'ചെറുകിട വിതരണക്കാർക്ക് സപ്ലൈകോ നൽകാനുള്ള കുടിശ്ശിക ഉടൻ നൽകും'; മന്ത്രി ജി.ആർ അനിൽ
സപ്ലെകോ പണം നൽകുന്നില്ലെന്ന വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടൽ
കൊച്ചി: ചെറുകിട വിതരണക്കാർക്ക് സപ്ലൈകോ നൽകാനുള്ള കുടിശ്ശിക ഉടൻ കൊടുത്തു തീർക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ. സർക്കാരിന്റെ ധനസ്ഥിതി മോശമായതിനാലാണ് പണം നൽകാൻ കഴിയാത്തത്. ക്രിസ്തുമസിനു മുമ്പ് കുറച്ചെങ്കിലും നൽകാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു. ചെറുകിട വിതരണക്കാർക്ക് സപ്ലെകോ പണം നൽകുന്നില്ലെന്ന വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടൽ.
ഏഴ് മാസമായി സപ്ലൈകോ ഔട്ട് ലറ്റുകളിൽ ഉൽപ്പന്നങ്ങൾ എത്തിക്കുന്ന ചെറുകിട വിതരണക്കാർക്ക് പണം നൽകുന്നില്ല. ഏകദേശം 400 കോടി രൂപയാണ് ചെറുകിട വിതരണക്കാർക്ക് സപ്ലെകോ നൽകാനുള്ളത്. പണം ലഭിക്കാത്തതിനാൽ വിതരണക്കാർ ആത്മഹത്യയുടെ വക്കോളമെത്തിയെന്ന മീഡിയവൺ വാർത്ത ശ്രദ്ധയിൽ പെട്ട മന്ത്രി ഉടൻ ബില്ലുമാറി നൽകുമെന്നറിയിച്ചു. ക്രിസ്തുമസിന് മുമ്പ് കുറച്ചെങ്കിലും പണം നൽകാൻ വേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്രി ജി.ആർ അനിൽ പറഞ്ഞു.
സപ്ലൈകോയുടെ ക്രിസ്മസ്- പുതുവത്സര വിപണന മേള ഉണ്ടാകില്ലെന്ന മാധ്യമ വാര്‍ത്തകള്‍ തെറ്റാണ്ടെന്നും മന്ത്രി അറിയിച്ചു.കഴിഞ്ഞ തവണ മേള നടത്തിയ ജില്ലകളിൽ ഇത്തവണയും ക്രിസ്മസ് ചന്തയുണ്ടാകും.സബ്‍സിഡിയുള്ള സാധനങ്ങളടക്കം വിപണിയിലുണ്ടാകുമെന്നും ഇതിനായുള്ള ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
Adjust Story Font
16