Quantcast

നിയമസഭാ സംഘർഷം; കക്ഷി നേതാക്കളുടെ യോഗം വിളിച്ച് സ്പീക്കർ

നിയമസഭാ സെക്രട്ടറിയും സ്പീക്കറും കൂടിയാലോചന നടത്തിയാണ് ഇത്തരമൊരു യോഗം വിളിക്കാൻ തീരുമാനിച്ചത്.

MediaOne Logo

Web Desk

  • Updated:

    15 March 2023 3:18 PM

Published:

15 March 2023 1:42 PM

Speaker called a meeting of party leaders, Legislative assembly conflict
X

തിരുവനന്തപുരം: നിയമസഭയിലെ സംഘർഷത്തിൽ സ്പീക്കർ കക്ഷിനേതാക്കളുടെ യോഗം വിളിച്ചു. നാളെ രാവിലെ എട്ടുമണിക്കാണ് യോഗം ചേരുക. സമാനതകളില്ലാത്ത പ്രതിഷേധം യു.ഡി.എഫിന്റെ ഭാഗത്തുനിന്നും ഉണ്ടാവുകയും സംഘർഷത്തിലേക്ക് വഴിവയ്ക്കുകയും എം.എൽ.എമാർക്കും വാച്ച് ആൻഡ് വാർഡുമാർക്കും പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് യോഗം.

നിയമസഭാ സെക്രട്ടറിയും സ്പീക്കറും കൂടിയാലോചന നടത്തിയാണ് ഇത്തരമൊരു യോഗം വിളിക്കാൻ തീരുമാനിച്ചത്. പ്രതിപക്ഷം യോഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചന. തങ്ങളുടെ നിലപാട് യോഗത്തിൽ യു.ഡി.എഫ് ഉന്നയിക്കും. തുടർന്ന് സഭ ചേരുമ്പോൾ എന്ത് നിലപാട് സ്വീകരിക്കണം എന്ന കാര്യം പാർലമെന്ററി പാർട്ടി യോഗത്തിലാവും തീരുമാനിക്കുക.

അസാധാരണ പ്രതിഷേധമാണ് ഇന്ന് നിയമസഭയിൽ നടന്നത്. അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാൻ പോലും അനുമതി നൽകുന്നില്ലെന്ന പരാതിയുമായാണ് പ്രതിപക്ഷം സ്പീക്കറുടെ ഓഫീസ് ഉപരോധിച്ചത്. പ്രതിപക്ഷ എം.എൽ.എമാരും വാച്ച് ആന്‍റ് വാർഡുമാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തന്നെ കൈയേറ്റം ചെയ്തെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ.കെ രമയും ആരോപിച്ചു.

അതേസമയം, തങ്ങൾക്കും മർദനമേറ്റതായി വാച്ച് ആൻഡ് വാർഡുമാരും ആരോപിച്ചു. സ്പീക്കർ നീതി പാലിക്കണമെന്ന ബാനറുമായാണ് പ്രതിപക്ഷം എത്തിയത്. സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. സ്ത്രീകൾക്ക് നേരെ അതിക്രമം വർധിക്കുന്നുവെന്ന വിഷയത്തിലാണ് പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. ഉമാ തോമസാണ് നോട്ടീസ് നല്‍കിയത്.

TAGS :

Next Story