Quantcast

'മതവിശ്വാസത്തെ അപരവിദ്വേഷത്തിന്റെ ഹേതുവാക്കാൻ ചില ക്ഷുദ്ര വർഗീയശക്തികൾ ശ്രമിക്കുന്നു': പിണറായി വിജയൻ

''ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ സംഘ്പരിവാർ നടത്തിയ ചില ആക്രമണങ്ങൾ ആ യാഥാർത്ഥ്യത്തിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്''

MediaOne Logo

Web Desk

  • Updated:

    2024-12-24 08:37:09.0

Published:

24 Dec 2024 7:02 AM GMT

Pinarayi Vijayan
X

തിരുവനന്തപുരം: മതവിശ്വാസത്തെ അപരവിദ്വേഷത്തിൻ്റെ ഹേതുവായി മാറ്റാന്‍ ചില ക്ഷുദ്ര വർഗീയശക്തികൾ കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ സംഘപരിവാർ നടത്തിയ ചില ആക്രമണങ്ങൾ ആ യാഥാർത്ഥ്യത്തിലേയ്ക്കാണ് വിരൽ ചൂണ്ടുന്നതെന്നും കേരളത്തിനും മലയാളികൾക്കും അപമാനമായി മാറുന്ന ഈ സംസ്കാരശൂന്യർക്കെതിരെ ഒരുമിച്ച് നിൽക്കാൻ നമുക്ക് സാധിക്കണമെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മതങ്ങൾ മനുഷ്യരെ വേർതിരിക്കുന്ന മതിലുകളല്ല; മറിച്ച് ഒരു ചരടിൽ മുത്തുകളെന്ന വണ്ണം മനുഷ്യരെ കോർത്തിണക്കേണ്ട മാനവികതയുടെയും സ്നേഹത്തിൻ്റേയും സന്ദേശവാഹകരാകണം. കേരളം ഇക്കാര്യത്തിൽ ലോകത്തിനു മുന്നിൽ എക്കാലവും ഒരു മാതൃകയാണ്.

എല്ലാ ആഘോഷങ്ങളും സ്നേഹത്തിൻ്റെ മധുരം പങ്കു വയ്ക്കാനുള്ള അവസരമായാണ് നമ്മൾ കാണാറുള്ളത്. ഒരു മതവിഭാഗത്തിൻ്റെ ആഘോഷങ്ങളിൽ മറ്റുള്ളവരും ഒത്തു ചേരും. ഇതു കേരളത്തിൻ്റെ പാരമ്പര്യമാണ്. മറ്റുള്ളവരുടെ വിശ്വാസങ്ങളെ അംഗീകരിക്കാനും മനസ്സിലാക്കാനും അവരുടെ സന്തോഷങ്ങൾ തൻ്റെ സന്തോഷങ്ങളായി കാണാനുമുള്ള വിശാലത മലയാളിയുടെ പ്രത്യേകതയാണ്. മതങ്ങളെ മനുഷ്യത്വത്തിൻ്റേയും സാഹോദര്യത്തിൻ്റേയും മനോഹരാവിഷ്കാരങ്ങളായി നിലനിർത്തുന്ന ഉദാത്തമായ വിശ്വമാനവികതയാണ് നമ്മുടെ കരുത്ത്.

അതിനെ ദുർബലപ്പെടുത്താനും മതവിശ്വാസത്തെ അപരവിദ്വേഷത്തിൻ്റെ ഹേതുവായി മാറ്റാനും ചില ക്ഷുദ്ര വർഗീയശക്തികൾ ഇന്നു കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ സംഘപരിവാർ നടത്തിയ ചില ആക്രമണങ്ങൾ ആ യാഥാർത്ഥ്യത്തിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. കേരളത്തിനും മലയാളികൾക്കും അപമാനമായി മാറുന്ന ഈ സംസ്കാരശൂന്യർക്കെതിരെ ഒരുമിച്ച് നിൽക്കാൻ നമുക്ക് സാധിക്കണം.

അവരെ ചെറുക്കാനും ഈ നാടിൻ്റെ യഥാർത്ഥ സത്തയെ സംരക്ഷിക്കാനും നമുക്ക് ഉത്തരവാദിത്തമുണ്ട്. അതുകൊണ്ട്, യേശു ക്രിസ്തുവിൻ്റെ ജന്മദിനം മാനവികതയുടേയും സ്നേഹത്തിൻ്റേയും സന്ദേശങ്ങളാൽ മുഖരിതമാകട്ടെ. വിശ്വാസം കേവലമായ ചര്യയല്ലെന്നും മറിച്ച് മനുഷ്യസ്നേഹത്തിൻ്റെ സാക്ഷാത്ക്കാരമാണെന്നും ലോകത്തിനു കാണിച്ചു കൊടുത്ത ജീവിതമായിരുന്നു യേശുവിൻ്റേത്.

ത്യാഗത്തിൻ്റെയും രക്ത്സാക്ഷിത്വത്തിൻ്റേയ്യും അനശ്വര പ്രതീകമാണ് ക്രിസ്തു. അശരണരേയും ആലംബഹീനരേയും ചേർത്തു നിർത്തിയ യേശു അനീതികൾക്കെതിരെ വിമോചനത്തിൻ്റെ ശബ്ദമുയർത്തുകയാണ് ചെയ്തത്.

യേശുവിൻ്റെ ത്യാഗം എല്ലാ മനുഷ്യർക്കും ലോകത്തിൻ്റെ നന്മയ്ക്കും വേണ്ടിയായിരുന്നു. അതുകൊണ്ടു തന്നെ മതവിശ്വാസങ്ങളെ മറ്റുള്ളവരെ വെറുക്കാനും അകറ്റാനുമുള്ള സങ്കുചിത ചിന്താഗതികളാക്കി പരിവർത്തനം ചെയ്യുന്ന വർഗീയ ശക്തികളെ കേരളത്തിൻ്റെ പടിയ്ക്കു പുറത്തു നിർത്താം. എല്ലാവർക്കും ഒത്തൊരുമിച്ച് ആഹ്ളാദത്തോടെ ക്രിസ്മസ് ആഘോഷിക്കാം. ഏവർക്കും ഹൃദയപൂർവ്വം ക്രിസ്മസ് ആശംസകൾ നേരുന്നു.

TAGS :

Next Story