'തളരില്ല, തളർത്താൻ പറ്റുകയുമില്ല'; സൈബർ ആക്രമണത്തെ നിയമപരമായി നേരിടുമെന്ന് സൂരജ് സന്തോഷ്
രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഗായിക കെ.എസ് ചിത്ര നടത്തിയ വിവാദ പ്രസ്താവനയെ വിമർശിച്ചതിന് പിന്നാലെയാണ് സൂരജ് സന്തോഷിന് നേരെ സൈബർ ആക്രമണം ആരംഭിച്ചത്.
കോഴിക്കോട്: സൈബർ ആക്രമണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഗായകൻ സൂരജ് സന്തോഷ്. കഴിഞ്ഞ രണ്ട് ദിവസമായി നിരന്തര സൈബർ ആക്രമണമാണ് ഉണ്ടാകുന്നത്. മുമ്പും ഇതുപോലെ ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോൾ എല്ലാ പരിധിയും വിട്ടിരിക്കുകയാണ്. എന്നാൽ തളരില്ല, തളർത്താൻ പറ്റുകയുമില്ല-സൂരജ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
''കഴിഞ്ഞ രണ്ട് ദിവസമായി നിരന്തര സൈബർ ആക്രമണമാണുണ്ടാകുന്നത്. മുമ്പും ഇതുപോലെ ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോൾ വളരെ മോശമായ രീതിയിൽ എല്ലാ പരിധിയും വിട്ടിരിക്കുകയാണ്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. അതേസമയം, ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരുടെ ശക്തമായ പിന്തുണ ലഭിക്കുന്നത് ഏറെ ആശ്വാസകരമാണ്. നീതിക്ക് വേണ്ടി നിലകൊള്ളുന്ന ഓരോരുത്തരോടും ഹൃദയത്തിൽനിന്ന് നന്ദി പറയുന്നു. തളരില്ല, തളർത്താൻ പറ്റുകയുമില്ല''-സൂരജ് പറഞ്ഞു.
രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഗായിക കെ.എസ് ചിത്ര നടത്തിയ വിവാദ പ്രസ്താവനയെ വിമർശിച്ചതിന് പിന്നാലെയാണ് സൂരജ് സന്തോഷിന് നേരെ സൈബർ ആക്രമണം ആരംഭിച്ചത്. ബി.ജെ.പി നേതാവ് സന്ദീപ് വാര്യരും കഴിഞ്ഞ ദിവസം സൂരജിനെതിരെ അധിക്ഷേപകരമായ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.
രാമക്ഷേത്ര പ്രതിഷ്ഠാദിനം നാമം ജപിച്ചും വിളക്ക് കൊളുത്തിയും ആചരിക്കണമെന്ന കെ.എസ് ചിത്രയുടെ ആഹ്വാനത്തെ സൂരജ് വിമർശിച്ചിരുന്നു. പള്ളി പൊളിച്ചാണ് ക്ഷേത്രം പണിതതെന്ന വസ്തുത മറക്കുന്നുവെന്നും എത്രയെത്ര ചിത്രമാർ തനിസ്വരൂപം കാട്ടാനിരിക്കുന്നു എന്നുമായിരുന്നു സൂരജിന്റെ പ്രസ്താവന. ഇതിന് പിന്നാലെയാണ് സൈബർ ആക്രമണം തുടങ്ങിയത്.
താൻ പി.എഫ്.ഐ ചാരനാണെന്നും ജനം ടി.വിയിൽ നിന്ന് അഡ്വാൻസ് വാങ്ങി പരിപാടി കാൻസൽ ചെയ്‌തെന്നും വ്യാജ വാർത്തകൾ വരുന്നുണ്ട്. എന്നാൽ താൻ ജനം ടി.വിയുടെ പരിപാടിയിൽ പങ്കെടുത്തിട്ടില്ല. ഇനിയൊട്ട് പങ്കെടുക്കുകയുമില്ല. കെ.എസ് ചിത്ര എന്ന ഗായികയേയോ അവരുടെ സംഗീതത്തേയോ അല്ല താൻ വിമർശിച്ചതെന്നും സൂരജ് സന്തോഷ് പറഞ്ഞു.
Adjust Story Font
16