'വ്യാജ ഒപ്പിട്ടാണ് രാജേന്ദ്രൻ്റെ പേരിൽ ചിലർ വായ്പാ തട്ടിയത്'; ഗുരുതര ആരോപണങ്ങളുമായി മുൻ ഡയറക്ടർ ബോർഡ് അംഗം
പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് ലോൺ തട്ടിപ്പു കേസിലെ പരാതിക്കാരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്
വയനാട്: പുൽപ്പള്ളിയിലെ ബാങ്ക് വായ്പാ തട്ടിപ്പു കേസിലെ ഇര മരിച്ച ചെയ്ത സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി മുൻ ഡയറക്ടർ ബോർഡ് അംഗം ടി എസ് കുര്യൻ. തൻ്റെ വ്യാജ ഒപ്പിട്ടാണ് രാജേന്ദ്രൻ്റെ പേരിൽ ചിലർ വായ്പാ തട്ടിയത്. ബാങ്ക് മുൻ പ്രസിഡൻ്റും സെക്രട്ടറിയും അറിയാതെ തട്ടിപ്പ് നടക്കില്ലെന്നും ടി.എസ് കുര്യൻ മീഡിയവണിനോട് പറഞ്ഞു.
കെ പി സി സി ജനറൽ സെക്രട്ടറി കെ കെ എബ്രഹാം പ്രതിയായ പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് ലോൺ തട്ടിപ്പു കേസിലെ പരാതിക്കാരനാണ് മരിച്ചത്. കർഷകനെ വഞ്ചിച്ചും കള്ള ഒപ്പിട്ടും വൻ തുകയുടെ ലോൺ വാങ്ങിയെടുത്തത് അന്നത്തെ ബാങ്ക് പ്രസിഡൻ്റും സെക്രട്ടറിയുമാണെന്നാണ് മുൻ ഡയറക്ടർ ബോർഡ് അംഗങ്ങളുടെ ആരോപണം.
18 വർഷമായി കർഷക കോൺഗ്രസിൻറെ വയനാട് ജില്ലാ വൈസ് പ്രസിഡൻ്റു കൂടിയായ തനിക്ക് പാർട്ടിയിൽനിന്ന് ഈ വിഷയത്തിൽ നീതി ലഭിച്ചില്ല എന്നും കുര്യൻ പറയുന്നു. 2016ൽ പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ നിന്ന് വായ്പ്പയെടുത്ത 38 പേർ തട്ടിപ്പിനിരയായതായും അന്നത്തെ ഭരണ സമിതി അംഗങ്ങൾ തട്ടിപ്പു നടത്തിയതായും സഹകരണ വകുപ്പിൻ്റെ പരിശോധനയിൽ കണ്ടെത്തലുണ്ടായിരുന്നു. ഇവരിൽ നിന്ന് പണം ഈടാക്കാൻ ഉത്തരവുമുണ്ടായി. എന്നാൽ, എട്ട് കോടിയുടെ വായ്പാ തട്ടിപ്പിൽ വർഷങ്ങളായിട്ടും കൃത്യമായ നടപടികൾ ഉണ്ടാകാത്തതാണ് രാജേന്ദ്രനെ മരണത്തിലേക്ക് തള്ളിവിട്ടതെന്നാണ് നാട്ടുകാരുടെ ആരോപണം. ഇന്ന് പോസ്റ്റ്മോർട്ടം പൂർത്തിയാക്കി തിരികെ ലഭിക്കുന്ന മൃതദേഹവുമായി ബാങ്ക് ഉപരോധിക്കാനും കെ കെ എബ്രഹാമിൻ്റെ വീട്ടിലേക്ക് മാർച്ച് നടത്താനുമാണ് സമരസമിതിയുടെയും ബന്ധുക്കളുടെയും തീരുമാനം.
Adjust Story Font
16