക്ക് സഹായകമായി മാറുന്നുണ്ടെന്നും ഇത്തരത്തില്‍ അടിസ്ഥാനപരമായ പ്രശ്‌നങ്ങളെ പരിഹരിച്ചുകൊണ്ട് വേണം ക്യാമ്പയിനുകള്‍ വിജയിപ്പിക്കാനെന്നും' എം. സുഗുണന്‍ കൂട്ടിച്ചേര്‍ത്തു.

പരിപാടിയില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ജനകീയമായ മുന്നേറ്റങ്ങളിലൂടെ ലഹരി പോലുള്ള മഹാവിപത്തുകളെ തടയാന്‍ കഴിയുമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് എസ്‌കെഎസ്എസ്എഫ് ഇത്തരത്തില്‍ വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതെന്നും വിദ്യാഭ്യാസ പ്രക്രിയയില്‍ ധാര്‍മിക വിദ്യാഭ്യാസം കൂടി ഉള്‍പ്പെടുത്തിയാല്‍ മാത്രമേ പുതുതലമുറയെ രക്ഷിക്കാന്‍ കഴിയുകയുള്ളൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പരിപാടിയില്‍ സാഹിത്യകാരന്‍ രമേഷ് കാവില്‍ മുഖ്യാതിഥിയായി. ഫൈസല്‍ എളേറ്റില്‍, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി, അബ്ദുല്‍ ബാരി മുസ്ലിയാര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, ഒ.പി അഷ്‌റഫ് കുറ്റിക്കടവ് സയ്യിദ് മിര്‍ബാത തങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. റാഷിദ് കാക്കുനി, വി.എം ഉമര്‍ മാസ്റ്റര്‍, മുഹമ്മദ് ഹൈതമി വാവാട്, അബ്ദുല്ല മുസ്ലിയാര്‍, നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ, മുസ്തഫ ഹുദവി,അബ്ദുസ്സമദ് ഹാജി കോരങ്ങാട്, മിദ് ലാജ് കോരങ്ങാട്, ശറഫുദ്ധീന്‍ കോട്ടാരക്കോത്ത്, സാക്കിര്‍ ഹുസൈന്‍ ദാരിമി, ശഫീഖ് മുസ്ലിയാര്‍, ശംസുദ്ധീന്‍, അബ്ദുല്‍ വാഹിദ് അണ്ടോണ, ഉനൈസ് റഹ്മാനി, അബ്ദുസ്സലാം കോരങ്ങാട്, മന്‍സൂര്‍ തങ്ങള്‍, ഫാസില്‍ കോളിക്കല്‍ എന്നിവര്‍ സംബന്ധിച്ചു.

TAGS :

Next Story