താത്ക്കാലിക കാര്യലാഭത്തിന് പിണറായി വിജയൻ നാടിനെ സംഘ്പരിവാറിന് ഒറ്റുകൊടുക്കുന്നു; സോളിഡാരിറ്റി
'അൻവറിന്റെ ആരോപണത്തെ ചെറുക്കാൻ അദ്ദേഹം പ്രതിനിധീകരിക്കുന്ന ദേശത്തെയും സമുദായത്തേയും പൈശാചികവത്കരിക്കുന്ന പണിയാണ് ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രി ചെയ്യുന്നത്'.
കോഴിക്കോട്: മലപ്പുറം ജില്ലയ്ക്കെതിരായ പ്രസ്താവനയിലൂടെ ഇസ്‌ലാമോഫോബിക്കായ സംഘ്പരിവാർ പ്രചരണങ്ങളുടെ മെഗാഫോണായി മുഖ്യമന്ത്രി അധഃപതിക്കുകയാണെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്. താത്ക്കാലിക കാര്യലാഭത്തിനു വേണ്ടി പിണറായി വിജയൻ നാടിനെ സംഘ്പരിവാറിന് ഒറ്റുകൊടുക്കുന്നുവെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് പറഞ്ഞു.
ഇടതുപക്ഷ സർക്കാരിനെതിരെ പലഘട്ടങ്ങളിലും ഉയർന്നുവന്ന ഗുരുതര ആരോപണമാണ് സംഘ്പരിവാറുമായുള്ള ബന്ധങ്ങളും ഡീലുകളും. അതിനെ ശരിവയ്ക്കുന്ന നിരവധി തെളിവുകൾ പൊതുസമൂഹത്തിന് മുമ്പാകെ ഒരു ഭരണപക്ഷ എംഎൽഎ തുറന്നുവച്ചിട്ടും തങ്ങളുടെ സംഘ്പരിവാർ ബന്ധത്തെ പേരിനെങ്കിലും തള്ളിക്കളയുന്ന ഒരു വർത്തമാനം പോലും പറയുന്നില്ലെന്ന് മാത്രമല്ല, യാതൊരു കൂസലുമില്ലാതെ സംഘ്പരിവാർ ആഖ്യാനങ്ങളെ ഉറപ്പിക്കുന്ന പ്രതികരണങ്ങളാണ് പിണറായി വിജയൻ നടത്തിക്കൊണ്ടിരിക്കുന്നത്.
അൻവറിന്റെ ആരോപണത്തെ ചെറുക്കാൻ അദ്ദേഹം പ്രതിനിധീകരിക്കുന്ന ദേശത്തെയും സമുദായത്തേയും പൈശാചികവത്കരിക്കുന്ന പണിയാണ് ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രി ചെയ്യുന്നത്. കേരളത്തിൽ ഇസ്‌ലാമിക തീവ്രവാദം വർക്ക് ചെയ്യുന്നുണ്ടെന്നും മലപ്പുറം രാജ്യദ്രോഹ പ്രവർത്തനങ്ങളുടെ കേന്ദ്രമാണെന്നുമുള്ള തികച്ചും ഇസ്‌ലാമോഫോബിക്കായ സംഘ്പരിവാർ പ്രചരണങ്ങളുടെ മെഗാഫോണായി മുഖ്യമന്ത്രി അധഃപതിക്കുന്ന കാഴ്ച തികച്ചും ഖേദകരമാണ്.
മുമ്പ് വി.എസ് മലപ്പുറത്തെകുറിച്ചും മുസ്‌ലിംകളെ കുറിച്ചും വിദ്വേഷം വമിപ്പിച്ചത് ആരും മറന്നുകാണില്ല. താൽക്കാലിക കാര്യലാഭങ്ങൾക്കായി പിണറായി വിജയനും പാർട്ടിയും മുസ്‌ലിം വിരുദ്ധത ഛർദിക്കുക മാത്രമല്ല, സംഘ്പരിവാറിന് വേണ്ടി ഈ നാടിനെ ഒറ്റുകൊടുക്കുക കൂടിയാണ് ചെയ്യുന്നത്. ശക്തമായ പ്രതിഷേധങ്ങൾ ഉയരേണ്ട അനിവാര്യ സന്ദർഭമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16