സമൂഹമാധ്യമങ്ങളിലെ ജീവകാരുണ്യ വീഡിയോകളുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പെന്നു പരാതി
തട്ടിപ്പിനായി ഉപയോഗിക്കുന്നത് ഉത്തരേന്ത്യക്കാരുടെ ബാങ്ക് അക്കൗണ്ടുകളാണെന്നു പരിശോധനയിൽ വ്യക്തമായിട്ടുണ്ട്
കോഴിക്കോട്: ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകളുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ്. ചാരിറ്റിക്കായി അപ്‌ലോഡ് ചെയ്യുന്ന വീഡിയോകളിലെ അക്കൗണ്ട് നമ്പറും ക്യു.ആര്‍ കോഡും മാറ്റി വേറെ പേജുകളിൽ വീഡിയോ അപ്‌ലോഡ് ചെയ്താണ് തട്ടിപ്പ് നടത്തുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജീവകാരുണ്യ പ്രവർത്തകൻ ഷമീർ കുന്ദമംഗലം പൊലീസിൽ പരാതി നൽകി.
നിർധനരായ ആളുകൾക്ക് ചികിത്സാസഹായം കണ്ടെത്താനാണ് ജീവകാരുണ്യ പ്രവർത്തകർ കൂട്ടായ്മകൾ സംഘടിപ്പിച്ച് പണം സ്വരൂപിക്കുന്നത്. ചികിത്സാസഹായം ആവശ്യമുള്ളവരുടെ വിവരങ്ങൾ ചേർത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയാണ് രീതി. ഈ രീതിയിൽ ജീവകാരുണ്യ പ്രവർത്തകർ തയാറാക്കി അപ്‌ലോഡ് ചെയ്യുന്ന വീഡിയോകളാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നത്.
തട്ടിപ്പിനായി ഉപയോഗിക്കുന്നത് ഉത്തരേന്ത്യക്കാരുടെ ബാങ്ക് അക്കൗണ്ടുകളാണെന്നു പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. തട്ടിപ്പുസംഘങ്ങളുടെ പ്രവർത്തനംമൂലം പൊതുസമൂഹത്തിൽ ജീവകാരുണ്യ കൂട്ടായ്മകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണെന്നു സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. നിരവധി ജീവകാരുണ്യ പ്രവർത്തകരുടെ വീഡിയോകളാണ് ഇത്തരത്തിൽ തട്ടിപ്പിനായി ഉപയോഗിക്കുന്നത്. ഇക്കാര്യത്തില്‍ അടിയന്തര നിയമനടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
Summary: Massive financial scam under the guise of videos uploaded on social media as part of charity crowdfunding
Adjust Story Font
16