ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസറുടെ ആത്മഹത്യ; സൈബർ അധിക്ഷേപത്തിൽ പങ്കില്ലെന്ന് മുൻ സുഹൃത്ത്
പെൺകുട്ടിയുമായുള്ള ബന്ധം നേരത്തെ അവസാനിപ്പിച്ചതെന്നും യുവാവ് മൊഴി നൽകി
തിരുവനന്തപുരം: ഇൻസ്റ്റഗ്രാം ഇൻഫ്‌ളുൻസറുടെ ആത്മഹത്യയിൽ മുൻ ആൺസുഹൃത്തിനെ ചോദ്യം ചെയ്ത് പൂജപ്പുര പൊലീസ്. സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപത്തിൽ തനിക്ക് പങ്കില്ലെന്നാണ് ഇയാളുടെ മൊഴി. പെൺകുട്ടിയുമായുള്ള ബന്ധം നേരത്തെ അവസാനിപ്പിച്ചതെന്നും യുവാവ് മൊഴി നൽകിയിട്ടുണ്ട്.
മൊഴി വിശദമായി പരിശോധിക്കുമെന്നാണ് പൊലീസ് അറിയിക്കുന്നത്. പെൺകുട്ടിയുടെ മൊബൈൽ ഫോൺ സൈബർ വിഭാഗം പരിശോധിച്ചു വരികയാണ്. മരണത്തിൽ പരാതി ലഭിച്ചില്ലെന്നും പൊലീസ് പറയുന്നു.
ഞായറാഴ്ച വൈകിട്ട് ആറരയോട് കൂടിയാണ് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് ഇന്നലെ വൈകുന്നേരം മരിച്ചു. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായിരുന്ന കുട്ടി ഇൻസ്റ്റഗ്രാമിൽ വലിയ രീതിയിൽ സൈബർ ആക്രമണം നേരിട്ടിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്. കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത് ഇതിൽ മനംനൊന്തെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
ആൺസുഹൃത്തുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ പിന്നീട് പോസ്റ്റ് ചെയ്യുന്ന ഓരോ കണ്ടന്റിനും വ്യാപക വിമർശനമാണ് കുട്ടി നേരിട്ടിരുന്നത്. ആത്മഹത്യക്ക് പിന്നിൽ ഇയാളാണോ എന്നറിയാനായിരുന്നു പൊലീസിന്റെ ചോദ്യം ചെയ്യൽ. സംഭവത്തിൽ പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്
Adjust Story Font
16