മന്ത്രിസ്ഥാനം ഉറപ്പിച്ച് ഗണേഷ് കുമാർ; കേരളാ കോൺഗ്രസ്-എമ്മിന് അതൃപ്തി
ഇടത് മുന്നണിയോട് മുഖംതിരിഞ്ഞുനിൽക്കുന്ന എൻ.എസ്.എസ്സിലേക്കുള്ള ചവിട്ടുപടിയായിട്ടാണ് സി.പി.എം നേതൃത്വം ഗണേഷിനെ കാണുന്നത്
കെ.ബി ഗണേഷ് കുമാര്‍
തിരുവനന്തപുരം: സോളാർ ഗൂഢാലോചനയിൽ ആരോപണവിധേയനാണെങ്കിലും ഗണേഷിന്റെ മന്ത്രിസ്ഥാനത്തെ അത് ബാധിക്കില്ല. സി.പി.എം നേതൃത്വത്തിന്റെ പൂർണ്ണപിന്തുണ ഗണേഷിനുണ്ട്. ഇടത് മുന്നണിയോട് മുഖംതിരിഞ്ഞുനിൽക്കുന്ന എൻ.എസ്.എസ്സിലേക്കുള്ള ചവിട്ടുപടിയായിട്ടാണ് സി.പി.എം നേതൃത്വം ഗണേഷിനെ കാണുന്നത്. അതിനിടെ, ഗണേഷിനെ മന്ത്രിയാക്കുന്നതിൽ അതൃപ്തിയുമായി കേരള കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
മന്ത്രിസഭാ രൂപീകരണസമയത്ത് ആദ്യ ടേമിൽ ഗണേഷിനെ മന്ത്രിയാക്കണമെന്നായിരിന്നു മുഖ്യമന്ത്രിയുടെ ആഗ്രഹം. എന്നാൽ, കുടുംബസ്വത്തുമായി ബന്ധപ്പെട്ട് തർക്കമുണ്ടായതും ഗണേഷിന്റെ സഹോദരി മുഖ്യമന്ത്രിയെ നേരിട്ട് കണ്ടതുമെല്ലാം മന്ത്രിസ്ഥാനത്തേക്കുള്ള വഴിയടച്ചു. അന്നത്തെ പ്രശ്‌നങ്ങൾ അതേപടി നിലനിൽക്കുന്നെങ്കിലും ഇപ്പോൾ സി.പി.എം നേതൃത്വം അതിനെ ഗൗരവത്തിലെടുക്കുന്നില്ല. സോളാറിൽ തട്ടി മന്ത്രിസ്ഥാനം പോകുമോ എന്ന ആശങ്ക ഗണേഷിനൊപ്പം ഉള്ളവർക്കുണ്ടെങ്കിലും സി.പി.എമ്മിന് അതും പ്രശ്‌നമല്ല.
നിലവിൽ എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗമാണ് ഗണേഷ്. പിണറായി ആദ്യമായി അധികാരമേറ്റപ്പോൾ മുതൽ സർക്കാരുമായി സ്വരചേർച്ചയിലല്ല എൻ.എസ്.എസ് നേതൃത്വം. അതിന് ഇപ്പോഴും ഒരു മാറ്റവുമുണ്ടായിട്ടില്ലെന്നു മാത്രമല്ല കുറച്ച് കൂടിയിട്ടുമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുൻപുള്ള ഗണേഷിന്റെ മന്ത്രിസഭാ പ്രവേശനത്തോടെ എൻ.എസ്.എസ് നേതൃത്വം ഒന്ന് അയയുമെന്നാണ് സി.പി.എം കണക്കുകൂട്ടുന്നത്.
അതിനിടെയാണ്, ഗണേഷിന്റെ മന്ത്രിസ്ഥാനത്തിന് പുതിയ വെല്ലുവിളിയുമായി കേരള കോൺഗ്രസിന്റെ വരവ്. സോളാർ പ്രതിയുടെ കത്തിൽ ജോസ് കെ. മാണിയുടെ പേര് എഴുതിച്ചേർത്തത് ഗണേഷ് ആണെന്നാണ് കേരള കോൺഗ്രസ് പറയുന്നത്. അതുകൊണ്ട് ഗണേഷിന്റെ മന്ത്രിസഭാ പ്രവേശനത്തെ എതിർക്കാനാണ് കേരള കോൺഗ്രസ് നീക്കം.
Summary: Even though he is accused in the solar conspiracy, it will not affect KB Ganesh Kumar's cabinet post, reports say.
Adjust Story Font
16