പി.എഫ്.ഐചാപ്പ കുത്തിയെന്ന വ്യാജ പരാതി; സൈനികനും സുഹൃത്തും അറസ്റ്റിൽ
കടയ്ക്കൽ സ്വദേശി ഷൈൻ കുമാർ, സുഹൃത്ത് ജോഷി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കൊല്ലം: പുറത്ത് പി.എഫ്.ഐ എന്ന് ചാപ്പകുത്തിയെന്ന പരാതി വ്യാജമെന്ന് കണ്ടെത്തിയ സംഭവത്തിൽ സൈനികനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. കടയ്ക്കൽ സ്വദേശി ഷൈൻ കുമാർ, സുഹൃത്ത് ജോഷി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കലാപശ്രമം, തെറ്റിദ്ധരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്.
സുഹൃത്തിന് പണം കൊടുക്കാൻ പോകുന്ന സമയത്ത് വഴിയിൽ കുറച്ചുപേരെ കാണുകയും അവർ തന്നെ മർദിക്കുകയും വസ്ത്രം വലിച്ചുകീറി മുതുകത്ത് എന്തോ ചാപ്പ കുത്തുകയും ചെയ്തുവെന്നായിരുന്നു സൈനികന്റെ പരാതി. സുഹൃത്തിനെ വിളിച്ചുവരുത്തിയപ്പോഴാണ് പി.എഫ്.ഐ എന്നാണ് എഴുതിയതെന്ന് മനസിലായതെന്നും പരാതിയിൽ പറഞ്ഞിരുന്നു.
പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ സുഹൃത്ത് ജോഷി നൽകിയ മൊഴിയാണ് സൈനികനെ കുരുക്കിയത്. തന്നോട് ഷൈൻ മുതുകത്ത് പി.എഫ്.ഐ എന്ന എഴുതാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. മുതുകിൽ എഴുതാൻ ഉപയോഗിച്ച പെയിന്റും ബ്രഷും പൊലീസ് കണ്ടെടുത്തു. പ്രശസ്തനാകാൻ വേണ്ടിയാണ് വ്യാജ പരാതി നൽകിയതെന്നും സുഹൃത്ത് പൊലീസിനോട് പറഞ്ഞു.
ചിറയിൻകീഴിൽനിന്നാണ് പെയിന്റും ബ്രഷും വാങ്ങിയതെന്നും തന്നെക്കൊണ്ട് ടീഷർട്ട് ബ്ലേഡ് ഉപയോഗിച്ച് കീറിച്ചെന്നും ജോഷി പൊലീസിനോട് പറഞ്ഞു. മർദിക്കാൻ ഷൈൻ ആവശ്യപ്പെട്ടെങ്കിലും അത് ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16