'മരിച്ചവരുടെ ഖബറിടത്തിന്റെ നനവുപോലും ഉണങ്ങിയിട്ടില്ല, അതിന് മുന്നേ ചർച്ച ചെയ്യാൻ ഞാൻ തയ്യാറല്ല'- എ.എൻ ഷംസീർ
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
താനൂർ: കേരളത്തെ നടുക്കിയ ദുരന്തമാണ് താനൂരിലുണ്ടായതെന്ന് സ്പീക്കർ എ.എൻ ഷംസീർ. അപകടത്തിൽ ജാഗ്രതാക്കുറവ് പറ്റിയെന്ന പരാതികളോട് എങ്ങനെ പ്രതികരിക്കുന്നു എന്ന ചോദ്യത്തിന് മരിച്ചവരുടെ ഖബറിടത്തിന്റെ നനവുപോലും ഉണങ്ങിയിട്ടില്ല, അതിന് മുന്നേ ചർച്ച ചെയ്യാൻ താൻ തയ്യാറല്ലെന്നും സർക്കാർ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം താനൂർ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ 22 പേരുടെ സംസ്‌കാരം പൂർത്തിയായി. മുഖ്യമന്ത്രിയും മന്ത്രിമാരുൾപ്പെടെയുള്ളവർ മരിച്ചവർക്ക് അന്തിമോപചാരമർപ്പിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ താനൂരിൽ പ്രത്യേക മന്ത്രിസഭാ യോഗം ചേർന്നു. ഒപ്പം എംഎല്‍എമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും യോഗം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്നു.
മനുഷ്യനിര്‍മിത ദുരന്തം എന്നാക്ഷേപം അന്വേഷിക്കാൻ ജുഡീഷ്യൽ അന്വേഷണം മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘവും സമാന്തര അന്വേഷണം നടത്തും. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതവും നൽകാൻ യോഗത്തിൽ തീരുമാനിച്ചു. പരിക്കേറ്റവരുടെ ചികിത്സാചെലവ് സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. രണ്ടു ലക്ഷം രൂപ കേന്ദ്ര സർക്കാറും കുടുംബങ്ങൾക്ക് നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ടപകടമുണ്ടായത്. ബോട്ടിന് രജിസ്‌ട്രേഷൻ ഉണ്ടായിരുന്നില്ല. മത്സ്യബന്ധനത്തിന് ഉപയോഗിച്ച ബോട്ട് രൂപമാറ്റം വരുത്തിയാണ് യാത്ര നടത്തിയിരുന്നത്. അനുവദനീയമായ എണ്ണത്തിന്റെ ഇരട്ടി ആളുകളെ കയറ്റിയ ബോട്ട് സൂര്യാസ്തമനത്തിന് ശേഷവും സർവീസ് നടത്തി. ബോട്ട് സർവീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് നാട്ടുകാരും ഉയർത്തുന്നത്. സുരക്ഷാ മുൻകരുതലുകളില്ലാതെയാണ് സർവീസ് നടത്തിയതെന്ന് അവർ ആരോപിക്കുന്നു. പലതവണ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അധികൃതർ അവഗണിച്ചുവെന്നും നാട്ടുകാർ പറയുന്നു
Adjust Story Font
16