സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട പ്രമേയത്തിന് അടിയന്തര സ്വഭാവമില്ലെന്ന് സ്പീക്കർ; മൂന്നാം ദിനവും പ്രതിപക്ഷം നടുത്തളത്തിൽ
പ്രതിഷേധത്തിനിടെ നട്ടെല്ല് വാഴപ്പിണ്ടി കൊണ്ട് ഉണ്ടാക്കിയ പ്രതിപക്ഷം പറയുന്നത് സ്പീക്കർ കേൾക്കരുതെന്ന് മന്ത്രി റിയാസ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് അടിയന്തര പ്രാധാന്യമില്ലെന്ന് സ്പീക്കർ. സ്ത്രീകൾക്ക് നേരെ അതിക്രമം വർധിക്കുന്നെന്നും, സ്ത്രീ സുരക്ഷയിൽ സംസ്ഥാന സർക്കാർ പരാജയം എന്ന് കാണിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. ഉമാ തോമസാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് അനുമതി നൽകാതിരിക്കുന്നത്. ഇന്നലെ ബ്രഹ്മപുരം വിഷയത്തിലായിരുന്നു അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത്.
തുടർച്ചയായ മൂന്നാം ദിവസവമാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുന്നത്. സ്പീക്കർ നീതി പാലിക്കണമെന്ന ബാനറുമായാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. 'സ്ത്രീ സുരക്ഷയെ കുറിച്ചുള്ള വിഷയം പോലും ഈ സഭയിൽ ഉന്നയിക്കാൻ കഴിയില്ല, ഭരണ സിരാകേന്ദ്രത്തിന്റെ താഴെ സ്ത്രീകൾ ആക്രമിക്കപ്പെടുന്നു. ഇത് ചർച്ച ചെയ്തില്ലെങ്കിൽ എന്തിനാണ് സഭ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പ്രതിപക്ഷം ഉയർത്തിയ ബാനർ മാറ്റണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു. പ്രതിഷേധത്തിനിടെ നട്ടെല്ല് വാഴപ്പിണ്ടി കൊണ്ട് ഉണ്ടാക്കിയ പ്രതിപക്ഷം പറയുന്നത് സ്പീക്കർ കേൾക്കരുതെന്ന് മന്ത്രി റിയാസ് പറഞ്ഞു.
അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി പോയി. അടിയന്തര പ്രമേയ നോട്ടീസ് പോലും അവതരിപ്പിക്കാൻ അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സ്പീക്കറുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. സ്പീക്കർ നീതിപാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ച്.
Adjust Story Font
16