സ്മിത തിരോധാനക്കേസ്: ഭർത്താവ് സാബു ആന്റണിയെ വെറുതെവിട്ടു
2005 സെപ്റ്റംബറിൽ സാബു ഭാര്യ സ്മിതയെ ദുബൈയിൽ കൊലപ്പെടുത്തിയെന്നായിരുന്നു ആരോപണം.
കൊച്ചി: സ്മിത തിരോധാനക്കേസിൽ ഭർത്താവ് സാബു ആന്റണിയെ വെറുതെവിട്ടു. എറണാകുളം സിജെഎം കോടതിയുടേതാണ് വിധി. 2020ലാണ് കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത്. 2005 സെപ്റ്റംബറിൽ സാബു ഭാര്യ സ്മിതയെ ദുബൈയിൽ കൊലപ്പെടുത്തിയെന്നായിരുന്നു ആരോപണം.
2005 മെയിലായിരുന്നു സാബുവിന്റെയും സ്മിതയുടെയും വിവാഹം. 15 ദിവസം കഴിഞ്ഞ് സാബു ദുബൈക്ക് മടങ്ങി. സെപ്റ്റംബർ ഒന്നിന് ദുബൈയിയിൽ സാബുവിന് അടുത്ത് എത്തിയ സ്മിതയെ മൂന്നാം തീയതി കാണാതായി. മറ്റൊരാൾക്ക് ഒപ്പം പോകുന്നു എന്ന ഒരു ലറ്റർ റൂമിൽ നിന്ന് ലഭിച്ചിരുന്നു. പിറ്റേ ദിവസം വിവരം അന്വേഷിക്കാൻ വന്ന സ്മിതയുടെ ബന്ധു മാക്‌സൺ സാബുവിനെയും റൂമിൽ കണ്ട ദേവയാനി എന്ന സ്ത്രീയെയും മർദ്ദിച്ചു. സ്മിതയുടെ തിരോധാനത്തിൽ ദേവയാനിയെ സംശയിച്ച് സാബു ദുബൈ പോലിസിൽ പരാതി നൽകി. ദേവയാനിയുടെ മർദിച്ചെന്ന പരാതിയിൽ മാക്‌സണും സാബുവും ദുബൈ ജയിലിലായി. സാബുവിന്റെ പരാതിയിൽ ദേവയാനി കരുതൽ തടങ്കലിലായി. മൂവരും എട്ട് മാസത്തോളം ജയിലിൽ കഴിഞ്ഞു. ശേഷം സാബു ദുബായിയിൽ നിന്ന് മടങ്ങി വന്ന് അമേരിക്കയിൽ ജോലിക്കായി പോയി.
2011ലാണ് സ്മിതയെ കാണാതായതിൽ സാബുവിനെതിരെ പള്ളുരുത്തി പൊലിസ് കേസ് രജിസ്റ്റർ ചെയ്തത്. ഹൈക്കോടതി നിർദേശപ്രകാരം 2015ൽ ക്രൈംബ്രാഞ്ചും 2017ൽ സിബിഐയും അന്വേഷണം എറ്റെടുത്തു. സ്മിതയെ തന്റെ മുന്നിൽ വച്ച് സാബു കുത്തി പരിക്കേൽപ്പിക്കുന്നത് കണ്ടുവെന്ന് ദേവയാനി ക്രൈംബ്രാഞ്ചിന് മൊഴി നൽകി. സ്മിത എഴുതി വച്ചുപോയി എന്ന് പറയുന്ന കത്തിലെ കയ്യക്ഷരം സാബുവിന്റേതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. 2015ൽ അമേരിക്കയിൽ നിന്നും തിരിച്ചുവന്ന സാബു അറസ്റ്റിലായി.
ശാസ്ത്രീയ പരിശോധനകൾക്കായി ദേവയാനിയെയും സാബുവിനെയും സിബിഐ അഹമ്മദാബാദിലേക്ക് കൊണ്ടുപോയി. അവിടെവച്ച് ദേവയാനി ആത്മഹത്യ ചെയ്തു. പരിശോധനയിൽ സാബുവിനെതിരെ തെളിവൊന്നും ലഭിച്ചില്ല. 2020ൽ സാബുവിനെതിരെ സിബിഐ കുറ്റപത്രം നൽകി. സാബുവിനെ കുറ്റക്കാരനെന്ന് തെളിയിക്കുന്ന രേഖകളൊന്നും ഹാജരാക്കാൻ സിബിഐക്ക് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വെറുതെവിട്ടത്.
Adjust Story Font
16