Quantcast

സാമൂഹിക പ്രവര്‍ത്തകന്‍ കൈപ്പാണി ഇബ്‌റാഹിം വാഹനാപകടത്തിൽ മരണപ്പെട്ടു

വാഹനാപകടത്തില്‍ പരിക്കേറ്റ് മൂന്നു ദിവസമായി ബംഗളൂരുവില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നിനായിരുന്നു അന്ത്യം

MediaOne Logo

ijas

  • Updated:

    2021-10-31 09:17:26.0

Published:

31 Oct 2021 9:14 AM GMT

സാമൂഹിക പ്രവര്‍ത്തകന്‍ കൈപ്പാണി ഇബ്‌റാഹിം വാഹനാപകടത്തിൽ മരണപ്പെട്ടു
X

മാനന്തവാടി: പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്‍റുമായിരുന്ന വെള്ളമുണ്ട കൈപ്പാണി ഇബ്റാഹീം (55)നിര്യാതനായി. വാഹനാപകടത്തില്‍ പരിക്കേറ്റ് മൂന്നു ദിവസമായി ബംഗളൂരുവില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നിനായിരുന്നു അന്ത്യം. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ഞായറാഴ്ച രാത്രിയോടെ നാട്ടിലെത്തിച്ച് പഴഞ്ചന ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്കരിക്കും.

വയനാട്ടിലെ നിരവധി ജീവ കാരുണ്യ സംരംഭങ്ങൾക്ക് തുടക്കം കുറിച്ച കൈപ്പാണി ഇബ്‌റാഹിം എസ്.എസ്.എഫിലൂടെയാണ് പൊതു പ്രവർത്തന രംഗത്തെത്തുന്നത്. എസ്.എസ്.എഫ്. ജില്ലാ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 1983 ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ ആയി പ്രവർത്തിച്ചു. 2005 ൽ ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസ്സ് പ്രതിനിധിയായി മാനന്തവാടി ബ്ലോക് പഞ്ചായത്ത് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. 2010 ല്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റായിരുന്നു. ഡി ഐ സി ജില്ലാ സെക്രട്ടറി, ഡി ഐ സി ലെഫ്റ്റ് അഡ്‌ഹോക് കമ്മറ്റി ജനറൽ കൺവീനർ കോൺഗ്രസ്സ് എസ് ജില്ലാ പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. കഴിഞ്ഞ പഞ്ചായത്ത് തിരഞെടുപ്പിനോടനുബന്ധിച്ചു മുസ്‌ലിം ലീഗില്‍ ചേര്‍ന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി, സമസ്ത കേരളാ സുന്നി യുവജന സംഘം ജില്ലാ ഭാരവാഹിയായും, മാനന്തവാടി മുഅസ്സസ കോളേജ്, വെള്ളമുണ്ട അൽ ഫുർഖാൻ ഫൗണ്ടേഷൻ എന്നിവയുടെ സ്ഥാപക ഭാരവാഹിയായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.

കൈപ്പാണി ഇബ്രാഹിമിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ച പഴഞ്ചന റിലീഫ് കമ്മറ്റി നടത്തിയ സാന്ത്വന പ്രവർത്തനങ്ങൾ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ജാതി മത ഭേദമന്യേ നിർദ്ധനരായ നൂറുകണക്കിന് യുവതീ യുവാക്കളുടെ സമൂഹ വിവാഹത്തിന് കമ്മറ്റി വേദിയൊരുക്കി. എസ്.വൈ.എസ് സാന്ത്വനം അഡ്വൈസറി ബോർഡ് ചെയർമാൻ, വെള്ളമുണ്ട ഫ്രണ്ട്സ് പെയിൻ ആന്റ് പാലിയേറ്റിവ് പ്രസിഡന്റ്, അല്‍കറാമ ഡയാലിസിസ് സെന്‍റര്‍ ചെയർമാൻ, നല്ലൂര്‍നാട് സിഎച്ച് സെന്‍റര്‍ പ്രസിഡന്റ് , തളിയപ്പാടത്ത് ചാരിറ്റബിൾ ട്രസ്റ്റ് കൺവീനർ, ജില്ലാ ആശുപത്രി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്പന്ദനം ജനറൽ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. വയനാട്, കൂർഗ്, നീലഗിരി ജില്ലകളിൽ ഒട്ടനവധി പെയിൻ ആൻഡ് പാലിയേറ്റിവ്, സാന്ത്വനം യൂണിറ്റുകൾ തുടങ്ങുന്നതിന് നേതൃപരമായ പങ്ക് വഹിച്ചു. ജില്ലയിലെ ആരോഗ്യ മേഖല നേരിടുന്ന പ്രശ്നങ്ങൾ മുൻ നിർത്തി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ആതുര ശ്രുശൂഷ രംഗത്തെ മികച്ച സേവനത്തിനുള്ള നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റിന്റെ ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. ഈയടുത്തായി ബാംഗ്ളൂർ കേന്ദ്രമായി പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: മൈമൂന. മക്കൾ: ഷമീന,ഷഫീന,ഷബ്ന. മരുമക്കള്‍: ഷംസീര്‍ വാണിമേല്‍, ഇജാസ് നരിക്കുനി,ജാവേദ് സുല്‍ത്താന്‍ ബത്തേരി. പരേതനായ കൈപ്പാണി ആലിഹാജിയുടെ മകനാണ്. മാതാവ് ആമിന. സഹോദരങ്ങള്‍: മമ്മൂട്ടി, യൂസഫ്,ഉമര്‍,സുലൈമാൻ, ഫാത്തിമ, ആസ്യ, സുലൈഖ.

TAGS :

Next Story