Quantcast

എസ്എഫ്‌ഐയെ വിമർശിച്ച് സോഷ്യൽ മീഡിയ സ്റ്റാറ്റസ്; കൊല്ലത്ത് എസ്എസ്എഫ് പ്രവർത്തകന് ക്രൂരമര്‍ദനം

എസ്എഫ്‌ഐയുടെ ഉദാരലൈംഗിക, ലിബറൽ നയങ്ങളെ വിമർശിച്ചുള്ള കുറിപ്പ് പങ്കുവച്ചതിനാണ് ആക്രമണം

MediaOne Logo

Web Desk

  • Updated:

    2022-01-28 15:07:42.0

Published:

28 Jan 2022 2:07 PM GMT

എസ്എഫ്‌ഐയെ വിമർശിച്ച് സോഷ്യൽ മീഡിയ സ്റ്റാറ്റസ്; കൊല്ലത്ത് എസ്എസ്എഫ് പ്രവർത്തകന് ക്രൂരമര്‍ദനം
X

കൊല്ലം ചവറ ഗവ. ബിജെഎം കോളേജിൽ എസ്എസ്എഫ് പ്രവർത്തകന് എസ്എഫ്‌ഐ മർദനം. എസ്എഫ്‌ഐക്കെതിരെ സമൂഹമാധ്യമങ്ങളിൽ സ്റ്റാറ്റസ് ഇട്ടതിനാണ് കോളേജിനു പുറത്തുനിന്നെത്തിയ സംഘം മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ നസീമിനെ ക്രൂരമായി മർദിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥി ചവറ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.

ഇന്നലെ ഉച്ചയ്ക്കാണ് കോളേജിനു പുറത്തുനിന്നെത്തിയ രണ്ടുപേർ നസീമിനെ മർദിച്ചത്. രണ്ടുപേർ വന്ന് കോളേജിലെ ഒഴിഞ്ഞ ക്ലാസ്മുറിയുടെ പിന്നിലേക്ക് തന്നെ കൊണ്ടുപോകുകയും മൊബൈലിലെ ഒരു സ്റ്റാറ്റസ് സ്‌ക്രീൻഷോട്ട് കാണിക്കുകയും ചെയ്‌തെന്ന് നസീം മീഡിയവണ്ണിനോട് പറഞ്ഞു. സ്റ്റാറ്റസ് താൻ തന്നെ ഇട്ടതാണോ എന്ന് ചോദിച്ചു. അതെയെന്നു പറഞ്ഞപ്പോൾ രണ്ടുപേരും ചേർന്ന് ശക്തമായി മർദിക്കുകയായിരുന്നു. ഇനിയും എസ്എഫ്‌ഐക്കെതിരെ എഴുതിയാൽ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്നും കോളേജിൽ പഠനം തുടരാനാകില്ലെന്നും ഭീഷണിപ്പെടുത്തിയതായി വിദ്യാർത്ഥി പറഞ്ഞു. വധഭീഷണിയുണ്ടായതായും പരാതിയുണ്ട്.

കാംപസുകളിൽ എസ്എഫ്‌ഐ തുടരുന്ന ഉദാര ലൈംഗിക, ലിബറൽ നയങ്ങൾക്കെതിരെ മതസംഘടനകൾ രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള വിമർശനക്കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിന്റെ പേരിലാണ് ആക്രമണം. സംഭവത്തിൽ വൻ വിമർശനമാണ് ഉയരുന്നത്. ആശയങ്ങൾക്ക് മൂർച്ചയില്ലാതാകുമ്പോൾ ആയുധമെടുക്കുന്നത് രാഷ്ട്രീയമല്ലെന്ന് എസ്എസ്എഫ് കൊല്ലം ജില്ലാ കമ്മിറ്റി വിമർശിച്ചു. ബിജെഎം കോളേജിൽ എസ്എസ്എഫ് പ്രവർത്തകനെതിരായ എസ്എഫ്‌ഐ ആക്രമണം രാഷ്ട്രീയഭീരുത്വമാണെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ നേതാക്കൾ പ്രതികരിച്ചു.

എസ്എഫ്‌ഐക്കെതിരായ വിമർശനങ്ങൾ ഇനി സോഷ്യൽ മീഡിയയിൽ സ്റ്റാറ്റസ് വച്ചാൽ പരീക്ഷ എഴുതാൻ ബാക്കിവച്ചേക്കില്ലെന്ന് ഭീഷണി മുഴക്കിക്കൊണ്ടായിരുന്നു അക്രമം. അക്രമസംഭവം സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും പ്രതികളെ എത്രയും വേഗം പിടികൂടി നിയമനടപടികൾ സ്വീകരിക്കണമെന്നും എസ്എസ്എഫ് കൊല്ലം ജില്ലാ കാംപസ് സിൻഡിക്കേറ്റ് ആവശ്യപ്പെട്ടു.

Summary: SSF activist brutally beaten in Kollam Chavara Govt. BJM College over social media status criticizing SFI

TAGS :

Next Story